കൊടും ചൂട്: തൊഴിലാളികൾക്ക് ആശ്വാസമേകുന്ന പദ്ധതിക്ക് തുടക്കമിട്ട് ദുബായ്
Mail This Article
ദുബായ് ∙ വേനൽ കടുത്തതോടെ, തൊഴിലാളികൾക്ക് ആശ്വാസമേകുന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് ദുബായ്. 10 ലക്ഷം തൊഴിലാളികൾക്ക് സൗജന്യമായി ശുദ്ധജലം, ജ്യൂസ്, ഐസ്ക്രീം എന്നിവ നൽകുന്ന ‘അൽ ഫ്രീജ് ഫ്രിജ്’ പദ്ധതിക്കാണ് ദുബായ് തുടക്കംകുറിച്ചത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് (എംബിആർജിഐ), ഫെർജാൻ ദുബായ്, യുഎഇ ഫുഡ് ബാങ്ക്, സുഖിയ യുഎഇ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ചൂടിനെ അതിജീവിക്കാൻ തൊഴിലാളികളെ സഹായിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പദ്ധതി ഓഗസ്റ്റ് 23 വരെ തുടരും. ശുദ്ധജലവും ജ്യൂസും ഐസ്ക്രീമും തൊഴിലാളികളുടെ ജോലി സ്ഥലങ്ങളിൽ എത്തിച്ചാണ് വിതരണം ചെയ്യുക. നിർജലീകരണവും അതുവഴിയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കാനും പദ്ധതി സഹായിക്കും. ദുബായിലെ ശുചീകരണ തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, ഡെലിവറി ഡ്രൈവർമാർ, റോഡ് അറ്റകുറ്റപ്പണി നടത്തുന്നവർ എന്നിങ്ങനെ 10 ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് എംബിആർജിഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുൽകരീം സുൽത്താൻ അൽ ഒലാമ പറഞ്ഞു.
‘വേനൽക്കാലത്ത് പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഏറെ ആശ്വാസം പകരുന്ന പദ്ധതിയാണിത്. ദുബായ് മുന്നോട്ടുവയ്ക്കുന്ന മാനുഷിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പൊതുജനത്തിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും സഹായിക്കാൻ സാധിക്കുന്നുമുണ്ട്’– അദ്ദേഹം പറഞ്ഞു.
കാരുണ്യ പദ്ധതികൾ യുഎഇ സംസ്കാരത്തിന്റെ പ്രതിഫലനമാണെന്ന് ഫെർജാൻ ദുബായ് ഡയറക്ടർ ആലിയ അൽ ഷംലാൻ പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും രാജ്യത്തിന്റെ വികസനത്തിൽ ഭാഗമാകുന്ന തൊഴിലാളികളുടെ ക്ഷേമം തുടർന്നും ഉറപ്പുവരുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.