‘കല്യാണം കഴിച്ച് സന്തോഷകരമായ ജീവിതം നയിക്കണം, ബിസിനസ് പങ്കാളിയാക്കി ഒരു കച്ചവടം ഒക്കെ ശരിയാക്കാം’
Mail This Article
ജിദ്ദ∙ "കല്യാണം കഴിച്ച് സന്തോഷകരമായ ജീവിതം നയിക്കണം, ബിസിനസ് പങ്കാളിയാക്കി ഒരു കച്ചവടം ഒക്കെ ശരിയാക്കാം "– സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് ബോബി ചെമ്മണ്ണൂരിന്‍റെ ഓഫർ. സൗദി ജയിലിൽ നിന്ന് മോചനത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അബ്ദുൽ റഹീം, തന്നെ മോചിപ്പിക്കാൻ സഹായിച്ചതിന് നന്ദി പറയാൻ ജയിലിൽ നിന്ന് ബോബി ചെമ്മണ്ണൂരിനെ വിളിച്ചത്. കേരളത്തിലുടനീളം സഞ്ചരിച്ച് റഹീമിന്‍റെ മോചനത്തിനായി പണം സ്വരൂപിക്കാൻ ശ്രമിച്ച ബോബിക്ക് റഹീം നന്ദി അറിയിച്ചു.
‘‘എന്നോടൊന്നും നന്ദി പറയേണ്ടതില്ല. നമ്മൾ ഒരു ജീവൻ രക്ഷിക്കുക മാത്രമാണ് ചെയ്തത്. എല്ലാത്തിനും ദൈവത്തിന് നന്ദി. നാട്ടിൽ വന്ന ശേഷം ഒരു കല്യാണം കഴിക്കണം. സന്തോഷകരമായ ജീവിതം നയിക്കണം. ഇനി ഓട്ടോ ഓടിച്ച് ജീവിക്കേണ്ടതില്ല. ഞാൻ ഒരു ബിസിനസ്സ് പങ്കാളിയായി കച്ചവടം ഒക്കെ ശരിയാക്കം’’– ബോബി ചെമ്മണ്ണൂർ അറിയിച്ചു.
പതിനെട്ട് വർഷത്തിനിടെ ആദ്യമായാണ് റഹീം വീട്ടുകാർക്ക് പുറമെ മറ്റൊരാളുമായി സംസാരിക്കുന്നത്. വധശിക്ഷ റദ്ദാക്കിയെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ റഹീമിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകൂ. അന്തിമ വിധി വരാനുള്ള കാത്തിരിപ്പിൽ റഹീം ഏറെ ആകാംക്ഷയിലായിരുന്നു. വിധി വന്ന ശേഷം സന്തോഷം കൊണ്ട് ഉറങ്ങാൻ സാധിച്ചില്ലെന്ന് റഹീം പറഞ്ഞു. തന്നെക്കുറിച്ച് അറിയാവുന്ന എല്ലാവരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നതായി റഹീം വെളിപ്പെടുത്തി.