ADVERTISEMENT

ദുബായ് ∙ ദുബായിലെ റോഡുകൾക്കും തെരുവുകൾക്കും പൊതുജനങ്ങൾക്ക് പേരുകൾ നിർദ്ദേശിക്കാം. പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി "സ്ട്രീറ്റ് ഡെസിഗ്നേഷൻ പ്രൊപ്പോസൽ" എന്ന പേരിൽ ദുബായ് റോഡ് നാമകരണ സമിതി ഒരു പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു.

പൈതൃകം സംരക്ഷിക്കുക, നാഗരികത പ്രോത്സാഹിപ്പിക്കുക, എമിറേറ്റിന്‍റെ ഭാവി വികസനവുമായി ബന്ധപ്പെട്ട് അപ്‌ഡേറ്റ് ചെയ്യുക, രാജ്യത്തിന്‍റെ ഉയർന്ന മൂല്യമുള്ള നേട്ടങ്ങൾ ഉയർത്തിക്കാട്ടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്ലാറ്റ്​ഫോം രൂപകൽപന ചെയ്തിരിക്കുന്നത്. നഗരത്തിലെങ്ങുമുള്ള തെരുവുകൾക്കും റോഡുകൾക്കും പേരുകൾ നിർദ്ദേശിക്കാൻ പൊതുജനങ്ങളെ അനുവദിക്കുന്ന ഒരു ഡിജിറ്റൽ സംവിധാനമാണിത്.

ദുബായുടെ ആഗോള പ്രശസ്തിക്ക് ഒപ്പം ചരിത്ര കേന്ദ്രങ്ങളും പൈതൃകവും നഗര സ്മാരകങ്ങളും പുനരുജ്ജീവിപ്പിക്കുക എന്നതാണ് പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്. അറബിക്, ഇസ്‌ലാമിക് ഡിസൈൻ, കല, സംസ്‌കാരം, അറബിക് കവിതാ രചന, പ്രകൃതി പ്രതിഭാസങ്ങൾ, പ്രാദേശിക സസ്യങ്ങൾ, മരങ്ങൾ, പൂക്കൾ, കടൽ, കാട്ടുചെടികൾ, പക്ഷികൾ, പരിസ്ഥിതി സുസ്ഥിരത എന്നിവയുൾപ്പെടെയുള്ള പ്രത്യേക വർഗീകരണങ്ങളെ അടിസ്ഥാനമാക്കി പേരുകൾ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കും.

https://roadsnaming.ae എന്ന ലിങ്ക് വഴി പൊതുജനങ്ങൾക്ക് പേര് നിർദ്ദേശിക്കാൻ കഴിയും. പ്രാദേശിക മരങ്ങൾ, ചെടികൾ, പൂക്കൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അൽ-ഖവാനീജ് 2 ഏരിയയിലെ റോഡുകൾക്ക് പേരിടുന്നതിനുള്ള പരീക്ഷണ ഘട്ടം കമ്മിറ്റി വിജയകരമായി പൂർത്തിയാക്കി. ഗാഫ് സ്ട്രീറ്റ്, സിദ്ർ, റീഹാൻ, ഫാഗി, സമീർ, ഷെരീഷ് എന്നിവയാണ് പരീക്ഷണ ഘട്ടത്തിൽ പേരിട്ട റോഡുകളിൽ ചിലത്.

English Summary:

Public Can Now Suggest Names for Dubai's Roads and Streets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com