കുവൈത്ത് തീപിടിത്തം: അടിയന്തര ധനസഹായം വിതരണം ചെയ്ത് എൻബിടിസി
Mail This Article
കുവൈത്ത് സിറ്റി ∙ മംഗഫിൽ തൊഴിലാളി താമസ കേന്ദ്രത്തിലെ അഗ്നിബാധയിൽ പരുക്കേറ്റവർക്ക് അടിയന്തര സഹായമായി 1000 ദിനാർ (2.72 ലക്ഷം രൂപ) വീതം വിതരണം ചെയ്തതായി എൻബിടിസി കമ്പനി അറിയിച്ചു. ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ഈജിപ്ത്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 61 ജീവനക്കാർക്കാണ് ധനസഹായം വിതരണം ചെയ്തത്. ഇതിൽ 54 ജീവനക്കാർ ഇന്ത്യക്കാരാണ്.
കൂടാതെ പരുക്കേറ്റവരുടെ മക്കൾക്കായി സ്കോളർഷിപ് പദ്ധതിയും പ്രഖ്യാപിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ 10 കുടുംബാംഗങ്ങളെ കമ്പനി കുവൈത്തിൽ എത്തിച്ചിരുന്നു. ഇന്ത്യ, ഫിലിപ്പീൻസ് രാജ്യക്കാായ 2 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളതെന്നും വൈകാതെ ഇരുവരും ആശുപത്രി വിടുമെന്നും അറിയിച്ചു. ഡിസ്ചാർജ് ചെയ്തവരെ പ്രത്യേകം തയാറാക്കിയ ഫ്ലാറ്റിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും പറഞ്ഞു. ജൂൺ 12നുണ്ടായ അഗ്നിബാധയിൽ 24 മലയാളികൾ ഉൾപ്പെടെ 46 ഇന്ത്യക്കാരും 3 ഫിലിപ്പീൻസുകാരുമാണ് മരിച്ചത്.