കാര്‍ഷിക സഹരണത്തിന് സൗദി–റൊമാനിയ കരാര്‍
Mail This Article
ജിദ്ദ ∙ കാര്‍ഷിക മേഖലാ സഹകരണത്തിന് സൗദി അറേബ്യയും റൊമാനിയയും ധാരണാപത്രം ഒപ്പുവച്ചു. റിയാദില്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ആസ്ഥാനത്ത് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലിയും റൊമാനിയന്‍ കൃഷി, ഗ്രാമ വികസന മന്ത്രി ഫ്‌ളോറിന്‍ ബര്‍ബുവുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഭക്ഷ്യസുരക്ഷ കൈവരിക്കാനും സുസ്ഥിര സാമ്പത്തിക അഭിവൃദ്ധിക്കും സഹായിക്കും വിധം കാര്‍ഷിക, ഗ്രാമവികസന മേഖലകളില്‍ സാമ്പത്തിക വികസനം ശക്തിപ്പെടുത്താനും കരാറിൽ വ്യവസ്ഥയുണ്ട്.
കാര്‍ഷികോല്‍പാദനം മെച്ചപ്പെടുത്താനും മൃഗങ്ങളുടെയും സസ്യങ്ങളുടെയും വിഭവ മാനേജ്‌മെന്റ് ഫലപ്രാപ്തി വര്‍ധിപ്പിക്കാനും നൂതന സാങ്കേതികവിദ്യാ ഉപയോഗ മേഖലയില്‍ സഹരിക്കാനും ഇരു രാജ്യങ്ങളിലും അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കാന്‍ ധാരണാപത്രം ലക്ഷ്യമിടുന്നു.
കന്നുകാലികള്‍, ആടുകള്‍, ചെമ്മരിയാടുകള്‍ എന്നിവയെ വളര്‍ത്തുന്നതിലും ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് സസ്യമേഖലയിലും കന്നുകാലി മേഖലയിലും സഹകരണം വര്‍ധിപ്പിക്കലും മൃഗ ആരോഗ്യ മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ വികസിപ്പിക്കലും പ്രോത്സാഹിപ്പിക്കലും ധാരണാപത്രത്തില്‍ ഉള്‍പ്പെടുന്നു.
കരാര്‍ അനുസരിച്ച്, കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാര വിനിമയം മെച്ചപ്പെടുത്താനും കാര്‍ഷിക ഗവേഷണ മേഖലകളില്‍ സഹകരിക്കാനും വയല്‍വിള ഗവേഷണ മേഖല വികസിപ്പിക്കാനും സസ്യ ഇനങ്ങള്‍ വികസിപ്പിക്കാനും ഇരു വിഭാഗവും ധാരണയിലെത്തി. കൂടാതെ തേനീച്ച വളര്‍ത്തല്‍ രംഗത്ത് ആധുനിക സാങ്കേതികവിദ്യാ മേഖലയില്‍ സഹകരണം ശക്തമാക്കാനും ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും.