ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് വീണ്ടും യുഎഇ
Mail This Article
അബുദാബി ∙ ഗാസയിൽ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര വെടിനിർത്തൽ അനുവാര്യമാണെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിന് സംയുക്ത അടിയന്തര ശ്രമങ്ങൾ വേണമെന്നും ആവശ്യപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഫോണിൽ നടത്തിയ ചർച്ചയിലാണ് യുഎഇ ഈ ആവശ്യം മുന്നോട്ടുവച്ചത്. മേഖലയിലെ പിരിമുറുക്കം കുറച്ച് സമാധാന അന്തരീക്ഷം വീണ്ടെടുക്കുക, തീവ്രവാദം ചെറുക്കുക, അക്രമങ്ങൾ തടയുക എന്നിവയുടെ പ്രാധാന്യവും ഷെയ്ഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി.
ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ മേഖലയിൽ സമഗ്ര സമാധാനം നേടാനാകൂ എന്നും മന്ത്രി പറഞ്ഞു. മേഖലയിലെ സമീപകാല സംഭവങ്ങളും ഇരുവരും ചർച്ച ചെയ്തു. രാജ്യാന്തര പങ്കാളികളുമായി സഹകരിച്ച് സമാധാന അന്തരീക്ഷം കൈവരിക്കുന്നതിന് അമേരിക്കയുടെ ശ്രമങ്ങൾക്ക് യുഎഇയുടെ പിന്തുണ ആവർത്തിച്ചു.