സൗദിയിൽ രണ്ടു വര്‍ഷത്തിനിടെ പഠനം നടത്താനെത്തിയത് 14000 വിദേശ വിദ്യാർഥികൾ
Mail This Article
ജിദ്ദ ∙ സ്റ്റഡി ഇന്‍ സൗദി പ്ലാറ്റ്ഫോം വഴി രണ്ടു വര്‍ഷത്തിനിടെ 14,000 ലേറെ വിദേശ വിദ്യാര്‍ഥികള്‍ക്ക് സൗദി സര്‍വകലാശാലകളില്‍ പ്രവേശനം നല്‍കിയതായി വിദ്യാഭ്യാസ വീസ പദ്ധതി മേധാവി ഡോ. സാമി അല്‍ഹൈസൂനി അറിയിച്ചു. 100 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 60,000 ലേറെ വിദ്യാര്‍ഥികള്‍ സൗദി സര്‍വകലാശാലകളില്‍ ചേര്‍ന്ന് പഠിക്കാന്‍ സ്റ്റഡി ഇന്‍ സൗദി പ്ലാറ്റ്ഫോം വഴി അപേക്ഷകള്‍ സമര്‍പ്പിച്ചു. വിഷന്‍ 2030 ന്റെ ഭാഗമായ മാനവശേഷി വികസന പ്രോഗ്രാം എന്നോണം വിദ്യാര്‍ഥികളെയും ഗവേഷകരെയും അക്കാദമിക വിദഗ്ധരെയും സൗദിയിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഹ്രസ്വ, ദീര്‍ഘകാല വിദ്യാഭ്യാസ വീസകള്‍ അനുവദിക്കാന്‍ 2022 സെപ്റ്റംബറിലാണ് സൗദി മന്ത്രിസഭ തീരുമാനിച്ചത്. രാജ്യത്തെ 20 സര്‍വകലാശാലകള്‍ 964 ദീര്‍ഘകാല അക്കാദമിക് പ്രോഗ്രാമുകളും 327 ഹ്രസ്വകാല കോഴ്സുകളും നടത്തുന്നുണ്ട്.
സ്റ്റഡി ഇന്‍ സൗദി പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തി സൗദി സര്‍വകലാശാകളില്‍ പ്രവേശന നേടുന്ന വിദ്യാര്‍ഥികളില്‍ ഒന്നാം സ്ഥാനത്ത് കിഴക്കനേഷ്യന്‍ രാജ്യക്കാരാണ്. രണ്ടാം സ്ഥാനത്ത് ആഫ്രിക്കക്കാരും മൂന്നാം സ്ഥാനത്ത് അമേരിക്കക്കാരും കാനഡക്കാരും ഓസ്ട്രേലിയക്കാരും അടങ്ങിയ യൂറോപ്യന്മാരുമാണ്. സൗദി യൂണിവേഴ്സിറ്റികളില്‍ പ്രവേശനം നേടുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഗ്രാൻഡ്, ഭാഗിക ഫീസ്, പൂര്‍ണ ഫീസ് എന്നിങ്ങിനെ വ്യത്യസ്ത ഫീസ് ഘടനകളാണ് ബാധകം.
വിദേശ മന്ത്രാലയവുമായുള്ള സാങ്കേതിക സഹകരണത്തിലൂടെ വിദ്യാഭ്യാസ മന്ത്രാലയമാണ് സ്റ്റഡി ഇന്‍ സൗദി പ്ലാറ്റ്ഫോം വഴി വിദ്യാഭ്യാസ വീസകള്‍ അനുവദിക്കുന്നത്. പഠന കോഴ്സുകളുടെ വൈവിധ്യം, എളുപ്പത്തില്‍ വീസ അപേക്ഷ നല്‍കാനുള്ള സൗകര്യം, സ്പോണ്‍സറുടെ ആവശ്യമില്ലായ്മ, മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രി, ഹ്രസ്വകാല വീസ ദീര്‍ഘിപ്പിക്കാനുള്ള അവസരം എന്നിവയെല്ലാം വിദ്യാഭ്യാസ വീസയുടെ സവിശേഷതകളാണ്.