ADVERTISEMENT

ദുബായ്∙ "ഉയരത്തിൽ പറക്കുന്ന പൈലറ്റിനെപ്പോലെയാണ് ഞാൻ. ഇനിയും ഉയരങ്ങളിലേയ്ക്ക് പോയാൽ അത് എനിക്കും ചുറ്റുമുള്ളവർക്കും ദോഷകരമാകും. അതിനാൽ ഞാൻ ഓട്ടോ പൈലറ്റായി സഞ്ചരിക്കുന്നു" -  ദുബായിൽ അന്തരിച്ച പ്രമുഖ ഇന്ത്യൻ പ്രവാസി വ്യവസായി ഡോ. റാം ബുക് സാനിയുടെ വാക്കുകളാണിത്. ബിസിനസ് സാമ്രാജ്യത്തിന്‍റെ ഉന്നതിയിലിരിക്കുമ്പോൾ തന്നിലേയ്ക്ക് തന്നെ നോക്കിയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. "എനിക്ക് ചുറ്റും ഒട്ടേറെ വിമാനങ്ങൾ ഉയരാൻ ശ്രമിക്കുന്നത് കാണാം. ചിലത് എന്നെക്കാൾ ഉയരങ്ങളിലെത്തിയേക്കാം. മറ്റു ചിലത് താഴെയുമായിപ്പോകാം. എന്തു സംഭവിച്ചാലും ഞാൻ മത്സരം കാണുന്നില്ല. മനുഷ്യൻ പറക്കുന്നത് മാത്രമാണ് ഞാൻ കാണുന്നത്. പറക്കൽ ആസ്വദിക്കുന്നതിലാണ് എന്‍റെ ശ്രദ്ധ."

യുഎഇയുടെ വളർച്ചയ്ക്ക് ദൃക്സാക്ഷിയായി ആറ് പതിറ്റാണ്ടുകളോളം ഉയരങ്ങളിൽ വിരാജിച്ച ഡോ. റാം ബുക് സാനിയെ ലാളിത്യത്തിന്‍റെ നിറകുടമെന്ന് പ്രവാസ ലോകം വിശേഷിപ്പിക്കുന്നത്. 

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടൊപ്പം യുവാവായ റാം ബുക്സാനി. .ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടൊപ്പം യുവാവായ റാം ബുക്സാനി. .ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

ബ്രിട്ടിഷ് ഇന്ത്യയിലെ സിന്ധ് പ്രവശ്യയിലെ ഹൈദരാബാദിൽ 1941ലാണ് ഡോ. റാം ബുക് സാനി ജനിച്ചത്. 18 വയസ്സുള്ളപ്പോൾ, 1959 നവംബർ 18 നാണ് അദ്ദേഹം യുഎഇയിലെത്തിയത്. അന്നത്തെ സിന്ധി പാരമ്പര്യ പ്രകാരം ഉന്നത വിദ്യാഭ്യാസത്തിന് പകരം ജോലിയിലേക്ക് നിയോഗിക്കപ്പെട്ടതിനെ തുടർന്നാണ് പ്രവാസിയാകുന്നത്. പിന്നീട് 2004ൽ അദ്ദേഹം ഇന്‍റർനാഷനൽ ബിസിനസിൽ  വാഷിങ് ൻ ഇന്‍റർനാഷനൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎഎച്ച്ഡിയും മുംബൈ ഡി.വൈ പാട്ടീൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡി. ലിറ്റ് ഹോണററി ബിരുദവും നേടി. 

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അല്‍ നഹ്യാനോടൊപ്പം റാം ബുക്സാനി. മുൻ അമേരിക്കൻ പ്രസിഡന്‍റ് ക്ലിൻറനോടൊപ്പം. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അല്‍ നഹ്യാനോടൊപ്പം റാം ബുക്സാനി. മുൻ അമേരിക്കൻ പ്രസിഡന്‍റ് ക്ലിൻറനോടൊപ്പം. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

ആറാമത്തെ വയസ്സിൽ പിതാവ് മരിച്ച ഡോ. റാം ബുക് സാനിക്ക് വിദേശത്ത് ഏതെങ്കിലും കമ്പനിയിൽ ജോലി ചെയ്യണമെന്ന തീവ്രമായ ആഗ്രഹമുണ്ടായിരുന്നു.  അന്നത്തെ ബോംബെയില്‍  നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഹിന്ദുസ്ഥാൻ എന്ന പത്രത്തിൽ കണ്ട പരസ്യത്തിലൂടെ ദുബായിലെ സ്വകാര്യ കമ്പനിയിൽ  ജോലിക്ക് അപേക്ഷിക്കുകയും അത് ലഭിക്കുമായിരുന്നും. അന്ന് അദ്ദേഹത്തിന് 125 രൂപയായിരുന്നു ശമ്പളം.ബ്രിട്ടിഷ് ഭരണത്തിൻ കീഴിലായിരുന്ന ദുബായിൽ ഇന്ത്യന്‍ രൂപയായിരുന്നു നിലവിലുണ്ടായിരുന്നത്. 108 ദുബായ് രൂപ നൽകിയാൽ 100 ഇന്ത്യൻ രൂപ ലഭിക്കും. 

ദുബായ് അന്ന് സ്വപ്ന നഗരമായി ആരും കണ്ടിരുന്നില്ല. എങ്കിലും അവിടെ എത്തി വളരുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. 1971 ൽ യുഎഇ രൂപീകൃതമായതോടെ മരുഭൂമിയിൽ നിന്ന് ഇന്നത്തെ ആഡംബര നിരതമായ നഗരമായി യുഎഇയുടെ വളർച്ചയ്ക്കൊപ്പം ഡോ. റാം ബുക് സാനിയുടെ ജീവിതവും ഉയർന്നു.

∙ ആത്മാവുള്ള നഗരം
ദുബായ് ആദ്യമായി കണ്ടപ്പോൾ 'ആത്മാവുള്ള നഗരം' എന്നായിരുന്നു അദ്ദേഹത്തിന് തോന്നിയത്. അന്നത്തെ യാത്രകൾ കപ്പലിലായിരുന്നു. ബോംബെയിൽ നിന്ന് ദുബായിലെത്താൻ അഞ്ച് ദിവസം എടുക്കുമായിരുന്നു. ദുബായുടെ ഹൃദയഭാഗത്തെന്ന് വിളിക്കാവുന്ന ക്രീക്കിന് കപ്പലുകൾക്ക് നങ്കൂരമിടാൻ ആഴമില്ലാത്തതിനാൽ, നങ്കൂരമിടാൻ അവ 4 കിലോമീറ്റർ അകലെയാണ് നിർത്തിയിരുന്നത്. അവിടെ നിന്ന് ബോട്ടിലാണ് കരയിലേക്ക് യാത്ര ചെയ്തിരുന്നത്. റാം ബുക് സാനി ജോലി ചെയ്തിരുന്ന ഓഫിസ് ബർ ദുബായിയിലെ അബ്ര സ്റ്റേഷന് സമീപമായിരുന്നു

അന്നത്തെ ദുബായിയിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു. അതിനാൽ, യാത്രകൾ കൂടുതലും കാൽനടയായിരുന്നു. കൈവണ്ടികളും പോർട്ടർമാരും നിറഞ്ഞ തെരുവുകളിൽ നടക്കുന്നത് റാം ബുക് സാനിക്ക് ഒരു അറബിക്കഥ പോലെ തോന്നി. കുടിവെള്ളം കിട്ടാൻ പോലും വളരെ പ്രയാസം. 30,000 ജനസംഖ്യയുള്ള ദുബായിൽ ഒരു ദിവസം ആവശ്യമുണ്ടായിരുന്നത് 10,000 ഗാലൻ വെള്ളം.

∙ വൈദ്യുതിയും അമൂല്യ വസ്തു
കുടിവെള്ളം പോലെ വൈദ്യുതിയും അന്ന് ദുബായിയിൽ അമൂല്യ വസ്തുവായിരുന്നു. ചില യൂറോപ്യൻ കമ്പനികൾക്ക് സ്വന്തമായി ഡീസൽ ജനറേറ്ററുകൾ ഉണ്ടായിരുന്നത് ഭാഗ്യമായിരുന്നു. പിന്നീട്, നഗരത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കാനും വിതരണം ചെയ്യാനുമായി ഒരു സംഘത്തെ നിയോഗിച്ചു. റാം ബുക് സാനി ജോലി ചെയ്തിരുന്ന കമ്പനിയും ഈ സംരംഭത്തിൽ പങ്കാളികളായി.

അങ്ങനെ, ഡീസൽ ജനറേറ്ററുകൾ ഉള്ള കമ്പനികൾക്കും പിന്നീട് വീടുകൾക്കും ഒരു ബൾബ് പ്രകാശിപ്പിക്കാനുള്ള വൈദ്യുതി ലഭ്യമായി. ചൂട് സഹിക്കാൻ പ്രയാസമുള്ളപ്പോൾ റാം ബുക് സാനിയും സുഹൃത്തുക്കളും രാത്രികാലങ്ങളിൽ കടൽത്തീരത്തേക്ക് പോയി നേരം വെളുപ്പിക്കാറുണ്ടായിരുന്നു. ഉന്നതർക്ക് എയർ കണ്ടീഷനിങ് സൗകര്യം ലഭ്യമായിരുന്നു എങ്കിലും, ദുബായിയിലേക്കുള്ള വരവ് റാം ബുക് സാനിക്ക് ഒരു പുതിയ ജീവിതം നൽകി.

>18–ാം വയസിൽ ബർദുബായിൽ ക്ലാർക്ക്; പിന്നീട് അതേ കമ്പനിയുടെ ഉടമ
പതിനെട്ടാം വയസ്സിൽ ബർദുബായിലെ എടിഎൽ കോസ്മോസ് കമ്പനിയിൽ ക്ലാർക്കായി ജോലി ആരംഭിച്ച റാം ബുക് സാനി, യുഎഇയുടെ വളർച്ചയോടൊപ്പം ഉയർന്ന് ഒരു വിജയകരമായ വ്യവസായിയായി മാറി. ഈ രാജ്യത്തിന്‍റെ ഉയർച്ചകളും നേട്ടങ്ങളും നേരിട്ട് കണ്ടും അനുഭവിച്ചും അദ്ദേഹം ദീർഘവീക്ഷണമുള്ള ഭരണാധികാരികളുടെ കാര്യശേഷിയും സ്നേഹവായ്പുകളും ഹൃദയത്തോട് ചേർത്ത് പിടിച്ചിരുന്നു.

ഓഫിസ് അസിസ്റ്റൻറായി ജോലി ആരംഭിച്ച കമ്പനി പിന്നീട് സ്വന്തമാക്കിയ റാം ബുക് സാനി ഇന്ന് 500 ജീവനക്കാരുള്ള ആ വലിയ വ്യവസായ ഗ്രൂപ്പിന്‍റെ ഉടമയും ചെയർമാനുമാണ്. യുഎഇ ഭരണാധികാരികളുടെ നയപരമായ ഇടപെടലുകളും ജനകീയ തീരുമാനങ്ങളും ദീർഘവീക്ഷണത്തോടെയുള്ള പ്രഖ്യാപനങ്ങളും തന്നെയാണ് തന്‍റെ വിജയത്തിന് കാരണമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അൽ റസൂഖി ഇന്‍റർനാഷനൽ മണി എക്സ്ചേഞ്ച്, ഇൻഡസ് ഇൻഡ് ഇന്‍റർനാഷനൽ ഹോൾഡിങ്സ്, സഞ്ജയ് ഗള്‍ഫ് ഇൻഡസ്ട്രീസ്, കോസ്മോസ് സഞ്ജയ് ടെക്സ്റ്റൈൽ മിൽസ് എന്നിങ്ങനെ നിരവധി കമ്പനികൾക്ക് അദ്ദേഹം നേതൃത്വം നൽകി. 

യുഎഇയിൽ ഇലക്ട്രോണിക്സ്, റിട്ടെയിൽ, ടെക്സ്റ്റൈൽ, ബാങ്കിങ് തുടങ്ങിയ മേഖലകളിൽ തുടക്കം കുറിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കു വഹിച്ചു. ഇന്‍ഡസ് ഇൻഡ് ബാങ്കിന്‍റെ സ്ഥാപകരിലൊരാളായ റാം ബുക് സാനി, ഓവർസീസ് ഇന്ത്യൻ ഇക്കണോമിക് ഫോറം ചെയർമാൻ എന്ന നിലയിൽ പ്രവാസികളുടെ ജീവൽപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രവർത്തിച്ചു. കുവൈത്ത് യുദ്ധം, ഗുജറാത്ത് ഭൂകമ്പം തുടങ്ങിയ ദുരന്ത സമയങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം മരിക്കുന്നതുവരെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു.

സാമൂഹിക നിരീക്ഷണത്തിൽ താല്പര്യമുണ്ടായിരുന്ന റാം ബുക് സാനി ഒരു നല്ല എഴുത്തുകാരനും ആയിരുന്നു. വ്യവസായ മേഖലയിലെ നേട്ടങ്ങൾക്ക് പുരസ്കാരങ്ങൾ തേടിയെത്തി. യുഎഇ, ഇന്ത്യൻ ഭരണകർത്താക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും മികച്ച ബന്ധവും അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. 

∙ദുബായ് മാറി, മാറ്റങ്ങൾ അനിവാര്യം
"പ്രാണനുള്ള ഒരു ജീവിയെപ്പോലെയാണ് ഒരു നഗരം. പല ഘട്ടങ്ങളിലൂടെയും അതിന് കടന്നുപോകേണ്ടതുണ്ട്. എന്‍റെ യൗവനകാലത്ത് ഞാൻ ദുബായിയിലെത്തിയപ്പോൾ, അത് ശൈശവത്തിലായിരുന്നു. ഇന്ന് അത് യൗവനത്തിലാണ്. ഈ സുവർണ്ണ നഗരം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്," എന്ന് തന്‍റെ ആത്മകഥയായ "ടേക്കിങ് ഹൈറോഡി" ന്‍റെ അവസാനം റാം ബുക് സാനി എഴുതിയിട്ടുണ്ട്. ദുബായ് മാറി, ആ മാറ്റങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഈ നഗരം വളരുകയും പരിണമിക്കുകയും ചെയ്യേണ്ടതുണ്ട്, അത് ചെയ്യുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്കു വഹിച്ചു.

ടേയ്ക്കിങ് ദ് ഹൈറോഡ് പിന്നീട് അറബിക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. 2007-ൽ "സിന്ധിസ് - ഗോഡ്സ് ഗിഫ്റ്റ് ടു ഗ്ലോബൽ ഇക്കണോമി" എന്ന മറ്റൊരു പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. 83-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചപ്പോൾ, ഗൾഫിലെ പ്രവാസി വ്യവസായികളുടെ ചരിത്രത്തിലെ ഒരു വലിയ അധ്യായമാണ് അടഞ്ഞിരിക്കുന്നത്.

English Summary:

Remembering Dubai's most successful expatriate businessmen Ram Buxani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com