പ്രവാസി ഇന്ത്യൻ വ്യവസായി ഡോ. റാം ബുക്സാനി ദുബായിൽ അന്തരിച്ചു
Mail This Article
ദുബായ് ∙ പ്രവാസി ഇന്ത്യൻ വ്യവസായി ഡോ. റാം ബുക്സാനി(83) ദുബായിൽ അന്തരിച്ചു. ഇന്നലെ (ഞായറാഴ്ച) പുലർച്ചെ ഒന്നോടെ സ്വവസതിയിലായിരുന്നു അന്ത്യം.
1959 നവംബറിൽ 18 വയസ്സുള്ളപ്പോൾ കടൽ മാർഗം ദുബായിൽ വന്നിറങ്ങിയ റാം ബുക്സാനി യുഎഇയിലെ അറിയപ്പെടുന്ന ബിസിനസ് വ്യക്തിത്വവും മനുഷ്യസ്‌നേഹിയുമായിരുന്നു. വിവിധ കമ്പനികളിൽ വ്യത്യസ്ത പദവികളും വഹിച്ചിട്ടുണ്ട്. റോട്ടറി ക്ലബ് ഓഫ് ജുമൈറയുടെ (ദുബായ്) പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നതിനുപുറമെ, വിദ്യാഭ്യാസ മേഖലയിലും തത്പരനായിരുന്നു. ഇന്ത്യൻ ഹൈസ്‌കൂൾ ചെയർമാനായും സേവനമനുഷ്ഠിച്ചു.
1953-ൽ ഇന്റർനാഷനൽ ട്രേഡേഴ്‌സ് (ഈസ്റ്റ് ആഫ്രിക്ക) സ്ഥാപിച്ച് പിന്നീട് ഇന്റർനാഷനൽ ട്രേഡേഴ്‌സ് (എംഇ) ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്തു. അദ്ദേഹത്തിന്റെ ഗ്രൂപ്പിന്റെ കോസ്‌മോസിന്റെ ആദ്യ ഷോറൂം 1969-ൽ ദെയ്‌റയിൽ തുറന്നു. പിന്നീട് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി മേഖലയിലേയ്ക്ക് കടന്നു. അംബാസഡർ ഹോട്ടൽ, ദെയ്‌റ, അസ്റ്റോറിയ ഹോട്ടൽ എന്നിവയിൽ ഓഹരികൾ സ്വന്തമാക്കി. ഐടിഎൽ കോസ്‌മോസ് ഗ്രൂപ്പും പിന്നീട് എഫ് ആൻഡ് ബി മേഖലയിലേയ്ക്ക് കടന്നുചെല്ലുകയും ക്വാളിറ്റി ഐസ്ക്രീം പുറത്തിറക്കുകയും ചെയ്തു.