ഉച്ചവിശ്രമനിയമ ലംഘനം തടയുന്നതിനായി പരിശോധനയുമായി ബഹ്റൈൻ
Mail This Article
മനാമ ∙ ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കി. ഈ മാസം ഒന്നു മുതലാണ് രാജ്യത്ത് പുറം സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നത്. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെ നേരിട്ടുള്ള സൂര്യപ്രകാശത്തിലും തുറസായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും നിലനിർത്തുന്നതിലും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിലും ഉച്ചവിശ്രമം നല്ല ഫലം നൽകുന്നുണ്ടെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ചൂടുകൂടിയ മാസങ്ങളിൽ ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനാണ് ഈ നിരോധനം. ഉയർന്ന താപനില, സമഗ്രമായ ആരോഗ്യ സംരക്ഷണം, പ്രഥമശുശ്രൂഷ എന്നിവ മൂലമുണ്ടാകുന്ന ആരോഗ്യത്തെക്കുറിച്ച് തൊഴിലാളികളുടെ അവബോധം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ മന്ത്രി കൂട്ടിച്ചേർത്തു.
തൊഴിൽ മന്ത്രാലയം തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഇത് സംബന്ധിച്ച് വിവിധ ഭാഷകളിൽ ലഘുലേഖകൾ നൽകിക്കൊണ്ട് ബോധവൽക്കരണ ക്യാംപെയ്നും ആരംഭിച്ചു. എന്നാൽ പല തൊഴിൽ സ്‌ഥലങ്ങളിലും ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടതോടെ അധികൃതർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന പക്ഷം ജയിൽ ശിക്ഷയും കൂടാതെ 1000ദിനാർ പിഴയുമാണ് നിയമം അനുശാസിക്കുന്നത്. 2012 ലെ 36-ലെ നിയമത്തിലെ ആർട്ടിക്കിൾ (192) പ്രകാരമാണ് ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടുള്ളത്.