ഷാർജയിലെ 'സൂപ്പർലൈഫ്', ജോലി നഷ്ടപ്പെട്ടതോടെ ഒറ്റപ്പെട്ടു; ഒടുവിൽ തുണയായി മലയാളികൾ
Mail This Article
ഷാർജ ∙ അതിർത്തികൾ മായുന്ന സഹജീവി സ്നേഹത്തിന്‍റെ ഹൃദയഹാരിയായ മാതൃകയായി ഷാർജയിലെ മലയാളി യുവാക്കൾ മാറിയിരിക്കുന്നു. മലപ്പുറം പുളിക്കൽ സ്വദേശികളായ ഹസീൻ അസ്ലം, ജസീം ഇഹ്സാൻ, കാസർകോട് സ്വദേശികളായ മുഹമ്മദ് ഗസാലി, ജാഫർ എന്നിവർ കഴിഞ്ഞ ഒരു വർഷത്തോളമായി അർബുദ രോഗിയായ ഒരു സിറിയൻ വയോധികന് താമസ സൗകര്യവും ഭക്ഷണവും നൽകി പരിചരിക്കുകയാണ്.
എല്ലാം നഷ്ടപ്പെട്ടു; മലയാളികളുടെ സൗഹൃദം തുണയായി
വർഷങ്ങളായി ഷാർജ ബുഹൈറ കോർണിഷിൽ കംപ്യൂട്ടർ സ്ഥാപനം നടത്തുന്ന ഹസീനും മുഹമ്മദ് ഗസാലിയും അവിടെ നിന്നാണ് സിറിയയിലെ അലപ്പോ സ്വദേശിയായ അഹമദ് നൂറി അൽ അഖ് ലാസി(74)യെ പരിചയപ്പെട്ടത്. ജാഫറിന് 15 വർഷം മുൻപേ ഇദ്ദേഹത്തെ അറിയാമായിരുന്നെങ്കിലും 2018ലാണ് ഹസീൻ പരിചയപ്പെടുന്നത്. എന്നും കംപ്യൂട്ടർ സ്ഥാപനം സന്ദർശിക്കുകയും എല്ലാവരോടും നറുപുഞ്ചിരിയോടെ സൗമ്യമായി ഇടപെടുകയും ചെയ്യുന്ന ഇദ്ദേഹം ഒരു ഇവന്‍റ്സ് ഓർഗനൈസേഷൻ കമ്പനിയിൽ എന്‍റ്ർടൈൻമെന്‍റ്–സംഗീത വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
ഹസീനും ജാഫറുമായി വളരെ വേഗത്തിൽ ഇദ്ദേഹം സൗഹൃദത്തിലായി. യൂറോപ്പുകാരിയായ ഭാര്യയോടൊപ്പം തൊട്ടടുത്ത് തന്നെ താമസിച്ച്, വളരെ നല്ല നിലയിൽ ജീവിച്ച് വരുന്നതിനിടെ അഹമദ് നൂറിക്ക് ജോലി നഷ്ടപ്പെട്ടു. പുതിയ ജോലിക്കായി അന്വേഷണം നടക്കവെ, ഭാര്യ സ്വന്തം നാട്ടിലേക്ക് മടങ്ങി. പിന്നീട് വിവാഹമോചനവും നേടി. ഇതോടെ ബന്ധുക്കളോ കൂട്ടുകാരോ ഇല്ലാതെ ഒറ്റപ്പെട്ടുപോയ അഹമദ് നൂറി അൽ അഖ്‌ലാസിയെ ഹസീനും ജാഫറും ഏറ്റെടുക്കുകയും തൊട്ടടുത്ത് തന്നെ താമസ സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്തു. മാത്രമല്ല, എല്ലാദിവസവും ഭക്ഷണവും നൽകി.
കഴിഞ്ഞ വർഷം ജൂലൈയിൽ ഇടതുകൈയിൽ തോളിനടുത്തായി മുഴകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ജീവിതം തളർത്തിയ മാരക രോഗത്തിന്‍റെ തുടക്കം. അതിലൊന്ന് പെട്ടെന്ന് വളരാൻ തുടങ്ങിയപ്പോൾ ഹസീനും മുഹമ്മദ് ഗസാലിയും കൂടി ചികിത്സയ്ക്കായി ഷാർജ ചാരിറ്റി വിഭാഗത്തെ സമീപിച്ചു. അവരുടെ സഹായത്തോടെ സെപ്റ്റംബറിൽ ഷാർജ ബുർജീൽ ആശുപത്രിയിൽ പരിശോധിപ്പിച്ചപ്പോഴാണ് ത്വക്കിൽ അർബുദമാണെന്ന് തിരിച്ചറിഞ്ഞത്. ഷാർജ ഖാസിമിയയിലെ ഗവ.ആശുപത്രിയില്‍ ചികിത്സയ്ക്ക് ശ്രമിച്ചെങ്കിലും 2020ൽ എംപ്ലോയ്മെന്‍റ് വീസ കാലാവധി കഴിഞ്ഞതിനാൽ സാധിച്ചില്ല.
വീസ കാലാവധി കഴിഞ്ഞതിനുള്ള 20,000 ത്തോളം ദിർഹം പിഴയും അടയ്ക്കേണ്ടതുണ്ടായിരുന്നു. മാത്രമല്ല, ഇൻഷുറൻസും ഇല്ലായിരുന്നു. പിന്നീട് പിഴകളെല്ലാം അടച്ച് ഹസീനും മുഹമ്മദ് ഗസാലിയും പാർട്ണർ വീസയ്ക്ക് ശ്രമിച്ചു. എന്നാൽ, രോഗം കാരണം മെഡിക്കൽ പരിശോധന പാസാകാത്തതിനാൽ ആദ്യം വീസ ലഭിച്ചില്ല. ഏറെ അഭ്യർഥനയ്ക്കൊടുവിൽ ചികിത്സയ്ക്കായി മാത്രം ഒന്നര മാസം മുൻപ് ഒരു വർഷത്തെ വീസ പതിച്ചുകിട്ടിയതോടെ താമസം നിയമപരമായി.
നാല് ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നാല് ദിവസം മുൻപ് രോഗം മൂർച്ഛിച്ച് അവശനായി അഹമദ് നൂറിയെ അൽ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ രോഗം അനുദിനം മൂർച്ഛിച്ചുവരുന്നതിനാൽ അബുദാബി ഹെൽത്ത് സർവീസസ് കമ്പനിക്ക് കീഴിലുള്ള അൽഐൻ അൽ തവാം ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകണമെന്നാണ് നിർദേശം. അവിടെ പ്രവേശനം ലഭിക്കാൻ സമയമെടുക്കും എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. ഇദ്ദേഹത്തിന് സഹായത്തിന് എപ്പോഴും ആരെങ്കിലും വേണമെന്ന് ഹസീൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.
ബന്ധുക്കളോ കൂട്ടുകാരോ ആയി ആരും ഷാർജയിൽ ഇദ്ദേഹത്തിനില്ലാത്തതിനാൽ ഉപജീവനത്തിന് വേണ്ടിയുള്ള തിരക്കിനിടയിലും മാനുഷികതയുടെ ഉദാത്ത മാതൃകയായി ഹസീനും മുഹമ്മദ് ഗസാലിയും ജാഫറും ജാസിം ഇഹ്സാനും രാപ്പകൽ ഭേദമന്യേ മാറിമാറി പരിചരിക്കുന്നു. ദുബായ് സിറിയൻ കോൺസുലേറ്റിൽ ഇതുവരെ വിവരം അറിയിച്ചിട്ടില്ല. അതിനായി സാമൂഹിക പ്രവർത്തകരുടെ സഹായം തേടുകയാണ് ഇവർ. ഫോൺ: +971 52 806 9944.