ADVERTISEMENT

ജിദ്ദ ∙ ഭാര്യയെ കൊലപ്പെടുത്തി  മൃതദേഹം കുഴിച്ചിട്ട ജഡ്ജിയുടെ  വധശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി. സ്വന്തം ഭാര്യയും പ്രശസ്ത മാധ്യമപ്രവര്‍ത്തകയുമായ ശൈമാ ജമാലിനെ കൊലപ്പെടുത്തി മൃതദേഹം ജീസ ഗവര്‍ണറേറ്റിലെ അല്‍ബദ്‌റശീന്‍ ഏരിയയിലെ കൃഷിയിടത്തില്‍ കുഴിച്ചിട്ട കേസിലെ പ്രതിയായ ജഡ്ജി അയ്മന്‍ അബ്ദുല്‍ഫത്താഹ് മുഹമ്മദ് ഹജാജിന് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. വധശിക്ഷയ്ക്കെതിരെ ജഡ്ജി നൽകിയ ഹർജി അപ്പീൽ കോടതി തള്ളി. പ്രതിയുടെ കൂട്ടാളിയും കോണ്‍ട്രാക്ടിങ് കമ്പനി ഉടമയുമായ ഹസന്‍ അല്‍ഗറാബ്‌ലിയുടെ വധശിക്ഷയും അപ്പീല്‍ കോടതി ശരിവച്ചിട്ടുണ്ട്. അപ്പീല്‍ കോടതി വിധിയിലൂടെ പ്രതികള്‍ക്കുള്ള ശിക്ഷ അന്തിമമായി. 

2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജീസ ഗവര്‍ണറേറ്റിന് തെക്ക് ഭാഗത്തായുള്ള കൃഷിയിടത്ത് നിന്നാണ് കുഴിച്ചിട്ട ശൈമാ ജമാലിന്റെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. ആളെ തിരിച്ചറിയാതിരിക്കാനായി ആസിഡ് ഒഴിച്ച് മൃതദേഹം വികൃതമാക്കിയിരുന്നു. 

ജഡ്ജി അയ്മന്‍ ഹജാജും മാധ്യമപ്രവര്‍ത്തകയായ ശൈമാ ജമാലും രഹസ്യവിവാഹം ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇരുവര്‍ക്കുമിടയിലെ തര്‍ക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.  തങ്ങളുടെ വിവാഹബന്ധവും ഭർത്താവിന്റെ രഹസ്യ ബിസിനസുകളും പരസ്യമാക്കുമെന്ന് ശൈമാ ജമാല്‍ ഭീഷണിപ്പെടുത്തി. നിയമപരമായി വിവാഹബന്ധം പിരിയാന്‍ 30 ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ടും ശൈമാ ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിന് ജഡ്ജിയെ പ്രേരിപ്പിച്ചത്. 

ഈജിപ്തിലെ നിയമം അനുസരിച്ച് ജഡ്ജിമാര്‍ക്ക് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ച് രഹസ്യമായാണ് ജഡ്ജി ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. കൊലപാതകം നടത്താന്‍ കോണ്‍ട്രാക്ടിങ് കമ്പനി ഉടമയായ സുഹൃത്തിന്റെ സഹായം ജഡ്ജി തേടി. പാരിതോഷികമായി സുഹൃത്തിന് 3,60,000 ഈജിപ്ഷ്യന്‍ പൗണ്ടും നൽകി. 

തനിക്കു നേരെ സംശയം തോന്നാതിരിക്കാൻ ഭാര്യയെ കാണാതായതായി അയ്മന്‍ ഹജാജ് പൊലീസിൽ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തിൽ ജഡ്ജി കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തി.കൊലപാതകത്തിന് ഉപയോഗിച്ച തുണിയിൽ നിന്ന് പ്രതികളുടെ  വിരലടയാളം കണ്ടെത്തി. കുടാതെ ഫോറൻസിക് പരിശോധനയിൽ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും സ്ഥിരീകരിച്ചു. കൊലപാതകത്തിനും മൃതദേഹം മറവ് ചെയ്യുന്നതിനുമായി പ്രതികൾ ആയുധങ്ങൾ വാങ്ങിയ കടയുടെ ഉടമ ഉൾപ്പെടെ 10 പേരുടെ മൊഴിയും പ്രതികൾക്കെതിരായിരുന്നു. 2022 സെപ്റ്റംബറിലാണ് വിചാരണ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. 

English Summary:

Egyptian Judge sentenced to death for murdering his TV presenter wife.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com