ADVERTISEMENT

മനാമ ∙ ഉയർന്ന വിമാനനിരക്ക് കാരണം നട്ടം തിരിയുന്ന പ്രവാസികൾക്ക് കുറഞ്ഞ നിരക്കിലുള്ള വിമാനടിക്കറ്റുകൾ വാഗ്ദാനം ചെയ്‌ത്‌ പണം തട്ടുന്ന സംഘങ്ങൾ വ്യാപകം. പ്രവാസികൾ  അടക്കേണ്ടുന്ന പല പേയ്‌മെന്റ് സർവീസുകൾ അടക്കം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടച്ചുതരാം എന്ന് വാഗ്ദാനം ചെയ്ത് സംഘത്തിലെ പലരും 'ഇരകളെ' വലവീശിപ്പിടിക്കുന്നുണ്ട്. പണം നഷ്ടപെട്ട ഒരു മലയാളിയുടെ ശ്രമഫലമായി സംഘത്തിലെ ഒരാൾ പൊലീസ് വലയിൽ ആയെങ്കിലും തട്ടിപ്പിനിരയായ പലർക്കും പണം നഷ്ടമായിക്കൊണ്ടിരിക്കുന്നുണ്ട്.

കഴിഞ്ഞ മാസം തിരുവനന്തപുരം സ്വദേശിക്ക് മാത്രം  തട്ടിപ്പിലൂടെ നഷ്ടമായത് 1300 ദിനാറാണ്.അദ്ദേഹവും കുടുംബവും നാട്ടിലേക്ക് വിമാന ടിക്കറ്റ് എടുക്കാൻ ഒരുങ്ങിയപ്പോഴാണ് അന്ന് ഏകദേശം 740 ദിനാർ ഉണ്ടായിരുന്ന ടിക്കറ്റ് 640 ദിനാറിന്‌ എടുത്തു നൽകാമെന്ന് ഒരു സുഹൃത്ത് മുഖേന ഇവർക്ക് വാഗ്‌ദാനം ലഭിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ബാങ്കിന്റെ ഇന്റർനാഷണൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റ്  എടുത്തുനൽകാമെന്നും  അതിന്റെ തുല്യ നിരക്കിൽ ബഹ്‌റൈൻ ദിനാർ ഇവിടെ നൽകിയാൽ മതി എന്നുമുള്ള  ഉടമ്പടിയുടെ  അടിസ്‌ഥാനത്തിലാണ്‌ 100 ദിനാറിന്റെ കുറവില്‍ ഇവർക്ക് ടിക്കറ്റ് ലഭിച്ചത്.

യാത്രാ തീയതിയുടെ രണ്ടു മാസം മുൻപേ ആയിരുന്നു ടിക്കറ്റ് നൽകിയത്. 'കൺഫേം'  ടിക്കറ്റ് ആണെങ്കിലും ഓൺലൈനിൽ പി എൻ ആർ നമ്പർ പരിശോധിച്ചപ്പോൾ അങ്ങനെ ഒരു ടിക്കറ്റ് ലഭ്യമായില്ല. തുടർന്ന് വിമാനക്കമ്പനിയുടെ ഓഫിസിൽ ചെന്ന് പി എൻ ആർ നമ്പർ കൊടുത്തു പരിശോധിച്ചപ്പോഴാണ് ലഭിച്ചിരിക്കുന്നത് വ്യാജ ടിക്കറ്റും വ്യാജ പി എൻ ആർ നമ്പറും ആണെന്ന് മനസിലായത്.

airline-ticket-cheating-bahrain

തുടർന്ന് ടിക്കറ്റ് എടുത്തു നൽകിയ മലയാളിയെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. തുടർന്ന്  ഇവരുടെ ട്രാവൽ ഏജൻസി സി ആർ നമ്പറിലെ വിലാസത്തിൽ നേരിട്ട് ചെന്നപ്പോഴാണ് അങ്ങനെ ഒരു കമ്പനി തുടങ്ങാൻ താൽക്കാലിക ഓഫിസ് (അതിനും 3 മാസമായി വാടക നൽകിയിട്ടില്ല എന്നും കെട്ടിട ഉടമ വ്യക്തമാക്കി) എടുത്തു എന്നല്ലാതെ പിന്നീട് ഇങ്ങനെ ഒരു ട്രാവൽ കമ്പനി തുടങ്ങിയിട്ട് പോലും ഇല്ല എന്ന് മനസിലായത്. കമ്പനിയുടെ സ്വദേശി ഉടമസ്‌ഥൻ പോലും അപ്പോഴാണ് താൻ ഓഫിസ് നൽകിയത്  ഇത്തരം ഒരു ദുർ വിനിയോഗത്തിനായിരുന്നുവെന്ന്  മനസ്സിലാക്കുന്നത്.

സമാനമായ രീതിയിൽ ഗുദൈബിയിൽ ഉള്ള വടകര സ്വദേശിയെയും ഇത്തരത്തിൽ സംഘം കബളിപ്പിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് തട്ടിപ്പിനിരയായവരെല്ലാം ഒത്തുചേർന്നു. ഒരു വിമാന ടിക്കറ്റ് ആവശ്യപ്പെട്ട് കൊണ്ട് മറ്റൊരു സുഹൃത്തിന്റെ ഫോണിൽ നിന്ന് ഇവരെ ഒരു സ്‌ഥലത്ത്‌ വിളിച്ചു വരുത്തിയതോടെയാണ് തട്ടിപ്പ് നടത്തിയ രണ്ട് മലയാളികൾ വലയിൽ ആകുന്നത്. പൊലീസ് സ്റ്റേഷനിൽ കൊണ്ട് പോകരുതെന്നും പൊലീസ് പിടിക്കപ്പെട്ടാൽ അവർ നാട്ടിലേക്ക് കയറ്റി വിടുമെന്നും കേണപേക്ഷിക്കുകയും എല്ലാവർക്കും  ഒരു നിശ്ചിത  തീയതിക്കുള്ളിൽ പണം മടക്കി നൽകുകയോ അല്ലെങ്കിൽ ടിക്കറ്റ് എടുത്തു നൽകുകയോ ചെയ്യാം എന്നുമുള്ള ഉറപ്പിന്റെ അടിസ്‌ഥാനത്തിൽ ചില സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ അന്ന് കേസ് തീർപ്പായി.

പറഞ്ഞ തീയതിക്കുള്ളിൽ 3 ടിക്കറ്റ് തിരുവനന്തപുരം സ്വദേശിക്ക് നൽകിയെങ്കിലും യാത്രയുടെ തലേന്നാൾ ആ ടിക്കറ്റും ട്രാവൽ ഏജൻസി റദ്ദാക്കി. അതോടെ അടുത്ത ദിവസം യാത്ര ചെയ്യേണ്ടുന്ന തിരുവനന്തപുരം സ്വദേശിക്ക് ഇരട്ടി വിലയ്ക്ക് വിമാനടിക്കറ്റ് എടുക്കേണ്ടി വന്നു. തുടർന്ന് അദ്ദേഹം നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയും ഒരാൾ പിടിയിലാവുകയും ചെയ്തു.

വൈദ്യുതി ബില്ലുകൾ മുതൽ വാർഷിക വാറ്റ് വരെ അടക്കാമെന്ന് വാഗ്ദാനം
വൈദ്യുതി ,വെള്ള ബില്ലുകൾ മുതൽ കമ്പനികളുടെയും കടകളുടെയും വാറ്റ് ഉൾപ്പെടെയുള്ള പണമിടപാടുകൾ തീർക്കാൻ പത്ത് ശതമാനം കുറച്ച് നൽകിയാൽ മതി എന്നതാണ് ഇരകളെ വലയിൽ വീഴ്ത്താൻ തട്ടിപ്പ് സംഘങ്ങൾ നൽകുന്ന വാഗ്ദാനം. ബഹ്‌റൈനിലെ ഇടത്തരക്കാരായ കച്ചവടക്കാർക്കും വിമാനയാത്രാ ടിക്കറ്റ് എടുക്കുന്നവർക്കും 10 ശതമാനം എന്നത് വലിയ ആശ്വാസമാണ്. അത് കൊണ്ട് തന്നെ രാജ്യാന്തര  ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പേയ്‌മെന്റിന് പലരും തയാറാകുന്നു.

ഇത്തരത്തിലുള്ള ചില കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യാന്തര ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പേയ്‌മെന്റ് അധികൃതർ ഗൗരവപൂർണ്ണം നിരീക്ഷിച്ചു വരികയാണ്. ഇത്തരം വാഗ്ദാനങ്ങൾ നൽകുന്ന സംഘങ്ങൾക്ക് പിന്നിൽ വലിയ തോതിലുള്ള കുഴൽപ്പണ മാഫിയകൾ പ്രവർത്തിക്കുന്നുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റുകൾ  വാഗ്‌ദാനം ചെയ്യപ്പെടുകയാണെങ്കിൽ കൃത്യമായ പരിശോധനകൾ നടത്തി മാത്രമേ പണം നൽകാവൂ എന്ന ഗുണപാഠമാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

English Summary:

Airline Ticket Scam: Scammers Including Malayalees Trapped Expats Over Low-Cost Flight Tickets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com