ഖത്തറില്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ സേവനങ്ങൾക്ക് വൻ ഫീസിളവ്; ഇന്ന് മുതൽ പ്രാബല്യത്തിൽ
Mail This Article
ദോഹ ∙ ഖത്തറില്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്കുള്ള ഫീസിളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ. മന്ത്രലയം നൽകുന്ന ചില സേവനങ്ങളുടെ ഫീസ് ഇനത്തിൽ 90 ശതമാനം വരെയാണ് ഇളവ് വരുത്തിയിരിക്കുന്നത്. രാജ്യത്ത് നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതിനാണ് വാണിജ്യ-വ്യവസായ മന്ത്രാലയം റജിസ്ട്രേഷന്‍ അടക്കമുള്ള സേവനങ്ങളില്‍ ഫീസിളവ് പ്രഖ്യാപിച്ചത്.
വിശദമായ പഠനങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസം അവസാന വാരമാണ് തീരുമാനം പ്രഖ്യാപിച്ചത്. കൊമേഴ്സ്യൽ റജിസ്ട്രേഷൻ, കൊമേഴ്സ്യൽ പെർമിറ്റ്, വാണിജ്യ ഏജന്റ്സ് റജിസ്ട്രി, വാണിജ്യ കമ്പനി സേവനങ്ങൾ, കൺസൾട്ടൻസി സേവനങ്ങൾ, ഗുണനിലവാര ലൈസൻസുകൾ, പേറ്റന്റ് സേവനങ്ങൾ, ഡിസൈനുകളുടെയും വ്യാവസായിക മോഡലുകളുടെയും സംരക്ഷണം, വ്യാവസായിക വികസന സേവനങ്ങൾ തുടങ്ങിയവയുടെ ഫീസിലെല്ലാം ഗണ്യമായ കുറവുണ്ട്.
പുതിയ കൊമേഴ്സ്യൽ റജിസ്ട്രേഷൻ ഫീസ്, കൊമേഴ്സ്യൽ റജിസ്ട്രേഷൻ പുതുക്കൽ ഫീസ് എന്നിവക്ക് 500 റിയാൽ മാത്രമാണ് നിരക്ക്. മുൻപ് 10000 റിയാലായിരുന്നു നിരക്ക്. കൊമേഴ്സ്യൽ റജിസ്റ്ററിൽ പുതിയ ബ്രാഞ്ച് കൂട്ടിച്ചേർക്കാനും ബ്രാഞ്ച് റജിസ്ട്രേഷൻ പുതുക്കാനും 100 റിയാലാണ് നിരക്ക്.
ഒരു കൊമേഴ്സ്യൽ റജിസ്റ്റരിൽ പുതിയ ഓരോ ആക്ടിവിറ്റി ചേർക്കാനും റജിസ്ട്രേഷൻ ഡാറ്റയിൽ മാറ്റം വരുത്താനും 500 റിയാൽ നൽകിയാൽ മതി. കൊമേഴ്സ്യൽ പെർമിറ്റ് ഫീസിലും കുറവുവരുത്തിയിട്ടുണ്ട്. ശാഖയുടെ ലൈസൻസിങ്ങിനും പുതുക്കാനും 500 റിയാലാണ് പുതുക്കിയ നിരക്ക്. ഹോം ബിസിനസ് പ്രവർത്തനങ്ങളുടെ ലൈസൻസ് പുതുക്കാനും 500 റിയാലാണ് നിരക്ക്.
ഖത്തറിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുക, സാമ്പത്തിക വൈവിധ്യവൽക്കരണവും സുസ്ഥിര സമ്പദ്‌വ്യവസ്ഥയും കൈവരിക്കുന്നതിൽ സ്വകാര്യ മേഖലയുടെ പങ്ക് വർധിപ്പിക്കുക എന്നിവയാണ് പുതിയ പ്രഖ്യാപനത്തിന്റെ ലക്ഷ്യം. നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക, വിദേശ ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും ഗുണകരമായിരിക്കും പുതിയം തീരുമാനം.