ലോക സുരക്ഷിത രാജ്യങ്ങളിൽ ഇടം നേടി ബഹ്‌റൈൻ
Mail This Article
മനാമ ∙ 2024-ൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി ബഹ്‌റൈൻ. പ്രമുഖ മാസികയായ സിഇഒ വേൾഡ് മാസികയാണ് 2024-ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ കണക്കെടുപ്പ് നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കണക്കനുസരിച്ച്, ബഹ്‌റൈൻ ഗൾഫ് മേഖലയിൽ മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ 20-ാം സ്ഥാനത്തുമാണ്. ഗൾഫിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ രണ്ടാം സ്ഥാനവും യുഎഇ കരസ്ഥമാക്കി. സൗദി അറേബ്യ ഗൾഫിൽ രണ്ടാം സ്ഥാനത്തും ആഗോളതലത്തിൽ 16-ാം സ്ഥാനത്തുമെത്തിയപ്പോൾ ഗൾഫിൽ കുവൈത്ത് നാലാമതും ആഗോളതലത്തിൽ 36-ാമതും സ്ഥാനം നേടി. ഗൾഫിൽ ഖത്തർ അഞ്ചാമതും ആഗോളതലത്തിൽ 60-ാമതും, ഒമാൻ ഗൾഫിൽ ആറാമതും ആഗോളതലത്തിൽ 147-ാം സ്ഥാനത്തുമാണ്.
സ്പെയിനിനും ഫ്രാൻസിനും ഇടയിലുള്ള പൈറിനീസിൽ സ്ഥിതി ചെയ്യുന്ന അൻഡോറയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന കിരീടം ചൂടിയത്. ചെറിയ വലിപ്പവും ഏകദേശം 82,000 ജനസംഖ്യയും ഉണ്ടായിരുന്നിട്ടും, രാജ്യം പ്രതിവർഷം 3.5 ദശലക്ഷത്തിലധികം സന്ദർശകരെയാണ് ആകർഷിക്കുന്നത്.
ആഫ്രിക്കൻ രാജ്യങ്ങളുടെ ആഗോള ബന്ധങ്ങളെയും വിനോദസഞ്ചാരത്തെയും ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യ പ്രശ്‌നങ്ങളും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നരാജ്യം ടോഗോ ആണ്. ഇത്തരം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പല വിനോദ സഞ്ചാരികളും അവരുടെ യാത്രകൾ അടക്കമുള്ളവ തീരുമാനിക്കുന്നത്. സംബന്ധിച്ചിടത്തോളം ഇടത്തരം വിനോദസഞ്ചാരികൾക്ക് ഏറ്റവും വേഗത്തിൽ ചെലവ് കുറഞ്ഞ സന്ദർശനം നടത്താവുന്ന രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ. ഫോർമുല വൺ കാറോട്ട മത്സരം കാണുന്നതിനാണ് ബഹ്‌റൈനിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത്.