സ്കിൽ വെരിഫിക്കേഷൻ പരീക്ഷ കൂടുതൽ രാജ്യങ്ങളിലേക്ക്
Mail This Article
റിയാദ് ∙ വിദേശികളുടെ തൊഴിൽ പരിജ്ഞാനം ഉറപ്പാക്കാനാൻ സൗദി ഏർപ്പെടുത്തിയ സ്കിൽ വെരിഫിക്കേഷൻ പരീക്ഷാ പദ്ധതി 160 രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നു.
വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി അതത് രാജ്യങ്ങളിൽ പരീക്ഷ നടത്തിയാണ് യോഗ്യതയും തൊഴിൽ പരിചയവും ഉറപ്പാക്കുക. ഈ പരീക്ഷ ജയിക്കുന്നവർക്ക് മാത്രമേ സൗദിയിൽ തൊഴിൽ വീസ ലഭിക്കൂ. തൊഴിൽ വിപണി നിയന്ത്രിക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി.
കഴിഞ്ഞ വർഷം ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നടത്തിയ പരീക്ഷയിൽ ഒന്നേകാൽ ലക്ഷം പേർ വിജയിച്ചിരുന്നു. ഇവരിൽ 85% പേരും ജോലിയിൽ പ്രവേശിച്ചു. ഇലക്ട്രീഷൻ, പ്ലമർ, കാർ ഇലക്ട്രീഷൻ, വാഹന മെക്കാനിക്, റഫ്രിജറേഷൻ, വെൽഡർ, ബിൽഡിങ് കാർപെന്റർ, പെയ്ന്റർ, കാർ പെയ്ന്റർ തുടങ്ങിയ തസ്തികകളിലേക്കാണ് പരീക്ഷകൾ നടത്തിയിരുന്നത്. വൈകാതെ കൂടുതൽ മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കും. ഇത് യോഗ്യരായ തൊഴിലാളികൾക്ക് മികച്ച ശമ്പളം ലഭിക്കാനും വഴിയൊരുക്കും. ഉദ്യോഗാർഥികൾ https://svp-international.pace.sa/home എന്ന വെബ്‌സൈറ്റ് വഴി നടപടി പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന അറിയിപ്പ് അനുസരിച്ചാണ് പരീക്ഷയ്ക്കു ഹാജരാകേണ്ടത്.