6 മാസത്തിനിടെ സൗദി വിമാനത്താവളത്തിലൂടെ കടന്നുപോയത് 6.3 കോടി യാത്രക്കാർ
Mail This Article
റിയാദ് ∙ സൗദി അറേബ്യയിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ 17% വർധന. ഈ വർഷം ആദ്യ 6 മാസത്തിനിടെ 6.3 കോടി പേർ സൗദി വിമാനത്താവളം വഴി യാത്ര ചെയ്തു. മുൻ വർഷം ഇത് 5.4 കോടിയായിരുന്നു. സർവീസ് നടത്തിയ വിമാനങ്ങളുടെ എണ്ണത്തിലും 12% (3.99 ലക്ഷം) വർധനയുണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ചരക്കുനീക്കം 41% വർധിച്ച് 6.06 ലക്ഷം ടണ്ണിലെത്തി. മികച്ച സേവനത്തിന് കഴിഞ്ഞ വർഷം സൗദിയിലെ മൂന്ന് വിമാനത്താവളങ്ങൾ രാജ്യാന്തര അവാർഡ് നേടിയിരുന്നു.
മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം മധ്യപൂർവദേശത്തെ മികച്ച പ്രാദേശിക വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപോർട്ട്, ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം എന്നിവയ്ക്കായിരുന്നു മറ്റു 2 പുരസ്കാരങ്ങൾ.