മികച്ച നേട്ടങ്ങളുമായി ജിഡിആർഎഫ്എ ദുബായ്; ഉദ്യോഗസ്ഥർക്ക് ആദരം
Mail This Article
ദുബായ് ∙ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) കഴിഞ്ഞ വർഷങ്ങളിൽ കൈവരിച്ച മികച്ച നേട്ടങ്ങൾ ആഘോഷിച്ചു. 'എലൈറ്റ് സെറിമണി' എന്ന പേരിൽ നടന്ന പരിപാടിയിൽ 2000 ലേറെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ ആദരിച്ചു. ദുബായ് പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡപ്യൂട്ടി ചീഫ് ലഫ്. ജനറൽ ദാഹി ഖൽഫാൻ തമീം, ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ഡയറക്ടർ ജനറൽ ഹലാ ബദ്രി, ജിഡിആർഎഫ്എ അസി. ഡയറക്ടർമാർ, ഉന്നത പൊലീസുദ്യോഗസ്ഥർ, മറ്റു ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏറെ പേർ സംബന്ധിച്ചു.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്റെ നിരന്തരമായ പിന്തുണയും മാർഗനിർദ്ദേശവുമാണ് ജിഡിആർഎഫ്എ കൈവരിച്ച നേട്ടങ്ങൾക്ക് പ്രധാന കാരണമായതെന്ന് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകൾ സ്വീകരിക്കുക, മികച്ച ആഗോള സമ്പ്രദായങ്ങൾ നടപ്പിലാക്കുക എന്നീ പ്രധാന തന്ത്രങ്ങളിലൂടെ ഡിജിറ്റൽ സേവനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും തുടർച്ചയായ വികസനത്തിനും നവീകരണത്തിനുമാണ് ജനറൽ ഡയറക്ടറേറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ മികവാർന്ന സേവനമികവുകളെ അദ്ദേഹം പ്രശംസിച്ചു. 2023 ലും, 2024 ആദ്യ വർഷങ്ങളിൽ ജിഡിആർഎഫ് എയ്ക്ക് ലഭിച്ച നേട്ടങ്ങളും അവാർഡുകളും പ്രദർശിപ്പിച്ചു. അതോറിറ്റിക്ക് നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമിനെ ചടങ്ങിൽ പ്രത്യേകം ആദരിക്കുകയും ചെയ്തു. തനിക്കുള്ള വിശ്വാസം കാത്തുസൂക്ഷിച്ച വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് അൽ മർറിയെന്ന് ദുബായ് പൊതു സുരക്ഷാ വിഭാഗം ഡപ്യൂട്ടി ചെയര്‍മാന്‍ ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം പറഞ്ഞു.
ഒരിക്കൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ജിഡിആർഎഫ്എയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഒരു മികച്ച നേതൃത്വത്തെ നിർദ്ദേശിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ദുബായ് പൊലീസ് സി ഐ ഡി വിഭാഗത്തിന്റെ തലവനായിരുന്ന അൽ മർറിയെ ഈ ദൗത്യം ഏൽപ്പിക്കാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മനുഷ്യത്വവും സേവനമികവും ഒത്തുചേർന്ന അദ്ദേഹത്തിന്റെ നേതൃത്വപാടവം നന്നേ ബോധിച്ചു. ആ വിശ്വാസം അൽ മർറി ഇന്നും കാത്തുസൂക്ഷിച്ചു പോരുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.
യാത്രക്കാർക്കും ഉപയോക്താക്കൾക്കും മികച്ച അനുഭവങ്ങൾ നൽകി. മുമ്പ് സങ്കീർണമായുള്ള നടപടിക്രമങ്ങൾ ലളിതവൽക്കരിച്ചു സേവനങ്ങൾ വേഗത്തിലാക്കി. ഒപ്പം തന്നെ വീസാ സേവനങ്ങൾ പൂർണമായി ഓൺലൈനാക്കി ഇടപാടുകളുടെ സുതാര്യത വർദ്ധിപ്പിച്ചു. ഇത് യുഎഇയുടെ, പ്രത്യേകിച്ച് ദുബായുടെ പ്രശസ്തി ഉയർത്തിയെന്ന് അദ്ദേഹം പറഞ്ഞു.