ADVERTISEMENT

മനില∙ ഫിലിപ്പീൻസിലെ ഒരു ആഡംബര ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ  ഓസ്‌ട്രേലിയക്കാരുടെ കുടുംബം ‌വിഷയത്തിൽ സത്യം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. രാജ്യതലസ്ഥാനമായ മനിലയ്ക്ക് തെക്ക് ഭാഗത്തുള്ള ടാഗെയ്റ്റയിലെ ലേക് ഹോട്ടലിലെ  മുറിയിൽ കൈകാലുകൾ ബന്ധിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കൊല്ലപ്പെട്ടവരിൽ സിഡ്‌നിക്കാരനായ ഡേവിഡ് ജെയിംസ് ഫിസ്‌ക് (57), അദ്ദേഹത്തിന്‍റെ പങ്കാളിയും ഫിലിപ്പീൻ വംശജയായ ഓസ്‌ട്രേലിയൻ വനിത ലൂസിറ്റ ബാർക്വിൻ കോർട്ടെസ് (55), കോർട്ടെസിന്‍റെ ബന്ധു എന്നിവർ ഉൾപ്പെടുന്നു. കൊലപാതക കാരണം അറിവായിട്ടില്ലെന്നും ഇരകളുടെ ഫോണുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായിട്ടില്ലെന്ന്  ടാഗെയ്‌റ്റേയിലെ പൊലീസ് മേധാവി ചാൾസ് ഡേവൻ കപാഗ്ക്വാൻ പറഞ്ഞു.

പൊലീസ് സാക്ഷികളെ ചോദ്യം ചെയ്യുകയും സുരക്ഷാ ക്യാമറകൾ പരിശോധിക്കുകയും ചെയ്തു. മുഖംമൂടിയും ഹൂഡിയും ധരിച്ച ഒരാൾ ഒരു സ്ലിങ് ബാഗുമായി ഇരകളുടെ മുറിയിൽ നിന്ന് പുറത്തേക്ക് പോകുന്ന ഫൂട്ടേജ് ലഭിച്ചിട്ടുണ്ട്. മുഖംമൂടി ധാരി പോയി മണിക്കൂറുകൾ ശേഷമാണ് ഇരകളുടെ മൃതദേഹം കണ്ടെത്തിയതെന്നും കപാഗ്ക്വാൻ കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയുടെ വിദേശകാര്യ വകുപ്പ് മരിച്ച ഓസ്‌ട്രേലിയക്കാരുടെ പേരു വിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അവരുടെ കുടുംബങ്ങൾക്ക് കോൺസുലാർ സഹായം നൽകുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ താൻ ഞെട്ടിപ്പോയെന്നും ഇരകളുടെ കുടുംബങ്ങളോട് മാപ്പ് ചോദിക്കുന്നതായും ടാഗെയ്റ്റയുടെ മേയർ ഏബ്രഹാം ടോലെന്‍റിനോ പറഞ്ഞു. ഞങ്ങളുടെ ഓസ്‌ട്രേലിയൻ സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു. എത്രയും വേഗം പ്രതികളെ കണ്ടെത്തുമെന്നും മേയർ ഏബ്രഹാം ടോലെന്‍റിനോ കൂട്ടിച്ചേർത്തു.

ഈ സംഭവത്തിൽ 'അഗാധമായ ദുഃഖം' ഉണ്ടെന്നും അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവുമാണ് തങ്ങളുടെ മുൻഗണനയെന്ന് ഹോട്ടൽ പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക അധികാരികളുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും ഹോട്ടൽ അറിയിച്ചു. സംഭവം നടന്ന ത്രീ സ്റ്റാർ ഹോട്ടലിൽ മൂന്ന് നിലകളിലായി  അതിഥികൾക്ക് താമസിക്കുന്നതിന് 60 മുറികളുണ്ട്.

English Summary:

Family wants answers after ‘horrific’ deaths of Australian couple and relative in Philippine hotel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com