ദുബായ് കിരീടാവകാശി ഇനി യുഎഇ പ്രതിരോധ മന്ത്രി; സുപ്രധാന നിയമനങ്ങളുമായി രാജ്യം
Mail This Article
അബുദാബി ∙ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ യുഎഇ പ്രതിരോധ മന്ത്രിയായി നിയോഗിച്ചു. അദ്ദേഹം യുഎഇ ഉപപ്രധാനമന്ത്രിയായും പ്രവർത്തിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫെഡറൽ ഗവൺമെന്റിൽ വ്യാപകമായ മാറ്റങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്നാണിത്.
ജനപ്രിയ നേതാവായ ഷെയ്ഖ് ഹംദാനെ ജനങ്ങളും ഏറെ സ്നേഹിക്കുന്നു. യുഎഇ ഗവൺമെന്റിന് അദ്ദേഹം ഒരു മുതൽക്കൂട്ടായിരിക്കുമെന്നും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വലിയ സംഭാവന നൽകുമെന്നും വളരെയധികം ആത്മവിശ്വാസമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് എക്‌സിൽ പോസ്റ്റ് ചെയ്തു. വിദേശകാര്യ മന്ത്രിയുടെ ചുമതല നിലനിർത്തിയതിനാൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനെ ഉപപ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. യുഎഇ വിദ്യാഭ്യാസ മന്ത്രിയായി സാറ അൽ അമീരി നിയമിതയായി. അവർ മുൻപ് പൊതുവിദ്യാഭ്യാസ, അഡ്വാൻസ്ഡ് ടെക്നോളജി സഹമന്ത്രിയായിരുന്നു. ഹ്യൂമൻ റിസോഴ്‌സ്, എമിറേറ്റൈസേഷൻ മന്ത്രിയായ ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ ആക്ടിങ് മന്ത്രിയായും പ്രവർത്തിക്കും. വിദ്യാഭ്യാസ മന്ത്രിയായിരുന്ന അഹമ്മദ് ബെൽഹൂൽ ഇനി കായിക മന്ത്രാലയത്തെ സേവിക്കും. ആലിയ അബ്ദുല്ല അൽ മസ്റൂയിയെ സംരംഭകത്വ സഹമന്ത്രിയായും നിയമിച്ചു. സ്വകാര്യ, സർക്കാർ മേഖലകളിൽ ആലിയയ്ക്ക് മികച്ച അനുഭവമുണ്ടെന്നും എമിറേറ്റുകൾക്ക് സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് അവരുടെ കർത്തവ്യമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കമ്മ്യൂണിറ്റി വികസന മന്ത്രാലയത്തെ ഉൾപ്പെടുത്തി വിദ്യാഭ്യാസ-മനുഷ്യവിഭവശേഷി കൗൺസിൽ വിപുലീകരിക്കുകയും ചെയ്തു.