ADVERTISEMENT

അബുദാബി ∙ യുഎഇയിൽ നിന്ന് ഒമാൻ വഴി കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് ഏകദേശം ഒരു ലക്ഷം രൂപ വരെ ലാഭിക്കാമെന്ന് അനുഭവസ്ഥർ പറയുന്നു. സ്വന്തം പേരിൽ വാഹനമുള്ള യുഎഇ വീസക്കാർക്ക് റോഡ് മാർഗം മസ്കത്തിൽ എത്തി അവിടുന്ന് കേരളത്തിലേക്ക് പറക്കാം. തിരിച്ച് മസ്കത്തിൽ എത്തി വാഹനമെടുത്ത് യുഎഇയിലേക്ക് തിരിച്ചെത്താം. 

ഇങ്ങനെ ചെയ്താൽ യുഎഇയിൽനിന്ന് അഞ്ചിരട്ടി തുക നൽകി നേരിട്ട് കേരളത്തിൽ പോയിവരുന്ന ഒരാളുടെ തുക കൊണ്ട് ഒമാൻ വഴി രണ്ടോ മൂന്നോ പേർക്ക് നാട്ടിൽ പോയി വരാം. അതിർത്തി ചെക്പോസ്റ്റിൽ 38 ദിർഹത്തിന് ഒമാൻ വീസ ലഭിക്കും. യുഎഇയിൽ വാഹന ഇൻഷുറൻസിൽ ഭൂരിഭാഗവും ഒമാൻ കവറേജ് കൂടിയുള്ളതാണ്. ഇല്ലെങ്കിൽ 120 ദിർഹത്തിന് ഒമാൻ കവറേജ് ലഭിക്കും. വാഹനമില്ലാത്തവർക്ക് ഒമാൻ–യുഎഇ ബസ് സർവീസുണ്ട്.

ഒമാന‍ിൽ ജൂൺ, ജൂലൈ മാസങ്ങളിലാണ് മധ്യവേനൽ അവധി. മേയ് അവസാന വാരം പോയ വിദേശികളുടെ തിരിച്ചുവരവ് നാളെ തുടങ്ങും. അതുകൊണ്ടുതന്നെ വിദേശത്തേക്കുള്ള വിമാനങ്ങളിൽ തിരക്കില്ലാത്തതാണ് നിരക്ക് കുറയാൻ കാരണം. യുഎഇയിൽനിന്ന് ‍ഡൽഹി, മുംബൈ, ജയ്പുർ, ഗോവ, അഹമ്മദാബാദ് തുടങ്ങിയ സെക്ടറുകൾ വഴി കേരളത്തിലേക്കു പോകുന്നവരും ഏറെ. 

മറ്റു സംസ്ഥാനങ്ങൾ വഴിയോ രാജ്യങ്ങൾ വഴിയോ യാത്ര ചെയ്തും സീസണിലെ അമിത വിമാനക്കൂലി ഒഴിവാക്കാം. ആ പ്രദേശത്തെ ടൂറിസം ആസ്വദിച്ച് പോകുന്ന രീതിയിൽ യാത്ര ആസൂത്രണം ചെയ്താൽ ദീർഘദൂര യാത്ര ആസ്വാദ്യകരമാക്കാമെന്ന് ഇത്തരത്തിൽ യാത്ര ചെയ്തവർ അഭിപ്രായപ്പെട്ടു.

English Summary:

Travel from UAE to Kerala via Oman at low cost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com