ബഹ്റൈനിൽ ഈ വർഷം ആദ്യ പകുതിയിൽ മാത്രം 1,189 തീപിടിത്തങ്ങൾ; നേരിടാം ജാഗ്രതയോടെ
Mail This Article
മനാമ∙ ഈ വർഷം ആദ്യ പകുതിയിൽ ബഹ്റൈനിൽ ഏകദേശം 1,189 തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ പൈലറ്റ് അലി അൽ-കുബൈസി പറഞ്ഞു. വീടുകൾ, വെയർഹൗസുകൾ, വാഹനങ്ങൾ എന്നിങ്ങനെ പല സ്ഥലങ്ങളിലും തീപിടിത്തങ്ങളുണ്ടായി. അശ്രദ്ധ, വൈദ്യുത ഉപകരണങ്ങളുടെ തകരാറുകൾ, വൈദ്യുതോപകരണങ്ങളും ലൈറ്ററുകളും തീപ്പെട്ടികളും പോലുള്ള കത്തുന്ന വസ്തുക്കളും ഉപയോഗിച്ച് കുട്ടികൾ കളിക്കുന്നതമാണ് പലപ്പോഴും തീപിടിത്തിന് കാരണമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉയർന്ന താപനിലയെ കണക്കിലെടുത്ത് ജാഗ്രത പാലിക്കണം. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. വീടുകളിലും കെട്ടിടങ്ങളിലും തീപിടിത്തം ഒഴിവാക്കാൻ ജാഗ്രത പാലിക്കണം.
വീടുകളിലും മറ്റു സ്ഥലങ്ങളിലും തീപിടിത്തം ഒഴിവാക്കാൻ വൈദ്യുത ഉപകരണങ്ങളുടെയും കണക്ഷനുകളുടെയും പതിവ് പരിശോധനയും അറ്റകുറ്റപ്പണികളും നടത്തണം. വൈദ്യുത സർക്യൂട്ടുകളിൽ അമിത ലോഡ് ഒഴിവാക്കണം. ഗ്യാസ് സിലിണ്ടറുകളുടെ കാര്യക്ഷമതയും ചോർച്ചയും പരിശോധിക്കണം. അത്യാവശ്യമെങ്കിൽ അഗ്നിശമന ഉപകരണങ്ങൾ സൂക്ഷിക്കണം.
വാഹനങ്ങൾക്ക് തീപിടിത്തം സംഭവിക്കുന്നത് ഒഴിവാക്കാൻ ഉപയോക്താക്കൾ വാഹനങ്ങൾ ഇടയ്ക്കിടെ പരിശോധിക്കണം. ലൈറ്റർ, ഗ്യാസ് കാനിസ്റ്ററുകൾ, ബാറ്ററികൾ തുടങ്ങിയ കത്തുന്ന വസ്തുക്കൾ കാറിനുള്ളിൽ ഉപേക്ഷിക്കരുത്. തീപിടിത്തം തടയാൻ കാറിന്റെ ഗ്ലാസുകൾ അല്പം തുറന്നിടതും നല്ലതാണെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
പൊതുജന അവബോധം വർധിപ്പിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വിവിധ ബോധവൽക്കരണ പരിപാടികളും ക്യാംപെയ്നുകളും സംഘടിപ്പിക്കുന്നുണ്ട്. പരിശീലന കോഴ്‌സുകൾ, പ്രായോഗിക ശിൽപശാലകൾ, ആരാധനാലയങ്ങൾ, നീന്തൽക്കുളങ്ങൾ, വാണിജ്യ, വ്യാവസായിക സ്ഥാപനങ്ങൾ,വീടുകൾ , വാഹനങ്ങൾ, ഇന്ധന സ്റ്റേഷനുകൾ എന്നിവയുടെ സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികളും പരിശീലനങ്ങളും ഇതിൽ ഉൾപ്പെടുന്നു. വേനൽക്കാലത്ത് തീപിടിത്തം ഉൾപ്പടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കുകയും സിവിൽ ഡിഫൻസിന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ അറിയിച്ചു.