ഒമാനില്‍ ലൈസന്‍സ് ഇല്ലാതെ സാഹസിക യാത്രകള്‍ സംഘടിപ്പിച്ചാല്‍ പിഴയും തടവും
Mail This Article
മസ്‌കത്ത് ∙ ഒമാനില്‍ ലൈസന്‍സ് ഇല്ലാതെ സാഹസിക ടൂറിസം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം. ലൈസന്‍സ് ഇല്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് പത്ത് ദിവസം മുതല്‍ ആറ് മാസം വരെ തടവും 6,000 മുതല്‍ 50,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.
വെബ്‌സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും സാഹസിക യാത്രകളും മറ്റു ടൂറിസം പ്രവൃത്തികളും പരസ്യം ചെയ്യുന്ന കമ്പനികളെയും വ്യക്തികളെയും കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. ലൈസന്‍സ് ഇല്ലാതെയുള്ള എല്ലാതരം വിനോദ പ്രവര്‍ത്തനങ്ങളും ടൂറിസം നിയമത്തിലെ ആര്‍ട്ടിക്കിൾ എട്ടിന്റെ ലംഘനമാണ്. ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടെ വീഴ്ച വരുത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്നും മന്ത്രാലയം പറഞ്ഞു.
അതേസമയം, സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ലൈസന്‍സ് ഉള്ള കമ്പനികളെ മാത്രം തിരഞ്ഞെടുക്കാന്‍ സഞ്ചാരികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. സാഹസിക ടൂറിസം ട്രിപ്പുകളും ക്യാമ്പുകളും മറ്റും സംഘടിപ്പിക്കുന്നതിന് അനുമതിയുള്ള കമ്പനികള്‍ തിരഞ്ഞെടുക്കുന്നതിലൂടെ ശരിയായ സുരക്ഷാ പ്രോട്ടോകോളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സാഹസിക ടൂറിസം യാത്രകള്‍ സംഘടിപ്പിക്കാന്‍ താത്പര്യമുള്ള കമ്പനികള്‍ക്കും വ്യക്തികള്‍ക്കും മന്ത്രാലയത്തില്‍ അപേക്ഷ നല്‍കാം. https://mht.gov.om/ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.