യുഎഇയിൽ അടിമുടി മാറ്റവുമായി വിദ്യാഭ്യാസ വകുപ്പ്; സ്വതന്ത്ര കരുത്തിൽ കായിക മന്ത്രാലയം
Mail This Article
ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 53 വർഷമായി കൈകാര്യം ചെയ്തിരുന്ന പ്രതിരോധ വകുപ്പാണ്, മകനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കൈമാറിയത്. യുഎഇയുടെ രൂപീകരണ ശേഷം 1971ൽ 22–ാം വയസ്സിലാണ് ഷെയ്ഖ് മുഹമ്മദ് യുഎഇയുടെ പ്രതിരോധമന്ത്രിയാകുന്നത്.
ഷെയ്ഖ് ഹംദാന് ഉപപ്രധാനമന്ത്രി പദം കൂടി ലഭിച്ചതോടെ യുഎഇയിൽ ഉപപ്രധാനമന്ത്രിമാർ അഞ്ചായി. വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയിൽ ഉപപ്രധാനമന്ത്രി സ്ഥാനം ലഭിച്ചിരുന്നു. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ നേരത്തേ തന്നെ ഉപപ്രധാനമന്ത്രിമാരാണ്.
∙ ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര ഗവേഷണവും പ്രത്യേക വകുപ്പുകൾ
എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്റും ദ് ഫെഡറൽ അതോറിറ്റി ഫോർ ഏർലി എജ്യുക്കേഷനും ഇനി മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമാകും. 2022ലെ മന്ത്രിസഭാ പുനഃസംഘടനയിലാണ് പൊതുവിദ്യാലയങ്ങളുടെ മേൽനോട്ട ചുമതല എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്റിനു നൽകിയതും നവജാതശിശുക്കൾ മുതൽ 4–ാം ക്ലാസുവരെയുള്ള കുട്ടികളുടെ കാര്യത്തിനായി ദ് ഫെഡറൽ അതോറിറ്റി ഫോർ ഏർലി എജ്യുക്കേഷൻ രൂപീകരിച്ചതും. ഇവ ഏകീകരിച്ചാണ് വിദ്യാഭ്യാസ വകുപ്പിനു കീഴിലാക്കിയത്. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായിരുന്ന ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മേഖലകളെ വീണ്ടും പ്രത്യേക വകുപ്പാക്കുകയും ചെയ്തിട്ടുണ്ട്.
16 വർഷത്തിനു ശേഷം, കായിക മേഖലയ്ക്ക് അവരുടെ വകുപ്പു തിരിച്ചുകിട്ടി. മന്ത്രിസഭാ പുനഃസംഘടനയിലൂടെ കായികം സ്വതന്ത്ര മന്ത്രാലയമായി തിരിച്ചെത്തിയത്. 1971ൽ കായിക മന്ത്രാലയം രൂപീകരിച്ചെങ്കിലും 2008ൽ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമാക്കുകയായിരുന്നു. സംരംഭകത്വ വകുപ്പ് മന്ത്രിയാണ് മന്ത്രിസഭയിലെ പുതുമുഖം. സ്വകാര്യമേഖലയിലും സംരംഭകത്വ രംഗത്തുമുള്ള പ്രവൃത്തിപരിചയമാണ് അലിയ അബ്ദുല്ല അൽ മസ്റൂയിയെ സംരംഭകത്വ വകുപ്പിന്റെ മന്ത്രിയായി നിയോഗിക്കാൻ കാരണം.