ഖത്തറിൽ സൈബർ സെക്യൂരിറ്റി അക്കാദമി സ്ഥാപിക്കുന്നു
Mail This Article
ദോഹ ∙ രാജ്യത്ത് സൈബർ സുരക്ഷ വർധിപ്പിക്കാനും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കിടയിൽ സൈബർ അവബോധം വർധിപ്പിക്കാനുമായി നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി നാഷനൽ സൈബർ സെക്യൂരിറ്റി അക്കാദമി സ്ഥാപിക്കുന്നു .സൈബർ അറിവുകളും പ്രായോഗിക പരിശീലനവും സമന്വയിപ്പിച്ചുള്ള പഠന രീതിയായിരിക്കും ഈ വർഷം ആരംഭിക്കുന്ന സൈബർ അക്കാദമി പിന്തുടരുകയെന്ന് നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി അധികൃതർ അറിയിച്ചു. അക്കാദമി സ്ഥാപിക്കുന്നതിന് നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസിക്ക് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ അനുമതികൾ ലഭിച്ചിട്ടുണ്ട് .
വിവിധ മേഖലകളിലെ ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഹ്രസ്വകാല കോഴ്‌സുകളും കോഴ്‌സു പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും നൽകും. പഠനത്തോടൊപ്പം സൈബർ സുരക്ഷാ ഉപകരണങ്ങൾ, നയങ്ങൾ, തന്ത്രങ്ങൾ എന്നിവയുടെ ഗവേഷണം തുടങ്ങിയ കാര്യങ്ങളിലും അക്കാദമി സംഭാവന നൽകുമെന്ന് നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി പ്രസിഡന്റ് എഞ്ചിൻ അബ്ദുൾ റഹ്മാൻ ബിൻ അലി അൽ ഫറാഹിദ് അൽ മാലികി പറഞ്ഞു. സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാരെ മികച്ച പരിശീലനത്തിലൂടെ സൈബർ അക്രമങ്ങളെ നേരിടാൻ പ്രാപ്തരാക്കുന്നതിലൂടെ രാജ്യത്തെ സൈബർ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.