ഒമാൻ വെടിവയ്പ്പ്: അപലപിച്ച് യുഎഇ
Mail This Article
അബുദാബി ∙ ഒമാനിലെ വാദി കബീറിലെ പള്ളിക്ക് സമീപം ഇന്ത്യക്കാരനടക്കം 9 പേരുടെ മരണത്തിനും പരുക്കിനും ഇടയാക്കിയ വെടിവയ്പ്പിനെ ശക്തമായി അപലപിച്ച് യുഎഇ. ഒമാൻ തലസ്ഥാനമായ മസ്‌കത്തിലെ പള്ളിക്ക് സമീപം നടന്ന വെടിവയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് തോക്കുധാരികളും ഉൾപ്പെടെ ഒന്‍പത് പേർ കൊല്ലപ്പെട്ടതായി സുൽത്താനേറ്റ് പൊലീസ് അറിയിച്ചിരുന്നു. ഇതേ സംഭവത്തിൽ നാല് പൊലീസുകാരടക്കം 28 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എല്ലാവരെയും ആശുപത്രികളിലേയ്ക്ക് മാറ്റി.
ഇന്നലെ പുലർച്ചെ പള്ളിയിൽ പ്രാർഥനയ്ക്കെത്തിയവരുടെ നേരെ മൂന്ന് പേർ വെടിയുതിർക്കുകയും ഒമാനി സുരക്ഷാ സേനയുമായി വെടിവയ്പ്പ് നടത്തുകയും ചെയ്തു. സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഒമാൻ നടപ്പാക്കുന്ന എല്ലാ നടപടികളോടും വിദേശകാര്യ മന്ത്രാലയം ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ഇത്തരം ക്രിമിനൽ പ്രവൃത്തികളെ യുഎഇ ശക്തമായ അപലപിക്കുന്നുവെന്നും രാജ്യാന്തര നിയമത്തിന് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കുകയും ജനങ്ങളുടെ ജീവന് അപകടത്തിലാക്കുകയും ചെയ്യുന്ന എല്ലാത്തരം അക്രമങ്ങളെയും ശാശ്വതമായി നിരസിക്കുന്നതായും യുഎഇ അറിയിച്ചു. ഒമാനിലെ സർക്കാരിനോടും ജനങ്ങളോടും ഈ ഹീനമായ കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബങ്ങളോടും ആത്മാർത്ഥമായ അനുശോചനം അറിയിച്ചു. പരുക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ഒമാൻ വിദേശകാര്യ മന്ത്രാലയമാണ് മരണവിവരം സ്ഥിരീകരിച്ചത്.