ഉമ്മൻ ചാണ്ടിയുടെ ഏറ്റവും ഒടുവിലെ ‘നയതന്ത്ര’ വിജയം; സൗദിയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സക്കീറിന്റെ മോചനം
Mail This Article
ദുബായ് ∙ സാധാരണക്കാരുടെ പ്രശ്നങ്ങൾ തന്നെയായിരുന്നു ഗൾഫ് രാജ്യങ്ങളിലും ഉമ്മൻ ചാണ്ടിക്കു മുഖ്യം. നേരിട്ടോ കത്തിലൂടെയോ ഫോൺ വിളിയിലൂടെയോ ഉമ്മൻ ചാണ്ടി ഇടപെടാത്ത പ്രവാസി വിഷയങ്ങൾ കുറവ്. ലേബർ ക്യാംപുകളിലും കഫറ്റീരിയകളിലും സൂപ്പർ മാർക്കറ്റുകളിലും ആ കരുതലറിഞ്ഞവർ ഏറെ.
വിമാനയാത്രക്കൂലി, പ്രവാസി വോട്ട്, പുനരധിവാസം, ജയിൽ ശിക്ഷാ ഇളവ്, ജയിൽ മോചനം... ഉമ്മൻ ചാണ്ടി ഇടപെടാത്ത പ്രശ്നങ്ങൾ ചുരുക്കമായിരുന്നു. അതിനൊപ്പം സ്മാർട് സിറ്റിയും എയർ കേരളയും പോലുള്ള വികസന വിഷയങ്ങളും അദ്ദേഹം ഏറ്റെടുത്തു. പ്രവാസം അവസാനിപ്പിക്കുന്നവർ കേരളത്തിൽ സംയുക്ത സംരംഭങ്ങളും സഹകരണ സംഘങ്ങളും തുടങ്ങണമെന്നു സൗദിയിലെ പൊതുചടങ്ങിൽ ഉമ്മൻ ചാണ്ടി നൽകിയ ആഹ്വാനം ഏറ്റെടുത്ത് സ്ഥാപനങ്ങൾ തുടങ്ങിയവർ കണ്ണൂരിലും മാഹിയിലും വ്യവസായത്തിൽ സജീവമാണ്.
ഇറാഖിൽ കുടുങ്ങിയ നഴ്സുമാർക്കു തിരികെ വരാൻ വിമാനക്കൂലിക്കു കേരളം പണം മാറ്റിവച്ചെങ്കിലും കേന്ദ്രം വിമാനം അയച്ചതിനാൽ അത് ഉപയോഗിക്കേണ്ടി വന്നില്ല. പിന്നീട്, ഈ പണം മടങ്ങിയെത്തിയ നഴ്സുമാർക്ക് ആശ്വാസ ധനമായി അനുവദിച്ചു. അവർക്കായി നോർക്കയുടെ നേതൃത്വത്തിൽ തൊഴിൽ മേളയും സംഘടിപ്പിച്ചു. യുഎൻ അവാർഡ് വാങ്ങാൻ ബഹ്റൈനിൽ എത്തിയപ്പോൾ ജനത്തിരക്കു കാരണം ഹാളിനുള്ളിൽ കടക്കാൻ ഉമ്മൻ ചാണ്ടി ഒരുപാടു നേരം കാത്തുനിൽക്കേണ്ടി വന്നു.
ട്രാഫിക് ലൈറ്റുകൾ അണച്ചാണ് ബഹ്റൈൻ സർക്കാർ വഴിയൊരുക്കിയത്. യുഎൻ സെക്രട്ടറി ജനറൽ ബാൻകി മൂണും ബഹ്റൈനിലെ സർക്കാർ പ്രതിനിധികളും ഉൾപ്പെടെ വലിയ പരിപാടിയായിരുന്നു 2013ലേത്. ഇറാഖിലെ ആഭ്യന്തര യുദ്ധത്തിൽ കുടുങ്ങിപ്പോയ നഴ്‌സുമാരെ മോചിപ്പിക്കാൻ അദ്ദേഹം ആദ്യം വിളിച്ചതും ബഹ്റൈനിലേക്കാണ്. ഇറാഖിലെ സ്ഥാനപതി അജയകുമാർ ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയിൽ മുൻ സെക്കൻഡ് സെക്രട്ടറി ആയിരുന്നതാണ് കാരണം.
ബഹ്റൈൻ വഴിയാണ് അജയകുമാറിനെ ഉമ്മൻ ചാണ്ടി ബന്ധപ്പെട്ടത്. സൗദിയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കൊല്ലം വള്ളിത്തോട്ടം ഗാന്ധിനഗർ സ്വദേശി സക്കീർ ഹുസൈന്റെ മോചനമാണ് ഉമ്മൻ ചാണ്ടിയുടെ ഏറ്റവും ഒടുവിലെ ‘നയതന്ത്ര’ വിജയം. കോട്ടമുറിക്കൽ തൃക്കൊടിത്താനം ചാലയിൽ വീട്ടിൽ തോമസ് മാത്യുവിനെ (27) കുത്തിക്കൊന്ന കേസിലാണ് സക്കീർ ഹുസൈൻ ജയിലിലായത്. ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ, തോമസിന്റെ മാതാപിതാക്കളും സഹോദരങ്ങളും സക്കീറിനു മാപ്പുകൊടുത്തു.
അർബുദ ചികിത്സയ്ക്ക് അമേരിക്കയിലേക്കു പോകും വഴിയായിരുന്നു അവസാനമായി ഉമ്മൻ ചാണ്ടി ദുബായിൽ ഇറങ്ങിയത്.