ADVERTISEMENT

സന്‍ആ(യമൻ) ∙ പതിനാറു കൊല്ലം മുമ്പ് യുഎഇയിൽ നടന്ന മില്യന്‍സ് പൊയറ്റ് മത്സരത്തിൽ വിജയിയായി കോടികൾ സമ്മാനമായി വാങ്ങിയ പ്രമുഖ യമനി കവി ആമിര്‍ ബിന്‍ അംറ് ബല്‍ഉബൈദ് മരുഭൂമിയിൽ വഴി തെറ്റി വെള്ളം കിട്ടാതെ മരിച്ചു. തെക്കുകിഴക്കന്‍ യമനിലെ ശബ്‌വ ഗവര്‍ണറേറ്റിലെ മരുഭൂമിയിൽ നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തു.

ഹദര്‍മൗത്തില്‍ നിന്ന് ശബ്‌വയിലേക്ക് മടങ്ങുന്നതിനിടെ ശബ്‌വയിലെ അര്‍മാ ജില്ലയിലെ അല്‍അഖ്‌ല മരുഭൂമിയിൽ വഴി തെറ്റുകയായിരുന്നു. സ്വദേശമായ ശബ്‌വയില്‍ നിന്ന് ഹദര്‍മൗത്തിലേക്ക് പോയ ആമിര്‍ ബല്‍ഉബൈദ് മൂന്നു ദിവസം മുമ്പാണ് ശബ്‌വയിലേക്ക് മടങ്ങിയത്. എന്നാൽ മടക്കയാത്രയില്‍ അര്‍മായില്‍ വഴിതെറ്റി. രണ്ടു ദിവസം മുമ്പ് ആമിര്‍ ബല്‍ഉബൈദുമായുള്ള ഫോണ്‍ ബന്ധം മുറിയുകയും ചെയ്തു. തിരച്ചിലിൽ മൊബൈൽ ഫോണും ബാഗും മരുഭൂമിയിൽനിന്ന് കണ്ടെത്തി. വൈകാതെ മരിച്ച നിലയിൽ ആമിറിനെയും കണ്ടെത്തുകയായിരുന്നു. മേഖലയിലെ ഗോത്ര വർഗക്കാരാണ് മരണ വാർത്ത സ്ഥിരീകരിച്ചത്.

ആമിർ ബൽ ഉബൈദിന്റെ മരണവാർത്ത പുറത്തെത്തിയതോടെ ശബ്‌വ ഗവർണറേറ്റിലെ ജനങ്ങളിൽ ദുഃഖം പടർന്നുവെന്ന് യമനിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വന്തം ജീവിതാനുഭവങ്ങളും ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്ന സമ്പന്നമായ സാംസ്കാരിക-സാഹിത്യ പാരമ്പര്യം വിളിച്ചുപറയുന്ന കവിതകളിലൂടെ വലിയ അംഗീകാരമാണ് ആമിർ ബൽ ഉബൈദ് നേടിയത്. 2008ലെ മില്യന്‍സ് പൊയറ്റ് മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് ആമിര്‍ ബല്‍ഉബൈദ് പ്രശസ്തനായത്. മത്സരത്തില്‍ വിജയിച്ചതോടെ യുഎഇയിലേക്ക് മാറിയ ആമിര്‍ ബല്‍ഉബൈദ് 2021-ൽ യമനിലേക്ക് തന്നെ തിരിച്ചെത്തി. കിഴക്കൻ യെമനിലെ മരുഭൂമിയിലെ റോഡുകളിൽ വഴി തെറ്റി വെള്ളം കിട്ടാതെ ആളുകൾ മരിക്കുന്നത് നിത്യസംഭവമാണ്. രണ്ട് ദിവസം മുമ്പ് മാരിബ് ഗവർണറേറ്റിലെ മരുഭൂമിയിൽ, അബ്ദുല്ല മുബാറക് അൽ-ഉബൈദിയെ ദാഹിച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

English Summary:

Desert Death: Famous Poet and Reality Show Winner Amir Bal Ubaid Died in Desert by Losing Way and Out of Water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com