50 ലിലിയം ജെറ്റുകളും 50 വിമാനങ്ങളും ജർമൻ കമ്പനിയിൽ നിന്ന് വാങ്ങാൻ സൗദിയ ഗ്രൂപ്പ്
Mail This Article
ജിദ്ദ ∙ ആദ്യത്തെ പൂർണ വൈദ്യുത ഇ-വിറ്റോൾ (ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് എയർക്രാഫ്റ്റ്) വിമാനങ്ങൾ വികസിപ്പിച്ച ജർമൻ കമ്പനിയായ ലിലിയവുമായി 50 ലിലിയം ജെറ്റുകളും 50 വിമാനങ്ങളും കൂടി വാങ്ങാൻ ജർമൻ കമ്പനിയുമായി കരാറിൽ സൗദിയ ഗ്രൂപ്പ് ഒപ്പുവെച്ചു.
ബിസിനസ് മേഖല, എക്സിബിഷനുകൾ, ടൂറിസം ഗതാഗതം, തീർഥാടകരെ സേവിക്കൽ എന്നീ മേഖലകളിൽ ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും ദേശീയ വ്യോമയാന തന്ത്രത്തിന്‍റെയും ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് സർവീസ് തന്ത്രത്തിന്‍റെയും ലക്ഷ്യങ്ങൾക്ക് അനുസൃതമായി സൗദിയിൽ വ്യോമഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്താനും ഈ കരാറിലൂടെ ലക്ഷ്യമിടുന്നതായി ഗതാഗത, ലോജിസ്റ്റിക്സ് സർവീസ് മന്ത്രി പറഞ്ഞു.
ലംബമായി ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും കഴിയുന്ന ഇലക്ട്രിക് വിമാനങ്ങൾ യാത്രക്കാരെ കൊണ്ടുപോകാൻ പുതിയ റൂട്ടുകൾ നൽകും. ഒറ്റ ചാർജിങ്ങിൽ 175 കിലോമീറ്റർ വരെ ദൂരം താണ്ടാൻ ഇ- വിറ്റോൾ വിമാനങ്ങൾക്ക് സാധിക്കും. ഇവയുടെ വേഗം മണിക്കൂറിൽ 250 കിലോമീറ്റർ വരെയാണ്. മറ്റു യാത്രാ ഓപ്ഷനുകളെ അപേക്ഷിച്ച് യാത്രാ സമയം 90 ശതമാനം വരെ കുറക്കാൻ ഇലക്ട്രിക് എയർ ടാക്സികൾ സഹായിക്കും.
ഓർഡർ പ്രകാരമുള്ള ആദ്യ ഇ-വിറ്റോൾ വിമാനം 2026 ൽ സൗദിയക്ക് ലഭിക്കും. സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തുന്ന ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നിയമങ്ങൾക്കനുസൃതമായി ഇലക്ട്രിക് വിമാനങ്ങളുടെ പ്രവർത്തനം അംഗീകരിക്കപ്പെടും. ആറു സീറ്റുകളുള്ള ഇ-വിറ്റോൾ വിമാനങ്ങൾ വാങ്ങാൻ ലിലിയം കമ്പനിയുമായി സൗദിയ 2022 ഒക്ടോബറിൽ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് അന്തിമ കരാർ ഒപ്പുവെച്ചിരിക്കുന്നത്.
ജിദ്ദ എയർപോർട്ടിൽ നിന്ന് ഹജ്, ഉംറ തീർഥാടകരെ മക്കയിലും തിരിച്ചും എത്തിക്കാനും സൗദിയിലെ ടൂറിസം കേന്ദ്രങ്ങളിലും വ്യത്യസ്‌ത പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലും സന്ദർശകരെ എത്തിക്കാനും ബിസിനസ് മേഖലക്ക് സേവനം നൽകാനും പ്രധാന വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ഇ- വിറ്റോൾ വിമാനങ്ങൾ ഉപയോഗിച്ച് എയർ ടാക്സി സേവനം ആരംഭിക്കാനാണ് സൗദിയ ലക്ഷ്യമിടുന്നത്.