ദരിദ്രവിഭാഗങ്ങൾക്ക് അടിയന്തര വൈദ്യ സഹായം; വിവിധ രാജ്യങ്ങളിലായി 10 ആശുപത്രികൾ നിർമിക്കാൻ യുഎഇ
Mail This Article
അബുദാബി ∙ ദരിദ്രവിഭാഗങ്ങൾക്ക് അടിയന്തര വൈദ്യ സഹായം നൽകുന്നതിന് ലോകത്ത് വിവിധ രാജ്യങ്ങളിൽ പുതിയതായി 10 ആശുപത്രികൾ പ്രഖ്യാപിച്ച് യുഎഇ. സായിദ് ഹ്യുമാനിറ്റേറിയൻ ലെഗസി സംരംഭത്തിന്റെ ഭാഗമായാണ് 15 കോടി ഡോളർ ചെലവിൽ ആശുപത്രികൾ നിർമിക്കുക.
അടുത്ത 10 വർഷത്തിനകം 10 ആശുപത്രികൾ എന്നതാണ് ലക്ഷ്യമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. പദ്ധതിയുടെ ഭാഗമായ ആദ്യ ആശുപത്രിയുടെ നിർമാണം ഇന്തൊനീഷ്യയിൽ ആരംഭിച്ചു. യുഎഇ – ഇന്തൊനീഷ്യ ഹോസ്പിറ്റൽ ഫോർ കാർഡിയാക്ക് ഡിസീസ് സെൻട്രൽ ജാവയിലെ സുരാകാർത്തയിലാണ് നിർമിക്കുന്നത്. ഈ വർഷാവസാനത്തോടെ ആശുപത്രി പ്രവർത്തനസജ്ജമാകും.
എല്ലാവർക്കും മെച്ചപ്പെട്ട ആരോഗ്യവും കൃത്യമായ ചികിത്സാ സൗകര്യവും ലഭിക്കുന്നതിനാണ് യുഎഇ പദ്ധതി രൂപീകരിച്ചത്. ഇതിനായി രാജ്യാന്തര സഹകരണവും രാജ്യം പ്രതീക്ഷിക്കുന്നു. അസമത്വത്തിനെതിരെ പോരാടുന്നവർക്കും സഹായ – സന്നദ്ധ പദ്ധതികൾക്കും, സുസ്ഥിര വികസന പദ്ധതികൾക്കും സായിദ് ഹ്യുമാനിറ്റേറിയൻ ലെഗസി വഴി നിക്ഷേപം ലഭിക്കും. ലോക ആരോഗ്യ സംരക്ഷണ വഴിയിൽ യുഎഇയുടെ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന പദ്ധതിയാണിതെന്ന് ചെയർമാൻ ഷെയ്ഖ് തായേബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. അടുത്ത 10 വർഷത്തിനകം പദ്ധതി ലോകത്ത് പ്രകടമായ മാറ്റം കൊണ്ടു വരും. സമൂഹത്തിൽ പിന്തള്ളപ്പെട്ടവരെ കൈപിടിച്ചുയർത്താനും എല്ലാ ജനങ്ങളുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്തോനീഷ്യയിൽ ഹൃദ്രോഗികളുടെ വർധിച്ച എണ്ണം കണക്കിലെടുത്താണ് ഹൃദ്രോഗ പരിചരണ ആശുപത്രി നിർമിക്കാൻ തീരുമാനിച്ചത്. രാജ്യത്തെ ആരോഗ്യ രംഗത്തിന് ഇപ്പോഴത്തെ സാഹചര്യം നേരിടാൻ പരിമിതികൾ ഉള്ളതിനാലാണ് യുഎഇ ഇന്തൊനീഷ്യയുമായി കൈകോർക്കാൻ തീരുമാനിച്ചത്. യുഎഇ നിലവിൽ വന്ന ശേഷം 8700 കോടി ഡോളർ വിദേശ രാജ്യങ്ങൾക്ക് വിവിധ സഹായ പദ്ധതികൾക്കായി കൈമാറിയിട്ടുണ്ട്.