യുഎഇയിൽ കുതിപ്പിൽ അൽപം ബ്രേക്കിട്ട് സ്വർണവില
Mail This Article
ദുബായ് ∙ കുതിപ്പിൽ അൽപം ബ്രേക്കിട്ട് സ്വർണവില. ഗ്രാമിന് 5 ദിർഹമാണ് ഇന്നലെ ഇടിഞ്ഞത്. ബുധനാഴ്ച 24 കാരറ്റ് സ്വർണം ഗ്രാമിന് 300 ദിർഹം വരെ എത്തിയത് ഇന്നലെ 293.5 ദിർഹമായി കുറഞ്ഞു.
22 കാരറ്റ് 271.75 ദിർഹവും 21 കാരറ്റ് 263.25 ദിർഹവും 18 കാരറ്റ് 225.50 ദിർഹവുമായി. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സെപ്റ്റംബറിൽ കുറയുമെന്ന അഭ്യൂഹത്തെ തുടർന്നു ഡോളറിൽ നിക്ഷേപിച്ചവർ അടക്കം സ്വർണത്തിലേക്ക് മാറിയതാണ് ലോകമെമ്പാടും സ്വർണവില ഉയർത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് ആളുകൾ സ്വർണത്തിൽ പണം മുടക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
സെപ്റ്റംബർ വരെയും സ്വർണവിലയിൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല. വില കയറാനുള്ള സാധ്യതയും പ്രവചിക്കുന്നു. മലയാളികളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറികൾ ഓണവിപണി ലക്ഷ്യമിട്ട് സ്വർണത്തിന് അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. നിശ്ചിത തുക അഡ്വാൻസ് ആയി നൽകി അന്നത്തെ സ്വർണവില ലോക്ക് ചെയ്യാം. പിന്നീട് വില ഉയർന്നാലും മുൻകൂട്ടി ബുക്കിങ് ഉള്ളതിനാൽ ബാധിക്കില്ല.
അതേസമയം, വില കുറഞ്ഞാൽ, താഴ്ന്ന വിലയിൽ വാങ്ങാം. ഇത്തവണ സെപ്റ്റംബറിലാണ് ഓണം. ഫെഡറൽ റിസർവ് പലിശ നിരക്ക് പ്രഖ്യാപിക്കുന്നതും സെപ്റ്റംബറിലാണ്. വിലവർധനയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സ്വർണം മുൻകൂട്ടി ബുക്ക് ചെയ്യാനാണ് ജ്വല്ലറികൾ ഉപദേശിക്കുന്നത്. പവന് 50,000 രൂപ പിന്നിട്ട് സ്വർണം കഴിഞ്ഞ 6 മാസത്തിനിടെ വിലസ്ഥിരതയാണ് കാണിക്കുന്നത്. വിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും അരലക്ഷം രൂപയിൽ താഴേക്കു പോയിട്ടില്ല.
യുദ്ധങ്ങൾ, ചില രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരത തുടങ്ങിയ സാഹചര്യങ്ങൾ സ്വർണവിപണിക്ക് അനുകൂലമായെന്നാണ് വിലയിരുത്തൽ. സുരക്ഷിത നിക്ഷേപമായി ലോക രാജ്യങ്ങൾ സ്വർണം തിരഞ്ഞെടുത്തതും വൻകിട സാമ്പത്തിക ശക്തികൾ സ്വർണത്തിൽ കരുതൽ ശേഖരം വർധിപ്പിക്കുന്നതും സ്വർണത്തിനു നേട്ടമായി.