ADVERTISEMENT

ദുബായ് ∙ മൈക്രോസോഫ്റ്റ് വിൻഡോസ് നിശ്ചലമായത് രാജ്യത്തെ സർക്കാർ ഓഫിസുകളെയും ദുബായ് രാജ്യാന്തര വിമാനത്താവളത്തെയും താൽക്കാലികമായി ബാധിച്ചു. പ്രശ്നം പരിഹരിക്കും വരെ, ഓൺലൈൻ ഇടപാടുകൾ വിലക്കി വിദേശകാര്യ, മാനവ വിഭവ മന്ത്രാലയങ്ങൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ഇന്റർനെറ്റിൽ സൈബർ ആക്രമണങ്ങൾ ചെറുക്കാൻ ഉപയോഗിക്കുന്ന ക്രൗഡ്സ്ട്രൈക് സോഫ്റ്റ്‌വെയറിലെ തകരാറാണ് മൈക്രോസോഫ്റ്റിനെ ബാധിച്ചത്. രാജ്യത്ത് ക്രൗഡ്സ്ട്രൈക് ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. ക്രൗഡ്സ്ട്രൈക് സോഫ്റ്റ്‌വെയറിലെ അപ്ഡേറ്റ് ഇലക്ട്രോണിക് ഉപകരണത്തിനു കേടുവരുത്തിയേക്കുമെന്നും മുന്നറിയിപ്പിൽ പറഞ്ഞു. സോഫ്റ്റ്‌വെയർ തകരാറാണെന്നും ഏതെങ്കിലും തരം സൈബർ ആക്രമണത്തിന്റെ സൂചന ലഭിച്ചിട്ടില്ലെന്നും കൗൺസിൽ വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്ന ഹാക്കർമാരുടെ പിടിയിൽ വീഴരുത്. സാങ്കേതിക തകരാർ പരിഹരിക്കാമെന്നു ഹാക്കർമാർ വാഗ്ദാനം ചെയ്യാമെന്നും വ്യക്തിവിവരങ്ങൾ ചോർത്താനുമുള്ള സാധ്യത മുന്നിൽ കണ്ട് ജാഗ്രതയോടെ പ്രവർത്തിക്കണം. ഔദ്യോഗിക സ്രോതസ്സുകൾ നൽകുന്ന വിവരങ്ങൾ മാത്രം അനുസരിച്ചാൽ മതിയെന്നും മുന്നറിയിപ്പുണ്ട്. 

ആഗോള സാങ്കേതിക തകരാർ ഷാർജ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചില്ലെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. എല്ലാ വിമാനങ്ങളും കൃത്യമായി സർവീസ് നടത്തിയെന്ന് അതോറിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. ചില എയർലൈനുകളുടെ ചെക് ഇൻ സർവീസ് മാത്രമാണ് തടസ്സപ്പെട്ടത്. 

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലും രണ്ടിലും ചെക്ക് ഇൻ സംവിധാനത്തിൽ ഏതാനും നേരത്തേക്ക് തടസ്സപ്പെട്ടെങ്കിലും പ്രശ്നം അതിവേഗം പരിഹരിച്ചു. ലോകമെമ്പാടും പ്രശ്നം ബാധിച്ചതിനാൽ ചില വിമാനങ്ങൾ വൈകി. സിംഗപ്പൂർ, ബാങ്കോക്ക്, ഹോങ്കോങ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളെ വിൻഡോസ് തകരാർ ബാധിച്ചു. ചെക്ക് ഇൻ നടപടികൾക്ക് ഏറെ നേരം വേണ്ടിവന്നു. എഴുതിയാണ് ചെക് ഇൻ നടപടികൾ പൂർത്തിയാക്കിയത്. എമിറേറ്റ്സിന്റെയും ഫ്ലൈ ദുബായുടെയും സർവീസിനെ സാങ്കേതിക തകരാർ ബാധിച്ചില്ലെന്നും വക്താക്കൾ അറിയിച്ചു. 

∙ കാർഡ് പേയ്മെന്റ് മുടങ്ങി; പണമെടുക്കാൻ നെട്ടോട്ടം 
രാജ്യാന്തര സൈബർ തകരാറിനെ തുടർന്നു പല വ്യാപാര സ്ഥാപനങ്ങളിലും കാർഡ് പേയ്മെന്റ് മുടങ്ങി. ചില കടകൾ കാഷ് ഒൺലി ബോർഡുകൾ സ്ഥാപിച്ചു. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന പിഒഎസ് മെഷീനുകളിലൂടെ ഇടപാടുകൾ നടക്കാതെ വന്നതോടെയാണ് പണം നേരിട്ടു നൽകി സാധനങ്ങൾ വാങ്ങേണ്ടി വന്നത്. പണമായി കയ്യിൽ ഇല്ലാതിരുന്നവർ ഇന്നലെ ബുദ്ധിമുട്ടി. പെട്രോൾ പമ്പുകളിൽ കാർഡ് എടുക്കാതെ വന്നതോടെ പലരും പണമെടുക്കാൻ  നെട്ടോട്ടമോടി. കാർഡ് വന്നതോടെ ഇപ്പോൾ പലരുടെയും പഴ്സിൽ നോട്ടുകൾ കാണാനില്ല. 

എടിഎമ്മുകൾ ഡൗൺ ആയതിനാൽ പണമെടുക്കാനും ബുദ്ധിമുട്ടി. ചെറിയ ഗ്രോസറികൾ മുതൽ വൻകിട ഷോപ്പിങ് മാളുകളിലും ഫാർമസികളിലും വരെ പേയ്മെന്റ് പ്രശ്നങ്ങളുണ്ടായി. കയ്യിൽ പണമില്ലാത്തിനാൽ സാധനങ്ങൾ വാങ്ങാതെ മടങ്ങിയവരുമുണ്ട്.

English Summary:

Check-In Delays at Airports Due to CrowdStrike Issues, Flights Unaffected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com