യുഎഇയിലെ ബാങ്കുകളിൽ നിന്ന് വൻതുക വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങി; സ്വത്തുക്കൾ മരവിപ്പിച്ചു: കേരളത്തിലും 'രക്ഷയില്ല'
Mail This Article
ദുബായ് ∙ യുഎഇയിലെ ബാങ്കുകളിൽ നിന്ന് ഭീമൻ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാട്ടിലേയ്ക്ക് മുങ്ങുന്ന തട്ടിപ്പുകാർക്ക് വീണ്ടും പ്രഹരമായി കേരളത്തിലെ കോടതി. യുഎഇയിലെ ഇൻവെസ്റ്റ് ബാങ്ക് വായ്പയായി അനുവദിച്ച 135 കോടി രൂപയിൽ 83 കോടി രൂപ തിരിച്ചടയ്ക്കാതെ മുങ്ങിയതിന്റെ പേരിൽ കാസർകോട് കാഞ്ഞങ്ങാട് ചന്തേര പൊലീസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ചന്തേര ചേനോത്ത് തിരുത്തുമ്മൽ സ്വദേശിയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയതോടെ ഇക്കാര്യത്തിൽ നിയമം കർശനമാണെന്ന് ഒന്നുകൂടി ഉറപ്പായി.
ബാങ്കുമായി യുഎഇയിൽ സിവിൽ കേസുണ്ടെന്നും അതിനാൽ ഇവിടെ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഇതു തള്ളിയ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന തട്ടിപ്പുകൾ യുഎഇയിലുള്ള ഇന്ത്യക്കാരുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അഭിപ്രായപ്പെട്ടു. അന്വേഷണത്തിനു മുൻപേ കേസ് റദ്ദാക്കുന്നത് പരാതിക്കാരുടെ താത്‌പര്യങ്ങൾക്ക് എതിരാകും. എഫ് ഐആറും രേഖകളും പരിശോധിക്കുന്നതിൽനിന്ന് ആരോപിക്കപ്പെടുന്ന കുറ്റം പ്രതിക്കെതിരെ ഈ ഘട്ടത്തിൽ നിലനിൽക്കുമെന്നും കോടതി പറഞ്ഞു.
ഓയിൽ ആൻഡ് ഗ്യാസ് സർവീസസ് കമ്പനിയുടെ പേരിലായിരുന്നു യുഎഇയിലെ ബാങ്കിൽനിന്ന് ഹർജിക്കാരൻ 2017-18 കാലത്ത് 68.159 ദശലക്ഷം യുഎഇ ദിര്‍ഹം (135 കോടി രൂപ) വായ്പ എടുത്തത്. ഇതിൽ 42.898 ദശലക്ഷം യുഎഇ ദിര്‍ഹമാണ് (83 കോടി രൂപ) തിരിച്ചടയ്ക്കാനുള്ളത്. ഇത്തരത്തിൽ ബാങ്ക് വായ്പയെടുത്ത് നാട്ടിലേക്കു മുങ്ങുന്നവർക്കെതിരെ ഇന്ത്യയിലും പിടിമുറുക്കുന്നുവെന്ന് കഴിഞ്ഞ ജൂണിൽ മനോരമ ഒാണ്‍ലൈൻ വാർത്ത പ്രസിദ്ധീകിച്ചിരുന്നു.
ബാങ്ക് വായ്പയെടുത്ത് തട്ടിപ്പ്; പ്രതിസന്ധിയിലാകുന്നത് ഒട്ടേറെ പേർ
തട്ടിപ്പുവ്യവസായികൾ യുഎഇയിലെ ബാങ്കുകളിൽ നിന്ന് വൻതുകകൾ വായ്പയെടുത്ത് മുങ്ങുമ്പോൾ പ്രതിസന്ധിയിലാകുന്നത് ഒട്ടേറെ പേരാണെന്ന് ഇത്തരം കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള യുഎഇയിലെ അഭിഭാഷക മലപ്പുറം സ്വദേശിനി പ്രീതാ ശ്രീറാം പറഞ്ഞു. ബാങ്കുകൾക്ക് വൻതുക നഷ്ടപ്പെടുന്നത് കൂടാതെ, ഇതുപോലുള്ള കമ്പനികൾക്ക് വേണ്ടി സാധനസാമഗ്രികൾ വിതരണം ചെയ്തിരുന്ന ചെറുകിട വിതരണക്കമ്പനികള്‍ക്കും നഷ്ടമുണ്ടാകുന്നു. പല കമ്പനികളും വിതരണക്കാർക്ക് ചെക്കുകളാണ് നൽകാറ്. എന്നാൽ അവർ സാധനങ്ങൾ ഡെലിവറി ചെയ്ത കമ്പനി ഒരു സുപ്രഭാതത്തിൽ പൂട്ടി ഉടമകൾ മുങ്ങുന്നതോടെ ഇവരുടെയെല്ലാം പണം നഷ്ടപ്പെടുകയും പ്രതിസന്ധിയിലാകുകയും ചെയ്യുന്നു. എന്നാൽ, മുങ്ങൽ വിദഗ്ധന്മാർ എവിടെയാണോ ഉള്ളത്, അവിടെ ചെന്ന് ഇവർക്കും കേസ് കൊടുക്കാവുന്നതാണ്.
യുഎഇയിൽ നിർബന്ധമായും കേസ് കൊടുത്തിരിക്കണം
എന്നാൽ പലരും മുങ്ങിയ കമ്പനിക്കെതിരെ ഇനി കേസ് കൊടുത്തിട്ട് ഫലമുണ്ടാകില്ലെന്ന് കരുതി അതിന് തുനിയാതിരിക്കാറാണ് പതിവ്. ഇതുകൊണ്ട് തങ്ങളുടെ പേരിൽ കേസില്ലെന്ന് മനസ്സിലാക്കി പണ്ട് മുങ്ങിയ പല കമ്പനിയുടമകളും കുറേക്കാലം കഴിഞ്ഞ് യുഎഇയിലേയ്ക്ക് തിരിച്ചുവന്ന് പുതിയ കമ്പനി തുടങ്ങാറുണ്ട്. ഒരു കാര്യം ഒാർക്കേണ്ടത്, തങ്ങളെ പറ്റിച്ച് മുങ്ങിയ കമ്പനികൾക്കെതിരെ സപ്ലൈ കമ്പനികളും തൊഴിലാളികളും നിർബന്ധമായും കോടതിയെ സമീപിക്കണമന്നതാണ്. കാരണം, ഇത്തരം തട്ടിപ്പുകാരെ ഒരിക്കലും വീണ്ടും ഇവിടെ വന്ന് സ്വൈര്യമായി വിഹരിക്കാൻ അനുവദിക്കരുത്. ഇതുമാത്രമല്ല, എത്രകാലം കഴിഞ്ഞാലും പഴയ ചെക്ക് വച്ച് കോടതിയെ സമീപിക്കാവുന്നതുമാണ്. ഇതിനായി അഭിഭാഷകരെ സമീപിച്ച് ഉചിതമായ നടപടി സ്വീകരിക്കാം.
സ്വത്തുക്കൾ മരവിപ്പിക്കാനും കോടതി ഉത്തരവ്
യുഎഇയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നെടുത്ത 41 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്ത കേസില്‍ കുറ്റാരോപിതരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ അടുത്തിടെ കണ്ണൂർ ജില്ലാ കോടതി ഉത്തരവിട്ടതും ഇത്തരത്തിൽ തട്ടിപ്പു നടത്തുന്നവർക്ക് മുന്നറിയിപ്പാണ്. ഷാർജയിലെ ഇൻവെസ്റ്റ് ബാങ്കിൽ നിന്ന് 1.54 കോടി ദിർഹ(ഏകദേശം 35 കോടി രൂപ)ത്തിന്റെ ബാധ്യത തിരിച്ചടയ്ക്കാതെ 4 വർഷം മുൻപ് മലയാളി വ്യവസായി നാട്ടിലേയ്ക്ക് കടന്നതായി ദുബായ് കോടതിയിൽ കേസ് നൽകിയിരുന്നു.
യുഎഇയിൽ സ്കഫോൾഡിങ് അടക്കം പലതരം വ്യവസായ സംരംഭങ്ങൾക്ക് ഉടമയായ തലശ്ശേരി സ്വദേശിയാണ് പണം തിരിച്ചടയ്ക്കാതെ നാട്ടിലേയ്ക്ക് മുങ്ങിയത്. ഇതേത്തുടർന്ന് തുകയും 12% പലിശയും ബാങ്കിന് നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. എന്നിട്ടും പണം തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് ബാങ്ക് അവരുടെ പവർ ഒാഫ് അറ്റോർണി വഴി ജില്ലാ കോടതിയിൽ കേസ് നൽകിയത്. ഇൗ കേസിലാണ് കണ്ണൂർ ജില്ലാ കോടതിയുടെ ഉത്തരവുണ്ടായത്. സ്വത്തുവകകളുടെ കൈമാറ്റവും വിൽപനയും കോടതി തടഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ഒട്ടേറെ ഇന്ത്യക്കാർ യുഎഇയിലെ ബാങ്കുകളിൽ നിന്ന് വൻ തുക വായ്പയെടുത്ത് മുങ്ങുകയും ജിസിസിയിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ബിസിനസോ ജോലിയോ ചെയ്ത് ജീവിക്കുകയും ചെയ്യുന്നു. എന്നാൽ, അടുത്തിടെ യുഎഇയിലെ ബാങ്കുകൾ നിയമസഹായത്തോടെ നടപടി കർശനമാക്കുകയും ഒാരോരുത്തരെയായി പിടികൂടുകയും ചെയ്യുന്നുണ്ട്.
യഥാർഥ വ്യവസായികൾക്ക് ഇനി സന്തോഷിക്കാം
യുഎഇയിൽ നിന്ന് ബാങ്ക് വായ്പയെടുത്ത് മുങ്ങുന്ന ഇന്ത്യക്കാർ സ്വന്തം രാജ്യംവിട്ട് യൂറോപ്പ്, അമേരിക്ക എന്നിവയടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്ക് പോകുന്ന പ്രവണതയും അടുത്തകാലത്ത് വർധിച്ചിരുന്നു. ബാങ്കു വായ്പകളെടുത്ത് മുങ്ങുന്നവരുടെ എണ്ണം വർധിച്ചുവന്നതോടെ നല്ല രീതിയിൽ കമ്പനി മുന്നോട്ടുകൊണ്ടുപോയിരുന്ന വ്യവസായികൾക്ക് വായ്പകൾ നൽകുന്ന കാര്യത്തിൽ യുഎഇയിലെ ബാങ്കുകൾ വിമുഖത കാട്ടിയിരുന്നു.
എന്നാൽ, നിയമം കേരളത്തിലടക്കം കർശനമാക്കിയതോടെ ഇവരുടെ പ്രതിസന്ധി ഒഴിവാകുമെന്നാണ് പ്രതീക്ഷ. വർഷങ്ങളായി ബാങ്കുവായ്പകളെടുത്താണ് കമ്പനികൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അടുത്തിടെ ഇതിന് തടസ്സം നേരിട്ടിരുന്നതായും ദുബായിലെ മലയാളി വ്യവസായി പറഞ്ഞു. എന്നാൽ, പുതിയ നിയമനടപടികൾ ആശ്വാസവും പ്രതീക്ഷയും നൽകുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബാങ്കുവായ്പകളെടുത്ത് ആരംഭിച്ച ബിസിനസ് നഷ്ടത്തിലാകുമ്പോൾ തിരിച്ചടവ് മുടങ്ങുന്നതോടെ മുങ്ങുന്നവരും ഏറെ. ഇത്തരക്കാർ ഭയക്കേണ്ടതില്ലെന്നും ബാങ്കിനെ സമീപിച്ച് തിരിച്ചടവ് തവണകളാക്കി മാറ്റാവുന്നതാണെന്നും അഡ്വ.പ്രീതാ ശ്രീറാം പറയുന്നു. ഇതിനോട് ബാങ്കുകൾ മുഖംതിരിച്ചാൽ കോടതിയെ സമീപിക്കാവുന്നതുമാണ്.
വഴിയാധാരമാകുന്നത് തൊഴിലാളികളും
കമ്പനി പൂട്ടി ഉടമ മുങ്ങുമ്പോൾ വഴിയാധാരമാകുന്ന മറ്റൊരു കൂട്ടർ കൂടിയുണ്ട്. ആ കമ്പനിയിലെ ജീവനക്കാരും തൊഴിലാളികളും. വർഷങ്ങളോളം ഒരു കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് മിക്കവർക്കും ശമ്പളകുടിശിക ഉണ്ടാകാറുണ്ട്. എന്നാൽ ഇതുമാത്രമല്ല, ഗ്രാറ്റിവിറ്റി തുകയും കിട്ടാതാകുന്നു. എന്നാൽ, ഇൗ തുക പ്രതീക്ഷിച്ച് നാട്ടിൽ വീട് വയ്ക്കാനും മക്കളുടെ വിദ്യാഭ്യാസമോ വിവാഹമോ നടത്താനും തീരുമാനിക്കുന്നവർക്ക് ആകെ ലഭിക്കുക 3000 ദിർഹം മാത്രമായിരിക്കും. നിലവിൽ തൊഴിലാളികളുടെ ഇൻഷുറൻസ് നിർബന്ധമായതിനാൽ ആ തുക കൂടി ലഭിക്കും. അതുകൊണ്ട് തൊഴിലാളി പരിരക്ഷ എടുക്കേണ്ടത് കമ്പനികൾ നിർബന്ധമായും ചെയ്യേണ്ട കാര്യമാണ്.
ചെക്കുകളിൽ ഒപ്പ് മാറ്റിയാൽ ക്രിമിനൽ കേസിൽപ്പെടും
നിലവിലില്ലാത്ത അക്കൗണ്ടിന്റെ പേരിലുള്ള പഴയ ചെക്കുകള്‍ നൽകുകയോ, ഒപ്പ് തെറ്റിച്ച് നൽകുകയോ, മറ്റെന്തെങ്കിലുമോ മനപ്പൂർവം തെറ്റായി എഴുതുകയോ ചെയ്താൽ എതിർകക്ഷിക്ക് നിങ്ങൾക്കെതിരെ ക്രിമിനൽ കേസ് നൽകാൻ കഴിയും. അതോടെ സിവിൽ കേസും ക്രിമിനൽ കേസും വന്നുചേരും. ഇത്തരത്തിൽ ഒട്ടേറെ പേർ യുഎഇയിൽ കുടുക്കിൽപ്പെട്ടിട്ടുണ്ട്. 2 വര്‍ഷം തടവാണ് ക്രിമിനൽ കേസിലെ ശിക്ഷ. കൂടുതൽ അറിയാൻ ബന്ധപ്പെടുക: +971 52 731 8377 (അഡ്വ.പ്രീത ശ്രീറാം മാധവ്).