അബുദാബി എയർപോർട്ടിലും സ്മാർട് ഗേറ്റ് സജ്ജം
Mail This Article
അബുദാബി ∙ ഷെയ്ഖ് സായിദ് രാജ്യാന്തര വിമാനത്താവളത്തിലും സ്മാർട് ഗേറ്റ് സംവിധാനമായി. അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് സ്വയം ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം. സെൽഫ് സർവീസ് ബാഗേജ് ഡെലിവറി, എമിഗ്രേഷൻ സ്മാർട് ഗേറ്റിലും ബോർഡിങ് ഗേറ്റിലും മുഖം തിരിച്ചറിയാനുള്ള സംവിധാനം എന്നിവയാണ് സജ്ജമാക്കിയത്. വിമാനത്താവളത്തിനുള്ളിലെ എല്ലാ ബയോമെട്രിക് സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിക്കു നൽകിയിരിക്കുന്ന വിവരങ്ങളും ഉപയോഗിക്കും. പുതിയ സംവിധാനം വഴി ടിക്കറ്റ് പരിശോധന, യാത്ര രേഖകളുടെ പരിശോധന തുടങ്ങിയവയെല്ലാം ഒറ്റ പോയിന്റിൽ ചെയ്യാനാകും.
25 സെക്കൻഡ് വേണ്ടി വരുന്ന നടപടികൾ വെറും 7 സെക്കൻഡിൽ പൂർത്തിയാകും. സ്മാർട് ഗേറ്റ് സംവിധാനത്തിന്റെ പൂർത്തീകരണത്തിന് യാത്രക്കാർക്ക് ബയോമെട്രിക് വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യാൻ വിമാനത്താവളത്തിനുള്ളിൽ ഇത്തിഹാദ് ടച്ച് പോയിന്റുകൾ സ്ഥാപിച്ചു.
ഇത്തിഹാദിനു പുറമെ 5 എയർ ലൈനുകളുടെ ചെക്ക് ഇൻ നടപടികളും സ്മാർട് ഗേറ്റ് സംവിധാനം നടപ്പാക്കും. എല്ലാ ബോർഡിങ് ഗേറ്റുകളിലും യാത്രക്കാരുടെ ബയോമെട്രോക് രേഖകൾ ശേഖരിക്കുന്നതിനൊപ്പം അവരുടെ മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാനവും ഒരുക്കി. അടുത്ത വർഷം ആകുമ്പോഴേക്കും എല്ലാ എയർലൈനുകളുടെ ചെക്ക് ഇൻ നടപടികളും ഇ ഗേറ്റിലൂടെ പൂർത്തിയാക്കാമെന്ന് അധികൃതർ പറഞ്ഞു.