വിശുദ്ധ കഅ്ബാലയം കഴുകൽ ചടങ്ങുകള്‍ പൂർത്തിയായി
Mail This Article
മക്ക ∙ മക്ക ഡപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്റെ നേതൃത്വത്തില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി. ഇന്നു രാവിലെ സുബ്ഹി നമസ്കാരാനന്തരമാണ് കഴുകല്‍ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഹറംകാര്യ വകുപ്പ് പ്രത്യേകം തയാറാക്കിയ പനിനീര് കലര്‍ത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ ഉള്‍വശം കഴുകിയത്. ഈ വെള്ളത്തില്‍ കുതിര്‍ത്ത തുണി ഉപയോഗിച്ച് കഅ്ബാലയത്തിന്റെ ചുമരുകള്‍ തുടക്കുകയും ചെയ്തു. ഹജ്, ഉംറ മന്ത്രിയും ഹറംകാര്യ വകുപ്പ് മേധാവിയുമായ ഡോ. തൗഫീഖ് അല്‍റബീഅയും ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസും മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അല്‍ഈസയും കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിലെ കാരണവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും ചടങ്ങില്‍ സംബന്ധിച്ചു.
മുന്‍കാലങ്ങളില്‍ വര്‍ഷത്തില്‍ രണ്ടു തവണ കഅ്ബാലയം കഴുകിയിരുന്നു. ഇപ്പോള്‍ വർഷത്തില്‍ ഒരു തവണയാണ് വിശുദ്ധ കഅ്ബാലയം കഴുകുന്നത്. എല്ലാ വര്‍ഷവും മുഹറം പതിനഞ്ചിനാണ് കഴുകല്‍ ചടങ്ങ് നടത്തുന്നത്.