സാങ്കേതിക പ്രശ്നം പരിഹരിച്ചെങ്കിലും കണ്ണൂരിലും കൊച്ചിയിലും വിമാനങ്ങൾ റദ്ദാക്കി
Mail This Article
അബുദാബി ∙ സാങ്കേതിക പ്രശ്നം പരിഹരിച്ചെങ്കിലും രണ്ടാം ദിവസവും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിമാന സർവീസുകളെ ബാധിച്ചു. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദമാം, ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സർവീസും ദമാമിൽനിന്ന് ഇങ്ങോട്ടുള്ള സർവീസും റദ്ദാക്കി. മസ്കത്ത്, അബുദാബി, ദോഹ, റിയാദ്, തിരുവനന്തപുരം സെക്ടറിൽ ഇന്നലെ സർവീസ് മണിക്കൂറുകളോളം വൈകി.
വിൻഡോസ് തകരാറു കാരണം യാത്രക്കാരുടെ ചെക്ക്–ഇൻ, ബോർഡിങ് പാസ് ഇഷ്യു, ബാഗേജ് ടാഗ് ഇഷ്യൂ എല്ലാം മാനുവലായി ചെയ്തതോടെ വെള്ളിയാഴ്ച സർവീസുകൾ വൈകിയിരുന്നു. ഇന്നലെ വിൻഡോസ് സേവനങ്ങൾ പുനഃസ്ഥാപിച്ച് ചെക്ക്–ഇൻ, ബോർഡിങ് പാസ്, ബാഗേജ് ടാഗ് എല്ലാം ഓൺലൈൻ ആയെങ്കിലും വെള്ളിയാഴ്ച സർവീസുകൾ വൈകിയതിനാൽ അതിന്റെ തുടർച്ചയായാണ് ഇന്നലെയും വൈകിയത്.
കൊച്ചിയിൽനിന്നുള്ള 9 സർവീസുകൾ ഇന്നലെയും റദ്ദാക്കി. ഇൻഡിഗോയുടെ പുലർച്ചെയുള്ള മുംബൈ, ഭുവനേശ്വർ, രാവിലത്തെ ഹൈദരാബാദ്, ചെന്നൈ, മുംബൈ, ഉച്ചയ്ക്കുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ ബെംഗളൂരു, കൊൽക്കത്ത, ഇൻഡിഗോയുടെ ചെന്നൈ, രാത്രിയുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള 2 ഇൻഡിഗോ സർവീസുകൾ ചെക്ക് ഇൻ സംവിധാനത്തിലെ പ്രശ്നങ്ങൾ കാരണം മുടങ്ങി. കോഴിക്കോട് വിമാനത്താവളത്തിൽ സർവീസുകൾ സാധാരണ നിലയിൽ നടന്നു.