ഹജ് യാത്രയ്ക്കിടെ വിമാനത്താവളത്തിൽനിന്ന് പണം മോഷ്ടിക്കപ്പെട്ടു; നഷ്ടമായത് ചെലവിനായി കരുതിയ പണം
Mail This Article
ജിദ്ദ ∙ ഹജ് യാത്രയ്ക്കിടെ കല്ലായി സ്വദേശികളായ ദമ്പതികളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തിലധികം രൂപ വിമാനത്താവളത്തിൽനിന്ന് മോഷ്ടിക്കപ്പെട്ടു. ഹജ്ജിനുള്ള ചെലവിനായി കയ്യിൽ കരുതിയ പണമാണ് നഷ്ടപ്പെട്ടത്. വ്യോമയാന അധികൃതർക്കും വിമാനക്കമ്പനിക്കും ട്രാവൽ ഏജൻസിക്കും പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും എടുത്തില്ലെന്നു പരാതി.
എറണാകുളത്ത് ബിസിനസുകാരനായ കല്ലായി പന്നിയങ്കര സ്വദേശിയും ഭാര്യയുമാണ് ജൂൺ 8നു രാവിലെ സ്പൈസ്ജെറ്റ് വിമാനത്തിൽ കരിപ്പൂരിൽനിന്ന് ഹജ് യാത്രയ്ക്കു പുറപ്പെട്ടത്. രാവിലെ രണ്ടു മണിയോടെ ഇരുവരും വിമാനത്താവളത്തിൽ പരിശോധനകൾക്കായി കയറി. ഹജ് കർമത്തിന് അവിടെ എത്തിയാലുള്ള ചെലവുകൾക്കായി ഇന്ത്യൻ രൂപ കോഴിക്കോട്ടെ എക്സ്ചേഞ്ച് വഴി സൗദി റിയാലാക്കി മാറ്റി തോൾബാഗിനകത്ത് ഇട്ടു പൂട്ടി. ഈ ബാഗ് വലിയ പെട്ടികളിൽ ഒന്നിനകത്തു വച്ചിരുന്നതാണ്. 7500 സൗദി റിയാലിലധികം തുക ബാഗിനകത്തുണ്ടായിരുന്നു. ബാഗേജ് സ്കാൻ പൂർത്തിയാക്കിയശേഷം അകത്തേക്കു കൊണ്ടുപോയി. ജിദ്ദയിൽ വിമാനമിറങ്ങിയശേഷം പെട്ടികൾ ഇവരുടെ കയ്യിൽ ലഭിച്ചു. പരിശോധനയ്ക്കുശേഷം പുറത്തെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി കണ്ടത്.
23ന് ഇരുവരും തിരികെയെത്തി. വിമാനത്താവള അധികൃതർക്കും സ്പൈസ് ജെറ്റ് അധികൃതർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. കരിപ്പൂർ പൊലീസ് സ്റ്റേഷനിലും പരാതി നൽകി. സംഭവത്തിൽ തൃപ്തികരമായ മറുപടിയല്ല വിമാനക്കമ്പനി അധികൃതർ നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ നൽകിയ പരാതി അന്വേഷണത്തിനായി കൈമാറിയെന്ന് മറുപടി ലഭിച്ചിട്ടുണ്ട്.