ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനം പുറപ്പെടാൻ വൈകിയത് മണിക്കൂറുകൾ; കാരണം പൈലറ്റിന്റെ 'ജോലിസമയം അവസാനിച്ചു': പ്രതിഷേധം
Mail This Article
ഷാർജ / കരിപ്പൂർ ∙ ഷാർജയിലേക്ക് എയർ അറേബ്യ വിമാനം പുറപ്പെടാൻ മണിക്കൂറുകൾ വൈകിയതിനെത്തുടർന്നു കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ പുലർച്ചെ 4.10നുള്ള വിമാനം വൈകിട്ട് 7 മണിയോടെയാണു പുറപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വിമാനം പുറപ്പെടുംവരെ വിമാനത്താവളത്തിൽ തുടർന്നു.
പുലർച്ചെ ഷാർജയിൽനിന്നെത്തിയ വിമാനം മോശം കാലാവസ്ഥയെത്തുടർന്നു കോയമ്പത്തൂരിലേക്കു തിരിച്ചുവിട്ടിരുന്നു. എട്ടരയോടെ കരിപ്പൂരിൽ തിരിച്ചെത്തിയെങ്കിലും പൈലറ്റിന്റെ ജോലിസമയം അവസാനിച്ചതിനാൽ ഉടൻ ഷാർജയിലേക്കു പുറപ്പെട്ടില്ല. ഭക്ഷണം കിട്ടിയില്ലെന്നും കൃത്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നും യാത്രക്കാർ പറഞ്ഞു.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ദമാമിൽനിന്നുള്ള വിമാനവും രാവിലെ മൂടൽമഞ്ഞുമൂലം കൊച്ചിയിലേക്കു തിരിച്ചുവിട്ടിരുന്നു. പിന്നീട് കരിപ്പൂരിൽ തിരിച്ചെത്തിയ വിമാനം തുടർ സർവീസ് നടത്തി.