വാട്സാപ്പിലൂടെ ഭാര്യയെ ഭീഷണിപ്പെടുത്തി; ഭർത്താവിന് 5,000 ദിര്‍ഹം പിഴ
Mail This Article
ദുബായ് ∙ വാട്സാപ്പിലൂടെ ഭാര്യയെ ഭീഷണിപ്പെടുത്തുകയും സ്നാപ് ചാറ്റിലൂടെ തെറിവിളിക്കുകയും ചെയ്തയാള്‍ക്ക് ദുബായ് കോടതി 5,000 ദിര്‍ഹം പിഴ ചുമത്തി. ഭര്‍ത്താവിനെതിരെ ക്രിമിനല്‍ കോടതിയില്‍ നല്കിയ കേസിനു പുറമെ, തനിക്ക് നേരിട്ട കഷ്ടനഷ്ടങ്ങള്‍ക്ക് 51,000 ദിര്‍ഹം നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സിവില്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് നടപടികള്‍ക്ക് അഭിഭാഷകനെ ചുമതലപ്പെടുത്തിയ വകയിലുള്ള ഫീസ് അടക്കമുള്ള ചെലവുകള്‍ നല്കാന് ഭര്‍ത്താവിനെ നിര്‍ബന്ധിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
വിചാരണ പൂര്‍ത്തിയാക്കിയ കോടതി ഭര്‍ത്താവിന് 5,000 ദിര്‍ഹം പിഴ ചുമത്തുകയായിരുന്നു. ഈ തുക ഭാര്യക്ക് നഷ്ടപരിഹാരമായി നല്കാന് കോടതി ഉത്തരവിട്ടു. കോടതി വിധി പ്രസ്താവിച്ചതു മുതല്‍ നഷ്ടപരിഹാരത്തുക പൂര്‍ണമായി കൈമാറുന്നതു വരെ പ്രതിവര്‍ഷം അഞ്ചു ശതമാനം തോതില്‍ പലിശ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പരാതിക്കാരിയുടെ വ്യവഹാര ചെലവുകള്‍ ഭര്‍ത്താവ് വഹിക്കണമെന്നും വിധിയുണ്ട്.