ADVERTISEMENT

ദുബായ് ∙ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം പിന്നിടുമ്പോൾ 3.2% സാമ്പത്തിക വളർച്ച നേടി ദുബായ്. മൊത്ത ആഭ്യന്തര ഉൽപാദനം 11500 കോടി ദിർഹമായി വർധിച്ചു. ഗതാഗത മേഖല, സംഭരണ മേഖല, സാമ്പത്തിക – ഇൻഷുറൻസ് രംഗം എന്നിവയാണ് ആഭ്യന്തര ഉൽപാദന വളർച്ചയുടെ നെടുംതൂണായത്. ഈ മേഖലകളിൽ നിന്നുള്ള വളർച്ച 5.6% ആണ്. വ്യാപാര മേഖല 3 ശതമാനം വളർച്ചയും വിവരസാങ്കേതിക ആശയവിനിമയ രംഗം 3.9% വളർച്ചയും ഹോട്ടൽ, റസ്റ്ററന്റ് മേഖല 3.8 ശതമാനവും റിയൽ എസ്റ്റേറ്റ് 3.7 ശതമാനവും വളർച്ച രേഖപ്പെടുത്തി. 

ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ആദ്യപാദ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് പുറത്തുവിട്ടത്. ദുബായ് ലോകത്തെ മുൻനിര സാമ്പത്തിക, വ്യാപാര കേന്ദ്രമായി മാറിയെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാവുകയാണെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. ദുബായിയുടെ ആഗ്രങ്ങൾക്ക് പരിധിയില്ല. വികസന കുതിപ്പ് ആഗ്രഹിക്കുന്ന നഗരങ്ങൾക്ക് എന്നും മാതൃകയാകും ദുബായിയുടെ വിജയഗാഥയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ മൊത്ത ആഭ്യന്തര ഉൽപാദനം 42900 കോടി ദിർഹമായിരുന്നു. ദുബായിലെ വ്യാപാര, വ്യവസായ സമൂഹത്തിന് ആത്മവിശ്വാസം പകരുന്നതാണ് ആദ്യ പാദത്തിലെ സാമ്പത്തിക വളർച്ചയെന്ന് ദുബായ് ഇക്കോണമി ആൻഡ് ടൂറിസം ഡയറക്ടർ ജനറൽ ഹെലാൽ സായീദ് അൽ മാർറി പറ‍ഞ്ഞു. 

ട്രാൻസ്പോർട്ടേഷൻ ആൻഡ് സ്റ്റോറേജ് ഗതാഗത, സംഭരണ കേന്ദ്രങ്ങൾ ആദ്യ പാദത്തിൽ 1540 കോടി ദിർഹത്തിന്റെ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കിയത്. മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 13.4% ഈ മേഖലയിൽ നിന്നാണ്. വ്യോമ ഗതാഗത മേഖലയാണ് ഇതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. യാത്രക്കാരുടെ എണ്ണത്തിൽ 6.8% വളർച്ചയാണ് ഉണ്ടായത്.

∙ ഫിനാൻഷ്യൽ ആൻഡ് ഇൻഷുറൻസ് – സാമ്പത്തിക, ഇൻഷുറൻസ് മേഖലയിൽ 1510 കോടി ദിർഹത്തിന്റെ നേട്ടമുണ്ടായി. മൊത്തം ജിഡിപിയിൽ 13.1 ശതമാനം ഈ മേഖലയിൽ നിന്നാണ്.  
∙ മൊത്ത വ്യാപാര മേഖല – 2630 കോടി ദിർഹമാണ് മൊത്ത വ്യാപാര മേഖലയിൽ ‍നിന്നുള്ളത്. ജിഡിപിയുടെ 22.9 ശതമാനം ഈ മേഖലയിൽ നിന്നാണ്. 
∙ റിയൽ എസ്റ്റേറ്റ് – ജിഡിപിയിൽ 7.3 ശതമാനമാണ് റിയൽ എസ്റ്റേറ്റ് രംഗത്തു നിന്നുള്ളത്. മൊത്തം 840 കോടി ദിർഹത്തിന്റെ സാമ്പത്തിക നേട്ടമുണ്ടായി. 
∙ യൂട്ടിലിറ്റി, വേസ്റ്റ് മാനേജ്മെന്റ് – വൈദ്യുതി, വാതകം, വെള്ളം, മാലിന്യ സംസ്കരണം എന്നിവയിൽ നിന്ന് 320 കോടി ദിർഹത്തിന്റെ നേട്ടമുണ്ടായി. ജിഡിപിയിൽ 2.8% ഈ മേഖലയിൽ നിന്നാണ്. 

English Summary:

Dubai economy grows by 3.2 percent in first quarter of the financial year 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com