യുഎഇയിൽ ഗെയിം കളിച്ച് നേടാം 10 വർഷ വീസ; രാജ്യത്തെ ആദ്യ 'ഗെയിമിങ് വീസ' സ്വന്തമാക്കി അദ്നൻ മയാസി
Mail This Article
ദുബായ് ∙ ക്ലാസിൽ ഒന്നാമനായി ജയിക്കണമെന്നില്ല, കംപ്യൂട്ടറിൽ ഗെയിം കളിച്ചു നടന്നാലും യുഎഇയിൽ 10 വർഷ വീസ ലഭിക്കും. കംപ്യൂട്ടർ ഗെയിം കളിച്ചു രാജ്യത്തെ ആദ്യ 10 വർഷ ഗെയിമിങ് വീസ സ്വന്തമാക്കിയിരിക്കുകയാണ് പലസ്തീൻ സ്വദേശി അദ്നൻ മയാസി. കംപ്യൂട്ടർ ഗെയിമിനു മുന്നിൽ ജീവിതം സമർപ്പിച്ച ഒരു ഗെയിമർക്കു ദുബായ് നൽകിയ ആദരം.
മികച്ച ഗെയിമിങ് സംസ്കാരം വളർത്തിയെടുക്കലാണ് അദ്നന്റെ സ്വപ്നം. അതുവഴി സമൂഹത്തെ സ്വാധീനിക്കുക. ഈ മേഖലയിലെ ഒരു വിശ്വസ്ത നാമമായി ഇതിനോടകം അദ്നൻ മാറിക്കഴിഞ്ഞു. ഗെയിമിങ് രംഗത്തു പുതിയ കണ്ടുപിടിത്തങ്ങളിലാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ ശ്രദ്ധ. വിഡിയോ ഗെയിമിൽ പുതിയ കണ്ടുപിടിത്തങ്ങളും പ്രാദേശികവൽക്കരണവുമാണ് ദുബായി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യാന്തര കംപ്യൂട്ടർ ഗെയിം മൽസരങ്ങൾക്കും ദുബായ് വേദിയാണ്.
പുതിയ ഗെയിം ഡെവലപ്പിങ് കോഴ്സുകളും ദുബായിൽ ഇപ്പോൾ ലഭ്യമാണ്. മികച്ച പ്രതിഭകളെ കണ്ടെത്തുക, മികച്ച ഗെയിം ആശയങ്ങൾ രൂപീകരിക്കുക, മികച്ച സാങ്കേതിക വിദ്യ രൂപപ്പെടുത്തുക എന്നിവയാണ് ഈ മേഖലയിൽ 2033 ആകുമ്പോഴേക്കും യാഥാർഥ്യമാക്കാൻ ദുബായ് ലക്ഷ്യമിടുന്ന പദ്ധതികൾ. ദുബായ് പ്രോഗ്രാം ഫോർ ഗെയിമിങ് 2033 എന്ന പേരിൽ പ്രത്യേക പദ്ധതി തന്നെ ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ നടപ്പാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗെയിമിങ് വീസ അനുവദിച്ചത്.
ലോകമെമ്പാടുമുള്ള കണ്ടന്റ് ക്രിയേറ്റേഴ്സിനെ ദുബായിൽ എത്തിക്കുക, മികച്ച പരിശീലനം നൽകുക, മികച്ച തൊഴിൽ അവസരം നൽകുക തുടങ്ങി വിവിധോദ്ദേശ്യ പദ്ധതികൾ ദുബായ് നടപ്പാക്കുന്നുണ്ട്. ഇതിനായി രാജ്യാന്തര കമ്പനികളെയും സർവകലാശാലകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സഹകരിപ്പിക്കും. സംരംഭകരെയും ശാസ്ത്രജ്ഞരെയും ദുബായ് പിന്തുണയ്ക്കും. ദുബായിയുടെ ക്രിയേറ്റീവ് മേഖലയെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പ്രതിഭകളെ ഇവിടെ പിടിച്ചു നിർത്തുകയാണ് ഗെയിമിങ് വീസയിലൂടെ ലക്ഷ്യമിടുന്നത്. എഴുത്തുകാർ, ചിന്തകർ, സാഹിത്യ പ്രതിഭകൾ, കലാ പ്രതിഭകൾ, ബുദ്ധിജീവികൾ തുടങ്ങി വിവിധ തലങ്ങളിലുള്ളരെ വീസയിലേക്കു പരിഗണിക്കും. ഈ മേഖലയിൽ കഴിവും നൈപുണ്യവും ഉള്ളവർക്ക് ദുബായ് പ്രോഗ്രാം ഫോർ ഗെയിമിങ് വഴി വീസയ്ക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: https://dubaigaming.gov.ae