രാജ്യാന്തര ബിസിനസ് സമ്മേളനങ്ങളുടെ ഇഷ്ടവേദിയായി ദുബായ്; ഉച്ചകോടികൾ, മിച്ചം കോടികൾ
Mail This Article
ദുബായ് ∙ രാജ്യാന്തര ബിസിനസ് ഉച്ചകോടികൾക്കു വേദിയൊരുക്കി, അതുവഴി വരുമാനവും വിനോദ സഞ്ചാര വികസനവും നേടി ദുബായ്. വർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ 175 രാജ്യാന്തര ബിസിനസ് സമ്മേളനങ്ങളുടെ ആതിഥേയത്വമാണ് ദുബായിക്കു ലഭിച്ചത്. ഈ ഉച്ചകോടികൾ പൂർത്തിയാകുമ്പോഴേക്കും അടുത്ത വർഷത്തിന്റെ പകുതി പിന്നിടും. വിവിധ രാജ്യങ്ങളുമായി മത്സരിച്ചാണ് ദുബായ് ഉച്ചകോടികളുടെ വേദി നേടിയെടുത്തത്. ഇപ്പോൾ ലഭിച്ചിരുന്ന സമ്മേളനങ്ങളിൽ മാത്രം 92000 വിദേശ പ്രതിനിധികളെയാണ് ദുബായ് പ്രതീക്ഷിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ചു ലഭിച്ച ബിസിനസ് സമ്മേളനങ്ങളുടെ എണ്ണത്തിൽ 24% വർധനയാണ് ഈ വർഷമുണ്ടായിരിക്കുന്നത്. 2028വരെ നീളുന്ന വൻകിട രാജ്യാന്തര സമ്മേളനങ്ങൾ ഇപ്പോൾ തന്നെ ദുബായിയുടെ പട്ടികയിലുണ്ട്. ഇതിൽ രാജ്യാന്തര കോൺഫറൻസുകൾ, കോൺഗ്രസുകൾ, മീറ്റിങ്ങുകൾ എന്നിങ്ങനെ വിവിധ നിലവാരത്തിലുള്ളയുണ്ട്. 2033ൽ ദുബായിയുടെ സമ്പദ് വ്യവസ്ഥ ഇരട്ടിപ്പിക്കാൻ ലക്ഷ്യമിട്ടു പ്രഖ്യാപിച്ച ദുബായ് ഇക്കണോമിക് അജൻഡയുടെ (ഡി33) വിജയകരമായ പൂർത്തീകരണത്തിന് ഈ ഉച്ചകോടികൾ സഹായിക്കും. വിനോദ സഞ്ചാരത്തിനും താമസത്തിനും ജോലി ചെയ്യുന്നതിനും അനുയോജ്യമായ ലോകത്തിലെ ആദ്യ 3 നഗരങ്ങളിൽ ഒന്നാവുക എന്നതാണ് ഡി33യിലൂടെ ദുബായ് സ്വപ്നം കാണുന്നത്.
ലോകത്തിലെ വൻകിട ബിസിനസ് കൂടി വരവുകൾക്ക് വേദി നിശ്ചയിക്കാനുള്ള ലേലം വിളിയിൽ ദുബായ് ഇക്കോണമി ആൻഡ് ടൂറിസം വകുപ്പിന്റെ ഭാഗമായ ദുബായ് ബിസിനസ് ഇവന്റ്സ് ആണ് പങ്കെടുത്ത് താൽപര്യ പത്രം നൽകുന്നത്. ദുബായിയുടെ സാമ്പത്തിക, വിനോദ സഞ്ചാര വളർച്ചയിൽ ബിസിനസ് സമ്മേളനങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നതെന്നു ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് സിഇഒ അഹമ്മദ് അൽ ഖാജ പറഞ്ഞു. രാജ്യാന്തര സമ്മേളനങ്ങൾക്ക് ആതിഥ്യം വഹിക്കാനുള്ള ദുബായിയുടെ ശേഷിയെ ലോകം ഇപ്പോൾ കൂടുതലായി അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായ്പ്രിയത്തിന് കാരണങ്ങൾ ഒട്ടേറെ
ഇന്റർനാഷനൽ കോൺഗ്രസ് ആൻഡ് കൺവൻഷൻ അസോസിയേഷൻ (ഐസിസിഎ) ഉച്ചകോടികൾക്കു വേദിയാക്കാവുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ തിരഞ്ഞെടുത്തു. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഉച്ചകോടി വേദിയായ സിവന്റ് എന്ന സംഘടനയും ദുബായിയെ തിരഞ്ഞെടുത്തിരുന്നു. സാമ്പത്തിക നേട്ടത്തിനു പുറമെ ഇത്തരം കോൺഫറൻസുകളിലൂടെ വൈജ്ഞാനിക തലസ്ഥാനമായും വിദഗ്ധരുടെ കേന്ദ്രമായും രാജ്യാന്തര സമൂഹത്തിൽ ദുബായ് ബ്രാൻഡ് ചെയ്യപ്പെടാനും കാരണമായി.
മീറ്റിങ്ങുകൾ ചേരാനുള്ള മികച്ച ഹാളുകൾ, അതിഥികൾക്കു താമസിക്കാനുള്ള മികച്ച ഹോട്ടലുകൾ, കുറഞ്ഞ ചെലവിൽ സമ്മേളനങ്ങൾ ഒരുക്കാൻ കഴിയുന്ന സാഹചര്യം, ഏറ്റവും മികച്ച അടിസ്ഥാന സൗകര്യം, ഗതാഗത സൗകര്യം, സുരക്ഷ തുടങ്ങിയ ഘടകങ്ങൾ രാജ്യാന്തര തലത്തിൽ ദുബായിക്കു വലിയ സ്വീകര്യതയാണ് നൽകുന്നത്.