ഫ്യൂച്ചർ മ്യൂസിയം ക്യാംപിൽ അതിഥികളായി സ്പേസ് ഹീറോസ്
Mail This Article
ദുബായ് ∙ കുട്ടികൾക്കായി ദുബായ് ഫ്യൂച്ചർ മ്യൂസിയം ഒരുക്കുന്ന ‘ഫ്യൂച്ചർ ഹീറോസ് വേനൽക്കാല ക്യാംപി’ൽ അതിഥികളായി യുഎഇയുടെ അടുത്ത ബഹിരാകാശ സഞ്ചാരികളായ മുഹമ്മദ് അൽ മുല്ലയും നോറ അൽ മത്റൂഷിയും.
ബഹിരാകാശ സഞ്ചാരത്തിനും ഗവേഷണത്തിനും പുതിയ തലമുറയിൽ ആവേശമുണർത്താൻ ലക്ഷ്യമിട്ടാണ് ഇരുവരും എത്തിയത്. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി നടക്കുന്ന കഠിന പരിശീലനം, വരാൻ പോകുന്ന ബഹിരാകാശ യാത്ര, ബഹിരാകാശ യാത്രയിലെ യാഥാർഥ്യങ്ങൾ ഉൾപ്പടെ ഒട്ടേറെ വിശേഷങ്ങൾ കുട്ടികളുമായി പങ്കുവച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.
യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാണ് നോറ അൽ മത്റൂഷി. സുൽത്താൻ അൽ നെയാദിയുടെ ദീർഘകാല ബഹിരാകാശ ദൗത്യത്തിനു ശേഷം യുഎഇയുടെ അടുത്ത ദൗത്യത്തിലെ അംഗങ്ങളാണ് ഇരുവരും.
നാസയുടെ അസ്ട്രനോട്ട് കാൻഡിഡേറ്റ് ക്ലാസിൽ അംഗമാണ് മുഹമ്മദ് അൽ മുല്ല. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദമുണ്ട്. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദധാരിയാണ് നോറ അൽ മത്റൂഷി. ഫിൻലൻഡിലെ വാസ യൂണിവേഴ്സിറ്റിയിൽ നിന്നു പരിശീലം നേടിയിട്ടുണ്ട്. കുട്ടികളിലെ പുതിയ ആശയങ്ങൾക്കു ചിറകു നൽകുന്നതിനും ഭാവനകളെ പ്രോൽസാഹിപ്പിക്കുന്നതിനും ചുറ്റുമുള്ള ലോകത്തെ പരിചയപ്പെടുത്തുന്നതിനും വിവിധ സെഷനുകൾ ഉൾപ്പെട്ടതായിരുന്നു വേനൽക്കാല ക്യാംപ്.