യുഎഇ ഒന്നാമൻ, ഖത്തർ രണ്ടാമൻ, സൗദി നാലാമൻ; പാസ്പോർട്ടിൽ ‘കരുത്തുമായി’ അറബ് ലോകം
Mail This Article
ജിദ്ദ ∙ സൗദി പാസ്പോർട്ട് ഉടമകൾക്ക് 88 രാജ്യങ്ങളിൽ വീസ രഹിത പ്രവേശനം ലഭ്യമാകും. 2024ലെ ഹെൻലി പാസ്പോർട്ട് സൂചികയിലാണ് ഇക്കാര്യമുള്ളത്. ഹെൻലി ആൻഡ് പാർട്ട്നേഴ്‌സാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. പുതിയ പട്ടികയിൽ സൗദി അറബ് ലോകത്ത് നാലാം സ്ഥാനത്തും ആഗോളതലത്തിൽ 56-ാം സ്ഥാനത്തുമാണ്. 185 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനം അനുവദിക്കുന്ന യുഎഇ പാസ്‌പോർട്ടാണ് അറബ് ലോകത്തെ ഒന്നാമൻ. അതേസമയം ആഗോളതലത്തിൽ 9-ാം സ്ഥാനമാണ് യുഎഇയ്ക്കുള്ളത്.
വീസ രഹിത പ്രവേശനം 99 രാജ്യങ്ങളിലേക്ക് ഖത്തർ പാസ്പോർട്ട് ഉടമകൾക്ക് ലഭിക്കും. അറബ് ലോകത്ത് രണ്ടാം സ്ഥാനത്തും ആഗോളതലത്തിൽ 46-ാം സ്ഥാനവും ഖത്തർ സ്വന്തമാക്കി. വീസയില്ലാതെ 87 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്ന ബഹ്‌റൈൻ പാസ്‌പോർട്ട് അറബ് ലോകത്ത് അഞ്ചാം സ്ഥാനത്തും ആഗോളതലത്തിൽ 57-ാം സ്ഥാനത്തുമാണ്.
ഒമാൻ പാസ്‌പോർട്ട് അറബ് ലോകത്ത് ആറാം സ്ഥാനത്തും ആഗോളതലത്തിൽ 58-ാം സ്ഥാനത്തുമാണ്. 86 രാജ്യങ്ങളിലേക്കാണ് ഒമാനി പാസ്‌പോർട്ട് വീസ രഹിത പ്രവേശനം അനുവദിക്കുന്നത്. വീസയില്ലാതെ 72 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്ന മൊറോക്കൻ പാസ്‌പോർട്ട് അറബ് ലോകത്ത് ഏഴാം സ്ഥാനത്തും ആഗോളതലത്തിൽ 68-ാം സ്ഥാനത്തുമാണ്. തുനീസിയൻ പാസ്‌പോർട്ട് അറബ് ലോകത്ത് എട്ടാം സ്ഥാനത്തും ആഗോളതലത്തിൽ 71-ാം സ്ഥാനത്തും എത്തി.തുനീസിയൻ പാസ്‌പോർട്ട് ഉപയോഗിച്ച് വീസയില്ലാതെ 69 രാജ്യങ്ങളിൽ പ്രവേശിക്കാം.