പാരിസിൽ പ്രതീക്ഷങ്ങളുമായി യുഎഇ സംഘവും; ഒളിംപിക്സിന് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി
Mail This Article
അബുദാബി ∙ പാരിസ് ഒളിംപിക്സിന് തിരി തെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ സ്വപ്ന പ്രതീക്ഷങ്ങളുമായി യുഎഇ. ഇക്വസ്ട്രിയൻ, ജൂഡോ, സൈക്ലിങ്, നീന്തൽ, അത്‌ലറ്റിക്‌സ് എന്നീ അഞ്ച് കായിക ഇനങ്ങളിൽ 14 സ്വദേശി അത്‌ലീറ്റുകൾ മത്സരിക്കുമെന്ന് യുഎഇ ദേശീയ ഒളിംപിക് കമ്മിറ്റി (എൻഒസി) അറിയിച്ചു.
നാളെ(26) ആരംഭിക്കുന്ന ഗെയിംസ് ഓഗസ്റ്റ് 11 ന് സമാപിക്കും. ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന് രണ്ട് ദിവസങ്ങൾക്ക് ശേഷം നീന്തൽ, ജൂഡോ മത്സരങ്ങളിലൂടെയാണ് യുഎഇ പ്രതിനിധി സംഘം മത്സരിക്കുക . 1984 ലെ ലൊസാഞ്ചലസിൽ നടന്ന സമ്മർ ഒളിംപിക്‌സ് മുതൽ യുഎഇയുടെ ഒളിംപിക് ഗെയിംസ് യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് പാരിസിലെ പങ്കാളിത്തം. 2031 ഒളിംപിക് ഗെയിംസോടെ മത്സരത്തിന് യോഗ്യത നേടുന്ന സ്വദേശി അത്‌ലീറ്റുകളുടെ എണ്ണം ഉയർത്താനാണ് ദേശീയ കായിക വിഭാഗം ലക്ഷ്യമിടുന്നത്.
ഒളിംപിക്‌സിൽ പങ്കെടുക്കുന്നത് കേവലം ഒരു കായിക മത്സരമല്ലെന്നും രാജ്യത്തിന്റെ ധിഷണാശാലിയായ നേതൃത്വത്തിന്റെ ദർശനങ്ങളുടെയും ലക്ഷ്യങ്ങളുടെയും പൂർത്തീകരണമാണെന്നും സ്‌പോർട്‌സ് ജനറൽ അതോറിറ്റി ഡയറക്ടർ ജനറൽ ഗാനിം മുബാറക് അൽ ഹജേരി പറഞ്ഞു. ശോഭനമായ കായിക ഭാവിക്കായുള്ള യുഎഇയുടെ അഭിലാഷങ്ങൾക്ക് ഊന്നൽ നൽകും. യുഎഇയുടെ ആഗോള സാന്നിധ്യം ഉറപ്പിക്കുന്നതിനായി കായിക പ്രതിഭകളെ വികസിപ്പിക്കുന്നതിലും എലൈറ്റ് പ്രഫഷനൽ സ്‌പോർട്‌സിൽ വിജയം കൈവരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാഷനൽ സ്‌പോർട്‌സ് സ്‌ട്രാറ്റജി 2031-നോട് ചേർന്ന് 2024 ലെ പാരീസ് ഒളിംപിക്‌സിൽ സാധ്യമായ ഏറ്റവും വലിയ പങ്കാളിത്തം കൈവരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് അൽ ഹജേരി വ്യക്തമാക്കി. അഹമദ് ബിൻ മുഹമ്മദ് ബിൻ ഹാഷർ അൽ മക്തൂമാണ് 2004ൽ യുഎഇയ്ക്ക് വേണ്ടി ആദ്യ ഒളിംപിക്സ് മെഡൽ നേടിയത്. ഷൂട്ടിങ്ങിൽ (മെൻസ് ഡബിൾ ട്രാപ്) സ്വർണമെഡലാണ് ലഭിച്ചത്. 2006ൽ റിയോ ഡി. ജെനീറോ ഒളിംപിക്സിൽ സെർഗ്യു ഡോമ ജൂഡോയിൽ യുഎഇക്ക് വേണ്ടി വെങ്കല മെഡലും നേടി.