ദൈദിലെ പരമ്പരാഗത വിപണിയിൽ വൻ അഗ്നിബാധ; ഒട്ടേറെ കടകൾ കത്തിച്ചാമ്പലായി
Mail This Article
ദൈദ് ∙ ദൈദ് ഫോർട്ടിനടുത്തെ മാർക്കറ്റിലുണ്ടായ വൻ അഗ്നിബാധയിൽ ഒട്ടേറെ കടകൾ കത്തിച്ചാമ്പലായി. സ്വദേശി പരമ്പരാഗത ഉത്പന്നങ്ങൾ വിൽക്കുന്ന കടകളാണ് കത്തിനശിച്ചതെന്ന് ഷാർജ സിവിൽ ഡിഫൻസ് പറഞ്ഞു. ആർക്കും പരുക്കില്ല. ഇന്ന് പുലർച്ചയായിരുന്നു തീപിടിത്തമുണ്ടായത്.
പുലർച്ചെ 3.14ന് പൊലീസ് ഓപ്പറേഷൻ റൂമിൽ വിവരം ലഭിച്ചതായി അധികൃതർ പറഞ്ഞു. ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
കടകളിൽ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടറുകൾ ഉടൻ തന്നെ മാറ്റാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി. സ്ഥലത്ത് കൂളിങ് ഓപറേഷൻ ഇപ്പോഴും തുടരുന്നുണ്ട്. മരവും ഈന്തപ്പനയുടെ വിവിധ ഭാഗങ്ങളും ഉപയോഗിച്ച് പരമ്പരാഗത വാസ്തുവിദ്യാ ശൈലിയിലാണ് മാർക്കറ്റ് നിർമിച്ചിരിക്കുന്നതെന്ന് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. അതുകൊണ്ട് തന്നെ തീ പെട്ടെന്ന് പടർന്നുപിടിച്ചു. പരമ്പരാഗത ഭക്ഷണം, വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവ വിൽക്കുന്ന ഒട്ടേറെ ചെറിയ കടകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. പുലർച്ചെ ആയതിനാൽ ജീവനക്കാരാരും കടയിലുണ്ടായിരുന്നില്ല. തീ പിടിത്തത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണെന്നും നാശനഷ്ടങ്ങൾ കണക്കാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.