യുഎസ് വീസ: കാലതാമസം മറികടക്കാൻ യുഎഇ നിവാസികൾക്ക് എളുപ്പവഴി; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ രണ്ടാഴ്ചയിൽ അഭിമുഖം
Mail This Article
അബുദാബി ∙ യുഎസ് വീസയ്ക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന യുഎഇ നിവാസികൾക്ക് സന്തോഷ വാർത്ത. അയൽ രാജ്യങ്ങളിലെത്തി അവിടെ നിന്ന് വീസയ്ക്ക് അപേക്ഷിച്ചാൽ ഈ കാലതാമസം മറികടക്കാം. സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്ന് യുഎസ് വീസ അപേക്ഷിക്കുന്നത് കാലതാമസം മറികടക്കുന്നതിന് സഹായകരമാകും.
യുഎഇയിൽ യുഎസ് വീസ അഭിമുഖത്തിനായി 10 മുതൽ 12 മാസം വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിൽ. എന്നാൽ അയൽ രാജ്യങ്ങളിൽ ഈ കാലയളവ് വളരെ കുറവാണ്. ഒമാനിൽ മൂന്ന് മാസവും ബഹ്‌റൈനിലും സൗദിയിലും രണ്ട് മുതൽ മൂന്ന് ആഴ്ച വരെയും മാത്രമാണ് കാത്തിരിപ്പ് സമയം.
വീസ അഭിമുഖത്തിൽ വിജയിച്ചാൽ അഞ്ച് ദിവസത്തിനുള്ളിൽ പാസ്‌പോർട്ട് തിരിച്ചു ലഭിക്കും. അടിയന്തിരമായി യുഎസിലേക്ക് പോകേണ്ടി വരുന്നവർക്ക് ഈ മാർഗം വളരെ ഉപകാരപ്രദമാണ്. എന്നാൽ വീസ അപേക്ഷിക്കുന്നതിന് മുമ്പ് അതത് രാജ്യങ്ങളിലെ അമേരിക്കൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങൾ ശേഖരിക്കേണ്ടത് അത്യാവശ്യമാണ്.
അബുദാബിയിലെ യുഎസ് എംബസിയും ദുബായിലെ യുഎസ് കോൺസുലേറ്റ് ജനറലുമാണ് യുഎഇ നിവാസികൾക്കുള്ള വീസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത്. എന്നാൽ അഭിമുഖങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിലെ കാലതാമസത്തെ തുടർന്ന് ആളുകൾക്ക് യുഎസ് വീസ ലഭിക്കാൻ സമയമെടുക്കുന്നു.
അഭിമുഖങ്ങളിൽ പങ്കെടുക്കുന്നവർ ഷെഡ്യൂൾ ചെയ്ത സമയത്തിന് 15 മിനിറ്റ് മുമ്പ് കോൺസുലാർ സെക്ഷനിൽ എത്തിച്ചേരാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ, 14 വയസ്സിന് താഴെയുള്ള കുട്ടികൾ വീസ അഭിമുഖങ്ങളിൽ പങ്കെടുക്കേണ്ടതില്ല. എന്നാൽ കുട്ടികളെ കൊണ്ടുവരാൻ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ വ്യക്തമായ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ കുട്ടികൾ ഹാജരാകണം.