വിവാദമുണ്ടാക്കി സിനിമ ചെയ്യേണ്ട ആവശ്യമില്ല, ആ സംഭവം കൃത്യമായ ക്ലൈമാക്സോടെ പര്യവസാനിച്ചു: ആസിഫ് അലി
Mail This Article
ദുബായ്∙ വിവാദമുണ്ടാക്കി സ്വന്തം സിനിമ പ്രമോട്ട് ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും അങ്ങനെയൊള്ള ഒരു വ്യക്തിയല്ല താനെന്നും നടൻ ആസിഫ് അലി. സംഗീതസംവിധായകനായ രമേശ് നാരായണനുമായുണ്ടായ സംഭവം വിവാദത്തിന് സാധ്യത പോലുമില്ലാത്ത ഒന്നാണ്. അതങ്ങനെ സംഭവിച്ചുപോയി. എന്‍റെ അറിവിനും ബുദ്ധിക്കും തോന്നിയ രീതിയിലാണ് ഞാനതിനോട് പ്രതികരിച്ചത്. അതെന്‍റെ ശരിമാത്രമാണ്. കാണുന്നവർക്ക് അത് അവരുടെ കാഴ്ചപ്പാടിലൂടെ വിലയിരുത്താം. ആ സംഭവം കൃത്യമായ ക്ലൈമാക്സോടെ പര്യവസാനിച്ചു.
ഒരുദിവസം രാവിലെ ഉറങ്ങിയെണീക്കുമ്പോഴാണ് ഞാനും അതിത്ര വലിയൊരു സംഭവമായി മാറിയ കാര്യം അറിഞ്ഞത്. ആ സംഭവത്തോടെ എന്‍റെ സിനിമയ്ക്ക് ഒരാൾ കൂടുതൽ കയറുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ഈ വിഷയത്തിൽ പ്രേക്ഷകർ തന്ന പിന്തുണ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. പണ്ട് റോഷാക്ക് എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുഖംമൂടിയിട്ടിരുന്ന എന്‍റെ കണ്ണുകൾ കണ്ട് പ്രേക്ഷകർ തിരിച്ചറിഞ്ഞു. എന്‍റെ കണ്ണ് കണ്ടാലും ഇന്ന് മലയാളിക്ക് മനസിലാകും എന്ന് തിരിച്ചറിവ് ജീവിതത്തിലെ വലിയൊരു അംഗീകാരമായി കരുതുന്നു.
എനിക്കൊരു വിഷമമുണ്ടായി എന്ന് അറിഞ്ഞ് എന്നെ സാന്ത്വനിപ്പിക്കാൻ ആളുകൾ കാണിച്ച സന്മനസ്സിനെ ഏറെ വിലമതിക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞു. ഈ സംഭവത്തിന് ശേഷം ദുബായിലെ ബോട്ടിനും നാട്ടിൽ ഒരു ഓട്ടോറിക്ഷയ്ക്കും കുഞ്ഞിനും തന്‍റെ പേരിട്ട കാര്യവും ആസിഫ് അലി വിശദീകരിച്ചു. ദുബായിൽ തന്‍റെ പുതിയ ചിത്രമായ അഡിയോസ് അമിഗോയുടെ ഗൾഫ് റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരാജ് വെഞ്ഞാറുമൂടുമായി ഏറെ കാലമായി നല്ല സൗഹൃദമുണ്ടെങ്കിലും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത് എന്നത് ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുപോലെ അത്ഭുതമായിരുന്നു. രണ്ട് അപരിചിതരുടെ കണ്ടുമുട്ടലും അതേത്തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ ട്രാവൽ മൂവിയിലൂടെ പറയുന്നത്. ലെവൽക്രോസിങ്ങിലെയും അഡിയോസ് അമിഗോയിലെയും കഥാപാത്രങ്ങൾ തമ്മിൽ വളരെയേറെ വ്യത്യസ്തമാണ്. അതുകൊണ്ട് പ്രേക്ഷകർ എന്‍റെ കഥാപാത്രങ്ങളെ മുൻവിധിയോടെ കാണില്ലെന്നാണ് ഞാൻ കരുതുന്നത്. കോവിഡ്19ന് ശേഷം മലയാള സിനിമയ്ക്കും അഭിനേതാക്കൾക്കും ലോകത്തെങ്ങുനിന്നും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ആസിഫലി പറഞ്ഞു.
അഡിയോസ് അമിഗോയിലെ കഥാപാത്രത്തിലൂടെ പഴയ തമാശക്കാരനായ തന്‍റെ തിരിച്ചുവരവ് പ്രേക്ഷകർക്ക് കാണാമെന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. എന്നാൽ പഴയ കാലത്തെ കോമഡിപോലെയല്ല, ഈ ചിത്രത്തിൽ സിറ്റ്വേഷൻ കോമഡിയാണ് ഉള്ളത്. ദശമൂലം ദാമു പോലുള്ള കാരിക്കേച്ചർ സ്വഭാവമുള്ള കഥാപാത്രമല്ല ഇതിലേത്. തിരക്കഥാകൃത്ത് തങ്കത്തിന്‍റെ ചില ജീവിതാനുഭവങ്ങൾ കോർത്തിണക്കിയാണ് തിരക്കഥ തയ്യാറാക്കിയത്. ഞാൻ തങ്കത്തിന്‍റെ റോൾ അവതരിപ്പിക്കുന്നു.
വെബ് സീരീസ്, സിനിമ എന്നിവയിലെ അഭിനയവും മേയ്ക്കിങ്ങും ഒരിക്കലും വ്യത്യസ്തമല്ലെന്നും രണ്ടും ഒരുപോലെ മാത്രമേ തനിക്ക് തോന്നിയിട്ടുള്ളൂവെന്നും സുരാജ് പറഞ്ഞു. കഥാപാത്രം എന്താണ് ആവശ്യപ്പെടുന്നു എന്നത് മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ. സിനിമ ചെയ്യുന്നത് പോലെ തന്നെയാണ് നാഗേന്ദ്രന്‍റെ ഹണിമൂൺസ് എന്ന വെബ് സീരീസും നിഥിൻ രൺജിപണിക്കർ സംവിധാനം ചെയ്തിട്ടുള്ളത്. വെബ് സീരീസാകുമ്പോൾ അത് അരമണിക്കൂർ വീതം മുറിച്ചുമാറ്റുകയും ഓരോ എപിസോഡ് തീരുമ്പോഴും അതിനൊരു പഞ്ചുണ്ടാക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂവെന്നും എന്നും അദ്ദേഹം പറഞ്ഞു.
എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ ഇഷ്ടപ്പെടുത്തുന്ന വിനോദചിത്രമാണ് അഡിയോസ് അമിഗോയെന്ന് സംവിധായകൻ നഹാസ് നാസർ, തിരക്കഥാകൃത്ത് തങ്കം എന്നിവർ പറഞ്ഞു. ഓഗസ്റ്റ് 2ന് കേരളത്തോടൊപ്പം ഗൾഫിലും അഡിയോസ് അമിഗോ റിലീസ് ചെയ്യും.