ദുബായ് ഭരണാധികാരി നേരിട്ട് പാസ്പോർട്ട് നൽകി ആദരിച്ച മലയാളി; ഷെയ്ഖ് മുഹമ്മദുമായി അടുത്ത ബന്ധം, യുഎഇയ്ക്ക് ഒപ്പം സഞ്ചരിച്ച കാസിം
Mail This Article
ദുബായ് ∙ യുഎഇ രൂപീകരണത്തിന് മുൻപേ മണലാരണ്യത്തിലെത്തിയ മലയാളി; അരനൂറ്റാണ്ടിലേറെ ഈ രാജ്യത്തിന് വേണ്ടി സേവനം ചെയ്ത്, ഒടുവിൽ ഇവിടുത്തെ പൗരനായി അഭിമാനത്തോടെ വിടപറച്ചിൽ. യുഎഇ പൗരത്വം നൽകി ആദരിച്ച തിരുവനന്തപുരം ചിറയിൻകീഴ് പെരുംങ്ങുഴി സ്വദേശി കാസിം പിള്ള (81) ഹൃദയാഘാതം മൂലം ദുബായ് സിലിക്കൻ ഒയാസിസിലെ വസതിയിൽ വ്യാഴാഴ്ചയാണ് അന്തരിച്ചത്. ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വിദേശത്തുള്ള മക്കള്‍ ദുബായിലെത്തിയ ശേഷം മുഹൈസിന മെഡിക്കൽ സെന്ററിലെത്തിച്ച് ഉച്ചയ്ക്ക് ശേഷം മൂന്നിന് എംബാമിങ് നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒടുവിൽ അൽ ഖൂസ് ഖബർസ്ഥാനിലെ ആറടിമണ്ണിൽ അദ്ദേഹത്തെ അടക്കം ചെയ്യുമ്പോൾ യുഎഇയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ആ വലിയ ജീവിതത്തിന് പര്യവസാനം.
ദുബായ് കസ്റ്റംസ് തലവനായി 50 വർഷത്തിലേറെ ജോലി ചെയ്ത കാസിമിന് മഹത്‌സേവനം മാനിച്ചാണ് പൗരത്വം നൽകിയത്. ദുബായ് ഭരണാധികാരി നേരിട്ട് യുഎഇ പാസ്പോർട്ട് നൽകി ആദരിക്കുകയായിരുന്നു.
നാട്ടിലെ ഗൾഫുകാരനെ കണ്ട് കൊതിച്ചു; പ്രവാസിയായി
1944 ൽ ജനിച്ച കാസിം പിള്ള ബിരുദ പഠനത്തിന് ശേഷം ഒരിക്കൽ നാട്ടുകാരനായ ഒരു യുഎഇ പ്രവാസിയെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ ജീവിതശൈലിയും വേഷഭൂഷാധികളും കണ്ടിഷ്ടപ്പെട്ട് പ്രവാസിയാകാൻ തീരുമാനിക്കുകയുമായിരുന്നു. 1963ലായിരുന്നു കാസിം പിള്ള യുഎഇയിലെത്തിയത്. അന്നത്തെ ബോംബെയിൽ നിന്ന് ദ്വാരക എന്ന കപ്പലിൽ ഖോർഫുക്കാനിൽ വന്നിറങ്ങി. അന്ന് യുഎഇ ചെറു നാട്ടുരാജ്യങ്ങളായി ബ്രിട്ടിഷ് ഭരണത്തിൻ കീഴിലായിരുന്നു. ബ്രിട്ടിഷുകാരുടെ ഒരു ഒാഫിസിൽ തന്നെ ചെറിയൊരു ജോലിയും ലഭിച്ചു. പിന്നീട് 14 മാസം കഴിഞ്ഞപ്പോൾ ദുബായ് പോർട് ആൻഡ് കസ്റ്റംസിൽ ഉദ്യോഗസ്ഥനായി. അന്ന് ദുബായിയുടെ പ്രധാന വരുമാനസ്രോതസ്സുകളിലൊന്ന് പോർട് ആൻഡ് കസ്റ്റംസായിരുന്നു. തന്റെ മിടുക്കുകൊണ്ട് ദുബായ‌്ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുത്ത കാസിമിന് അന്നത്തെ ദുബായ് ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സഇൗദ് അൽ മക്തൂമുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. പിന്നീട്അദ്ദേഹത്തിന്റെ പുത്രനും ഇന്നത്തെ യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി ആ ബന്ധം തുടർന്നു. ഡിപി വേൾഡിന്റെ ചെയർമാനും ചീഫ് എക്സിക്യുട്ടീവ് ഒാഫിസറും പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോണ്‍ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ അഹമദ് ബിൻ സുലായമുമായി ആത്മാർഥ ബന്ധമാണുണ്ടായിരുന്നത്.
നന്നായി അറബിക് സംസാരിക്കാനറിയാമായിരുന്ന കാസിം പിള്ള കസ്റ്റംസിന്റെ നേതൃനിരയിലുമെത്തി. ദുബായിയുടെ വളർച്ചയ്ക്ക് വലിയ രീതിയിൽ അദ്ദേഹം സംഭാവന നൽകി. 2006ല്‍ കസ്റ്റംസ് ഉദ്യോഗത്തിൽ നിന്ന് വിരമിക്കുംവരെ സേവനം തുടർന്നു. 2008ലായിരുന്നു കസ്റ്റംസിന് നൽകിയ വിലമതിക്കാനാകാത്ത സേവനം മാനിച്ച് കാസിമിന് യുഎഇ പാസ്പോർട് നൽകിയത്. മാത്രമല്ല, റിട്ടയറായെങ്കിലും അധികൃതരുടെ അഭ്യർഥനപ്രകാരം 2 വർഷം കൂടി സേവനം തുടരുകയും ചെയ്തു. പിന്നീട് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ദുബായിൽ ഒതുങ്ങിയ ജീവിതം; പരസഹായി
പ്രകൃതം കൊണ്ടും ഉദ്യോഗത്തിന്റെ പ്രത്യേകതകളും കൊണ്ടുമായിരിക്കണം, കാസിം പിള്ള ദുബായിൽ ഒതുങ്ങിയ ജീവിതമായിരുന്നു നയിച്ചിരുന്നത്. യുഎഇ പാസ്പോർട്ടുള്ള ഇങ്ങനെയൊരു മലയാളി ഇവിടെ ജീവിച്ചിരുന്നു എന്ന് അറിയാവുന്നവർ തന്നെ വളരെ കുറവായിരുന്നു. എങ്കിലും സ്വന്തം നാട്ടിലെ ഏതാവശ്യത്തിനും അദ്ദേഹം മുന്നിൽത്തന്നെ നിന്നിരുന്നായി ദുബായിൽ ബിസിനസുകാരനായ സഹോദരൻ സലീം പിള്ള മനോരമ ഒാൺലൈനോട് പറഞ്ഞു.
നാട്ടിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനും മറ്റു വികസനപ്രവർത്തനങ്ങൾക്കും അദ്ദേഹം മുന്‍കൈയെടുത്തു. സ്വന്തം മൂല്യങ്ങൾ ബലികഴിച്ചുള്ള യാതൊന്നിനും കാസിം പിള്ള ഒരുക്കമല്ലായിരുന്നു. എല്ലാ കാര്യത്തിലും നേരേ വാ നേരേ പോ പ്രകൃതം.
പതിനാല് മക്കളിലൊരാൾ; സ്നേഹസമ്പന്നൻ
പരേതരായ എൻ.ഇസ്മായീൽപിള്ള–ഹാജറാ ബീവി ദമ്പതികളുടെ പതിനാല് മക്കളിലൊരാളായിരുന്നു കാസിം പിള്ള. ഇതിൽ സൈനം ബീവി, മുഹമ്മദ് ഹനീഫ, ഷാഹുൽ ഹമീദ്, ഷംസുദ്ദീൻ, ഷംനാദ് എന്നീ സഹോദരങ്ങൾ നേരത്തെ മരിച്ചു. നഫീസ ബീവി, െഎഷാ ബീവി, ജമീലാ ബീവി, അബ്ദുൽ അസീസ്, സലിം ഇസ്മായീൽ, സുബൈദാ ബീവി, ഷാജഹാൻ, ഷഫീഖ് എന്നിവരാണ് മറ്റു സഹോദരങ്ങൾ. സ്വാലിഹത്ത് കാസിമാണ് ഭാര്യ. മക്കൾ : സൈറ (ഇന്തോനീഷ്യ), സൈമ (ന്യൂസീലൻഡ്), ഡോ. സുഹൈൽ (അമേരിക്ക).