വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു ; 11 സഹോദരങ്ങൾക്കും വീട് വാങ്ങി നൽകി മാർലിന്റെ ‘പ്രതികാരം’
Mail This Article
ദുബായ്∙ ഫിലിപ്പീൻസിലെ പാമ്പങ്ങ് പ്രവിശ്യയിൽ നിന്നുള്ള ഒരു സാധാരണക്കാരിയാണ് മാർലിൻ ഫ്ലോറസ് കാസ്ട്രോ. എന്നാൽ അവരുടെ ജീവിതം അസാധാരണമായ സഹോദര സ്നേഹത്തിന്‍റെ വിജയഗാഥയാണ്. 11 സഹോദരങ്ങളോടൊപ്പം വളർന്ന മാർലിൻ, കുടുംബവീട്ടിൽ നിന്ന് തങ്ങൾ പുറത്താക്കപ്പെട്ട ദിവസം ഒരിക്കലും മറക്കില്ല. അന്നത്തെ അനുഭവമാണ് തനിക്കും സഹോദരങ്ങൾക്കും തലയ്ക്ക് മുകളിൽ മേൽക്കൂരയുണ്ടാകുമെന്ന് ആഗ്രഹത്തിന് ഇന്ന് യുഎഇയിൽ പ്രവാസിയായ മാർലിൻ ഫ്ലോറസ് കാസ്ട്രോയുടെ മനസ്സിൽ വിത്തിട്ടത്.
‘‘ഭവനരഹിതരാകുന്നത് എങ്ങനെയെന്ന് ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്, അതിനാൽ സഹോദരങ്ങൾക്ക്, 11 പേർക്കും സ്വന്തമായി വീടും സ്ഥലവും ഉണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഞാൻ സ്വയം ഏറ്റെടുത്തു. 'എനിക്ക് ജോലി ലഭിച്ചുകഴിഞ്ഞാൽ ഭൂസ്വത്ത് സമ്പാദിക്കുന്നതിന് മുൻഗണന നൽകുമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു’’ – ഇന്ന് 45 വയസ്സുള്ള മാർലിൻ പറയുന്നു.
∙ വീട് നഷ്ടപ്പെടുന്നു
1990-കളിലാണ് മാർലിൻ ഫ്ലോറസ് കാസ്ട്രോയുടെ കുടുംബത്തിന് വീട് നഷ്ടപ്പെട്ടത്. പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും, തങ്ങൾ അനുഭവിക്കേണ്ടി വന്ന യാതനകൾ മാർലിൻ ഫ്ലോറസ് കാസ്ട്രോയുടെ മനസ്സിൽ ഇന്നും തീവ്രതയോടെ നിലനിൽക്കുകയാണ് . സ്വന്തം പേരിൽ സ്ഥലം ഇല്ലാതിരുന്നതിനാൽ, അവർ താമസിച്ചിരുന്ന സ്ഥലത്തിന്‍റെ ഉടമ വന്നപ്പോഴാണ് കുടുംബത്തിന് വീട് ഒഴിഞ്ഞ് പോകേണ്ടി വന്നത്.
തുടർന്ന് ബന്ധുക്കളുടെ വീടുകളിൽ മാറി മാറി താമസിച്ചു. അധികകാലം അവരെ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. “ഞങ്ങൾ അമ്മൂമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ യഥാർഥത്തിൽ, ആരാണ് ഞങ്ങളെ 12 പേരെയും ഏറ്റെടുക്കു കഴിയുക?” ഈ ചോദ്യം മാർലിനെ അലട്ടി.
പിന്നീട് 100 ചതുരശ്ര മീറ്റർ വീസ്തീർണ്ണമുള്ള ഒരു വീട് വാടകയ്ക്കെടുത്തു. 70,000 ഫിലിപ്പൈൻ പെസോ അതായത് 4,400 ദിർഹമായിരുന്നു വാടക. പഠനത്തിനുള്ള ഫീസ് കണ്ടെത്തുന്നതിനായി 14–ാം വയസ്സ് മുതൽ റസ്റ്ററന്‍റിൽ ജോലി ചെയ്തു മാർലിൻ.
“സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വന്നത്. എല്ലാ കുട്ടികളെയും സ്കൂളിൽ അയയ്ക്കാൻ മാതാപിതാക്കൾ വളരെ ബുദ്ധിമുട്ടി. അതിനാൽ, സ്കോളർഷിപ്പിലൂടെ പഠനം പൂർത്തിയാക്കാനുള്ള വഴികൾ എനിക്ക് കണ്ടെത്തേണ്ടതുണ്ടായി,” ബിസിനസിലും ഫിനാൻസിലും ബിരുദം നേടിയ മാർലിൻ പറഞ്ഞു.
∙ ദുബായ് ജീവിതം
ടൂറിസ്റ്റ് വീസയിൽ 2005 മാർച്ച് 31 ന് ദുബായിലേക്ക് പറന്ന മാർലിൻ ഒരു കെയർ ബോക്‌സ് കാർഗോ കമ്പനിയുടെ സെക്രട്ടറിയും ഓഫിസറും ആയി ജോലി നേടി. പ്രതിമാസം 1,000 ദിർഹം കൂടാതെ കുറച്ച് അലവൻസുകളും സമ്പാദിച്ചിരുന്നു.
“ഒൻപത് വർഷം സാധാരണ ലോജിസ്റ്റിക് ജീവനക്കാരായി പ്രവാസ ലോകത്ത് ചെലവഴിച്ചു. ഫുഡ് കാറ്ററിങ്, പാർട്ട് ടൈം ട്രാവൽ ഏജന്‍റ് എന്നിങ്ങനെയുള്ള ജോലികളും അധിക വരുമാനത്തിനായി ചെയ്തു. തുടർച്ചയായി അഞ്ച് മാസം ശമ്പളം ലഭിക്കാത്ത അനുഭവം എനിക്കുണ്ട്, പക്ഷേ ഞാൻ മുന്നോട്ട് പോയി. ഫിലിപ്പീൻസിലുള്ള കുടുംബം എന്നെ ആശ്രയിക്കുന്നതിനാൽ എനിക്ക് പണം സമ്പാദിക്കേണ്ടിവന്നു’’ – മാർലിൻ വ്യക്തമാക്കുന്നു.
പ്രതിമാസം 9,000 ദിർഹം സമ്പാദിക്കാൻ തുടങ്ങുന്നതുവരെ വരുമാനം കൂടുതൽ ലഭിക്കുന്ന ജോലികൾ ശ്രമിച്ച് കൊണ്ടിരുന്നു.
2008 ആയപ്പോഴേക്കും മാർലിൻ ആദ്യമായി നാട്ടിൽ വസ്തു വാങ്ങി. അഞ്ച് വർഷത്തിനുള്ളിൽ പണം പൂർണ്ണമായി അടച്ച് തീർക്കുന്ന തവണ വ്യവസ്ഥയിലാണ് ഏഞ്ചലസ് സിറ്റിയിലെ (പാമ്പങ്ങ്)സബ് ഡിവിഷനിൽ വസ്തുവാങ്ങി. 2018 ൽ ഈ വസ്തുവിൽ ഒരു മൂന്ന് നില വീട് നിർമിക്കുന്നതിനും മാർലിന് സാധിച്ചു.
∙ ബിസിനസ് ആരംഭിക്കുന്നു
ഒമ്പത് വർഷത്തിനുള്ളിൽ മൂന്ന് ലോജിസ്റ്റിക് കമ്പനികളിൽ മാർലിൻ ജോലി ചെയ്തു, ഇത് വ്യാപാരത്തിൽ വൈദഗ്ദ്ധ്യം നേടാൻ അവസരം നൽകി. ഒടുവിൽ ജോലി ഉപേക്ഷിച്ച് 2014 ൽ ഒരു ബിസിനസ് പങ്കാളിയുമായി ചേർന്ന് സ്വന്തം കമ്പനി ആരംഭിച്ചു.
“വ്യവസായത്തിലെ ഒൻപത് വർഷത്തെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി ഞാൻ ഒരു ബിസിനസ് തുടങ്ങാൻ തീരുമാനിച്ചു, ഒരു വിജയകരമായ ബിസിനസുകാരിയായാൽ മാത്രമേ എന്‍റെ കുടുംബത്തെയും മറ്റുള്ളവരെയും സഹായിക്കാൻ കഴിയൂ എന്ന് എനിക്കറിയാമായിരുന്നു, ”മാർലിൻ പറഞ്ഞു. കമ്പനിയുടെ വളർച്ച ദ്രുതഗതിയിലായിരുന്നു.
“ഞാൻ എന്‍റെ വരുമാനം ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി ചെലവഴിച്ചില്ല. ഞാൻ പണം ലാഭിച്ചു, എപ്പോഴും 'ഇൻവെസ്റ്റിങ് മോഡിൽ' ആയിരുന്നു. വളരെ ലളിതമായ ജീവിതമാണ് നയിച്ചിരുന്നത്. ആഡംബരമില്ല. ശമ്പളം ഒരു നിക്ഷേപ ഫണ്ടാക്കി മാറ്റാൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു.
ഫിലിപ്പൈൻസിൽ ഡെലിവറി ട്രക്കുകൾ വാങ്ങി. അവിടെയും പ്രവർത്തനം തുടങ്ങി. യുഎഇയിലെ ബിസിനസ് വിപുലീകരണത്തിന് പുറമെയായിരുന്ന ഫിലിപ്പൈൻസിലെ പ്രവർത്തനങ്ങൾ രാജ്യത്തുടനീളമുള്ള കെയർ ബോക്സുകളുടെ വിതരണം കൈകാര്യം ചെയ്യുന്നതിലൂടെ ദുബായ് ആസ്ഥാനമായുള്ള ലോജിസ്റ്റിക്സ് എന്‍റർപ്രൈസസിന്‍റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫിലിപ്പീൻസിൽ ഒരു സാറ്റലൈറ്റ് ഓഫിസും ആരംഭിച്ചു. ഇന്ന് സ്വദേശത്ത് രാജ്യാന്തര ഡോനട്ട് ശൃംഖലയുടെ 15 ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകളും മാർലിന് സ്വന്തമാണ്.
∙ വാഗ്ദാനം പാലിക്കുന്നു
ഈ സമയത്തും മാർലിൻ തന്‍റെ സഹോദരങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2021 ആകുമ്പോഴേക്കും അവർക്കായി വീടുകൾ വാങ്ങുകയായിരുന്നു. മബാലക്കാറ്റ്, ഏഞ്ചൽസ് സിറ്റി, ഫ്ലോറിഡബാങ്ക, മഗലാങ് എന്നിവിടങ്ങളിൽ ഉൾപ്പെടെ പാമ്പങ്ങ് പ്രവിശ്യയിൽ 2023-ഓടെ, 12 സഹോദരങ്ങൾക്കും വീട് മാർലിൻ യഥാർഥ്യമാക്കി.
കമ്പനിയുടെ ഏക ഉടമസ്ഥാവകാശം മാർലിന് വിട്ടുകൊടുത്ത് കൊണ്ട് ബിസിനസ് പങ്കാളി കഴിഞ്ഞ വർഷം വിരമിച്ചു. ഇന്ന് കമ്പനിയുടെ കീഴിലെ വിവിധ സ്ഥാപനങ്ങളിലായി 400 ജീവനക്കാരുണ്ട് - ദുബായിൽ 140 ഉം ഫിലിപ്പീൻസിൽ 260 ഉം.